Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയിൽ തുടക്കം; ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഇരു ടീമുകളും; ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ കോലിയും സംഘവും; ഇംഗ്ലണ്ടിന് തിരിച്ചടി; ഓപ്പണർ സാക്ക് ക്രൗളി പരുക്കേറ്റ് പുറത്ത്

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയിൽ തുടക്കം; ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഇരു ടീമുകളും; ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ കോലിയും സംഘവും; ഇംഗ്ലണ്ടിന് തിരിച്ചടി; ഓപ്പണർ സാക്ക് ക്രൗളി പരുക്കേറ്റ് പുറത്ത്

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും പോരാട്ടത്തിനിറങ്ങുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് വെള്ളിയാഴ്ച രാവിലെ 9.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

ഓസ്ട്രേലിയയ്ക്കെതിരേ ചരിത്രവിജയം നേടിയ ടീമിൽ ഇല്ലാതിരുന്ന വിരാട് കോലി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, ആർ. അശ്വിൻ എന്നിവർ തിരിച്ചെത്തിയതോടെ ടീം ഇന്ത്യയുടെ കരുത്ത് കൂടി. ഇപ്പോൾ അന്തിമ ഇലവനിൽ ആരെയൊക്കെ കളിപ്പിക്കണം എന്നതായി ആലോചന. ബാറ്റിങ്ങിൽ, വിരാട് കോലി തിരിച്ചെത്തിയതാണ് ഇന്ത്യൻ ടീമിലെ വലിയ മാറ്റം.

ഓസീസിനെതിരായ പരമ്പര വിജയത്തിൽ പ്രധാന പങ്കുവഹിച്ച പേസർ മുഹമ്മദ് സിറാജിന്റെ സ്ഥാനംപോലും സംശയത്തിലാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് വിഭാഗത്തിൽ പിന്നെ ഒരു ഒഴിവിലേക്ക് സിറാജും ഇഷാന്ത് ശർമയും മത്സരിക്കുന്നു.

സ്പിൻ ശക്തി എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് ആലോചന തുടരുന്നത്. അശ്വിനൊപ്പം മറ്റു രണ്ടു സ്ഥാനങ്ങൾക്കായി ഇടംകൈയൻ സ്പിന്നർമാരായ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവരും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും മത്സരിക്കുന്നു.

ഈ പിച്ചിൽ ആദ്യദിവസങ്ങളിൽ ബാറ്റിങ്ങിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല, അവസാനഘട്ടത്തിൽ സ്പിന്നർമാർ പിടിമുറുക്കും എന്നാണ് പ്രവചനം. അതുകൊണ്ട് ആസൂത്രണത്തിന്റെ പണിപ്പുരയിലാണ് ഇരുടീമുകളും.

ഇംഗ്ലണ്ടിന് ഇടംകൈയൻ സ്പിൻ കളിക്കുന്നതിൽ വലിയ പരിമിതിയുണ്ട്. ഈയിടെനടന്ന ടെസ്റ്റിൽ ലങ്കയുടെ ഇടംകൈൻ സ്പിന്നർ ലസിത് എംബുൾദെനിയ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ കഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ചൈനാമെൻ ബൗളറായ കുൽദീപ് ഇലവനിലെത്താൻ കൂടുതൽ സാധ്യതയുണ്ട്.

പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ ഓപ്പണിങ് ബാറ്റ്സ്മാൻ സാക്ക് ക്രൗളി വീണ് പരുക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പരിശീലനത്തിനായി മുറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലെ മാർബിൾ തറയിൽ തെന്നി വീണാണ് ക്രൗളിക്ക് പരിക്കേറ്റത്.

സ്‌കാനിങ്ങിൽ താരത്തിന്റെ വലത് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. ഇതോടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ താരത്തിന് കളിക്കാനാകില്ല.ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ശതമാനത്തിൽ ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ (71.7 ശതമാനം). തുടർന്ന് ന്യൂസീലൻഡ് (70), ഓസ്‌ട്രേലിയ (69.2), ഇംഗ്ലണ്ട് (68.7) ടീമുകളും. ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തിൽനിന്ന് ഓസ്‌ട്രേലിയൻ ടീം പിന്മാറിയതോടെ ന്യൂസീലൻഡ് രണ്ടാംസ്ഥാനം ഉറപ്പിച്ച് ഫൈനലിന് യോഗ്യത നേടിയിരുന്നു.

കോവിഡ് രൂക്ഷമായ രാജ്യത്തേക്ക് പോകുന്നതിലെ അപകടസാധ്യത ഏറ്റെടുക്കാനാകാത്തതുകൊണ്ടാണ് പിന്മാറ്റമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെയാണ് പ്രഥമ ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസീലൻഡ് മാറിയത്. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി അടുത്തമാസമാണ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു ടെസ്റ്റുകൾ നടക്കേണ്ടിയിരുന്നത്.

പ്രാഥമികറൗണ്ടിൽ ഇനി മത്സരമില്ലാത്തതുകൊണ്ടാണ് ന്യൂസിലൻഡ് രണ്ടാംസ്ഥാനം ഉറപ്പിച്ച്് ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീമിനെ നിർണയിക്കുക. ജൂണിൽ ലോർഡ്‌സിലാണ് ഫൈനൽ.

നിലവിലത്തെ സ്ഥിതിയിൽ ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാൻ ഏറ്റവും സാധ്യത ഇന്ത്യയ്ക്കാണ്. ഇംഗ്ലണ്ടിനെതിരേ 4-0, 3-0, 3-1, 2-0, 2-1 എന്നീ മാർജിനുകളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യ കിരീടപോരാട്ടത്തിന് യോഗ്യതനേടും. എന്നാൽ ഇന്ത്യയ്‌ക്കെതിരേ 4-0, 3-0, 3-1 എന്നീ മാർജിനിൽ ജയിച്ചാൽ ഇംഗ്ലണ്ട് ഫൈനലിലെത്തും. ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിൽ അവസാനിച്ചാൽ മാത്രമേ അവസരം തെളിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP