Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇംഗ്ലണ്ട്; അഞ്ചാം ട്വന്റി 20യിൽ സന്ദർശകരെ കീഴടക്കിയത് 36 റൺസിന്; തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേട്ടവുമായി കോലിയും സംഘവും; നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ ഭുവനേശ്വർ കുമാർ കളിയിലെ താരം; ഇന്ത്യൻ ജയത്തിൽ നിർണായകമായത് രോഹിത് - കോലി ഓപ്പണിങ് സഖ്യം

ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇംഗ്ലണ്ട്; അഞ്ചാം ട്വന്റി 20യിൽ സന്ദർശകരെ കീഴടക്കിയത് 36 റൺസിന്; തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേട്ടവുമായി കോലിയും സംഘവും; നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ ഭുവനേശ്വർ കുമാർ കളിയിലെ താരം; ഇന്ത്യൻ ജയത്തിൽ നിർണായകമായത് രോഹിത് - കോലി ഓപ്പണിങ് സഖ്യം

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിൽ 36 റൺസിന്റെ തകർപ്പൻ ജയത്തോടെ പരമ്പര ഇന്ത്യയ്ക്ക്. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോർ: ഇന്ത്യ 20 ഓവറിൽ രണ്ടിന് 224. ഇംഗ്ലണ്ട് 20 ഓവറിൽ എട്ടിന് 188. ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മൂന്നു മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങൾ സ്വന്തമാക്കി.

68 റൺസെടുത്ത ഡേവിഡ് മാലനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. കുറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഭുവനേശ്വർ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി ഭുവനേശ്വർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. ഷാർദുൽ താക്കൂർ മൂന്നും ഹാർദിക് പാണ്ഡ്യ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.

അക്കൗണ്ട് തുറക്കും മുൻപ് ഓപ്പണർ ജേസൺ റോയിയെ പുറത്താക്കി ഭുവനേശ്വർ കുമാർ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. റോയ്ക്ക് പകരം ക്രീസിലെത്തിയ ഡേവിഡ് മലാൻ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി വരവറിയിച്ചു. പിന്നാലെ ജോസ് ബട്ലറും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ വിയർത്തു. വെറും 4.3 ഓവറിൽ ഇംഗ്ലണ്ട് സ്‌കോർ 50 പിന്നിട്ടു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും മലാൻ-ബട്ലർ കൂട്ടുകെട്ട് പൊളിക്കാൻ കോലിക്ക് സാധിച്ചില്ല.

9.2 ഓവറിൽ ഇരുവരും ചേർന്ന് സ്‌കോർ 100 കടത്തി. സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. പിന്നാലെ മലാൻ അർധശതകം പൂർത്തിയാക്കി. 33 പന്തുകളിൽ നിന്നും എട്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് താരം അർധശതകം പൂർത്തിയാക്കിയത്.

മലാന് പുറകേ ബട്ലറും അർധശതകം നേടി. 30 പന്തുകളിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും സഹായത്തോടെയാണ് താരം അർധശതകം നേടിയത്.

ഈ മത്സരത്തിലെ ഇന്നിങ്സിന്റെ കരുത്തിൽ ട്വന്റി 20 യിൽ അതിവേഗത്തിൽ 1000 റൺസ് നേടുന്ന താരം എന്ന റെക്കോഡ് മലാൻ സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോഡാണ് താരം മറികടന്നത്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജോസ് ബട്ലർ ഡേവിഡ് മാലൻ സഖ്യം 129 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് ഭീഷണിയുയർത്തി. എന്നാൽ ജോസ് ബട്ലറിനെ വീഴ്‌ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് കാത്തിരുന്ന ബ്രേക്ക് സമ്മാനിച്ചു. 

13-ാം ഓവർ എറിഞ്ഞ ഭുവനേശ്വർ ആ ഓവറിൽ വെറും മൂന്ന് റൺസ് മാത്രം വഴങ്ങി ജോസ് ബട്ലറെ പുറത്താക്കി ഇംഗ്ലണ്ടിന്റെ നിർണായക വിക്കറ്റ് വീഴ്‌ത്തി. സിക്സടിക്കാനുള്ള ബട്ലറുടെ ശ്രമം പാളി. പന്ത് അനായാസം ഹാർദിക് പാണ്ഡ്യ കൈക്കലാക്കി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.

പിന്നാലെ ബൗൾ ചെയ്ത ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇംഗ്ലണ്ടിന് അവസാന ആറോവറിൽ വിജയിക്കാൻ 89 റൺസ് വേണം എന്ന അവസ്ഥയായി. 15-ാം ഓവറിലെ മൂന്നാം പന്തിൽ, മൂന്നുറൺസെടുത്ത ജോണി ബെയർസ്റ്റോയെ സൂര്യകുമാറിന്റെ കൈയിലെത്തിച്ച് ശാർദുൽ ഠാക്കൂർ ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് വീഴ്‌ത്തി.

അതേ ഓവറിലെ അവസാന പന്തിൽ അപകടകാരിയായ ഡേവിഡ് മലാന്റെ കുറ്റി പിഴുതെടുത്ത് ശാർദൂൽ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്‌ത്തി. 45 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 68 റൺസെടുത്താണ് താരം മടങ്ങിയത്.

തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗനെ (നാലുപന്തിൽ നിന്നും ഒരു റൺസ്) പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ 130 ന് ഒന്ന് എന്ന നിലയിൽ നിന്നും 142 ന് അഞ്ച് എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ട് വീണു.

പിന്നീട് ക്രീസിലെത്തിയ ക്രിസ് ജോർഡനും ബെൻ സ്റ്റോക്സിനും മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം വളരെ വലുതായിരുന്നു. 19-ാം ഓവറിലെ മൂന്നാം പന്തിൽ 14 റൺസെടുത്ത സ്റ്റോക്സിനെ പുറത്താക്കി നടരാജൻ ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റ് വീഴ്‌ത്തി. പിന്നാലെ വന്ന ആർച്ചർ (1) റൺ ഔട്ടായി. അവസാന ഓവറിൽ 11 റൺസെടുത്ത ക്രിസ് ജോർഡനെ ശാർദുൽ മടക്കി.

നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോലിയുടെയും ഓപ്പണർ രോഹിത് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.. കോലി 80 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ രോഹിത് 64 റൺസെടുത്തു.

39 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയും 32 റൺസെടുത്ത സൂര്യകുമാർ യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി 20 സ്‌കോറുമാണിത്.

കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ലൊകേഷ് രാഹുലിനെ ഒഴിവാക്കിയതോടെ രോഹിത്തിനൊപ്പം നായകൻ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. കോലിയും രോഹിതും ചേർന്ന് 5.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടത്തി. ബാറ്റിങ് പവർപ്ലേയിൽ 60 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.



34 പന്തിൽനിന്ന് നാലു ഫോറും അഞ്ച് സിക്‌സും സഹിതം 64 റൺസടിച്ച രോഹിത് ശർമയുടെ മിന്നൽ പ്രകടനമാണ് ഓപ്പണിങിലെ ഹൈലറ്റ്. അർധസെഞ്ചുറിക്കരികെ നൽകിയ ക്യാച്ച് അവസരം മാർക്ക് വുഡ് കൈവിട്ടു. സാം കറൻ എറിഞ്ഞ അതേ ഓവറിൽ സിക്സടിച്ച് രോഹിത് അർധസെഞ്ചുറി നേടി.
തൊട്ടടുത്ത ഓവറിൽ ബെൻ സ്റ്റോക്‌സിനെതിരെ തുടർച്ചയായ പന്തുകളിൽ സിക്‌സും ഫോറും നേടി കൂടുതൽ അപകടകാരിയായ രോഹിത്തിനെ, അതേ ഓവറിൽ സ്റ്റോക്‌സ് തന്നെ വീഴ്‌ത്തി. സ്റ്റോക്‌സിന്റെ പന്ത് സ്റ്റംപിലേക്ക് 'വലിച്ചിട്ട്' പുറത്താകുമ്പോൾ നാലു ഫോറും അഞ്ച് സിക്‌സും സഹിതം 34 പന്തിൽ 64 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.താരത്തിന്റെ 22-ാം ട്വന്റി 20 അർധസെഞ്ചുറിയാണിത്.

34 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത രോഹിത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒൻപതാം ഓവറിലെ അവസാന പന്തിൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. രോഹിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ തട്ടി. രോഹിത്തിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി.

രോഹിത് നിർത്തിയിടത്തുനിന്നും സൂര്യകുമാർ തുടങ്ങിയതോടെ ഇന്ത്യൻ സ്‌കോർ വീണ്ടും കുതിച്ചു. ആദ്യ 10 ഓവറിൽ 110 റൺസാണ് ഇന്ത്യ നേടിയത്. അനായാസേന തകർപ്പൻ ഷോട്ടുകൾ നിരത്തി സൂര്യകുമാർ യാദവും കോലിയും കളം നിറഞ്ഞു. ക്രിസ് ജോർഡൻ എറിഞ്ഞ 12-ാം ഓവറിലെ അവസാന മൂന്നു പന്തുകളും ബൗണ്ടറി പായിച്ച് സൂര്യകുമാർ തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ ആദിൽ റഷീദ് എറിഞ്ഞ 14-ാം ഓവറിലെ രണ്ടാം പന്തിൽ സൂര്യകുമാർ പുറത്തായി. തകർപ്പൻ ക്യാച്ചിലൂടെ ക്രിസ് ജോർഡനും ജേസൺ റോയിയും ചേർന്നാണ് താരത്തെ പുറത്താക്കിയത്. റഷീദിന്റെ പന്ത് സിക്സ് കടത്താൻ ശ്രമിച്ച സൂര്യകുമാറിന്റെ ഷോട്ട് ബൗണ്ടറിയിൽ നിന്നും ഒറ്റക്കൈ കൊണ്ട് ജോർഡൻ പിടിച്ചു. പക്ഷേ ഓടിയെത്തിയ താരത്തിന് പെട്ടന്ന് നിൽക്കാനായില്ല. നേരേ ബൗണ്ടറിയിലേക്ക് ഓടിക്കയറുകയായിരുന്ന ജോർഡൻ പന്ത് റോയിക്ക് കൈമാറി. താരം അത് അനായാസേന കൈയിലൊതുക്കി.

17 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 32 റൺസെടുത്തു. താരം പുറത്താവുമ്പോൾ 143 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.

സൂര്യകുമാറിന് പകരം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. വൈകാതെ 14.5 ഓവറിൽ ഇന്ത്യ 150 കടന്നു. പിന്നാലെ കോലി അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നും രണ്ട് സിക്സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയാണ് താരം അർധസെഞ്ചുറി നേടിയത്. താരത്തിന്റെ ട്വന്റി 20 കരിയറിലെ 28-ാം അർധസെഞ്ചുറിയാണിത്.

അവസാന ഓവറുകളിൽ കോലിയും ഹാർദിക്കും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറിൽ 200 കടന്നു. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോഡ് കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 52 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 80 റൺസെടുത്ത കോലിയും 17 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 39 റൺസെടുത്ത പാണ്ഡ്യയും പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP