Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ വേണ്ടത് 324 റൺസ്;പ്രതീക്ഷയായി പത്ത് വിക്കറ്റും ഒരു ദിവസവും കൈയിൽ ; ഓസ്‌ട്രേലിയ 294 റൺസിന് പുറത്ത്; മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്; അഞ്ചാം ദിനത്തിലും കളി മുടക്കാൻ മഴയെത്തുമെന്ന് പ്രവചനം

ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ വേണ്ടത് 324 റൺസ്;പ്രതീക്ഷയായി പത്ത് വിക്കറ്റും ഒരു ദിവസവും കൈയിൽ ;  ഓസ്‌ട്രേലിയ 294 റൺസിന് പുറത്ത്; മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്; അഞ്ചാം ദിനത്തിലും കളി മുടക്കാൻ മഴയെത്തുമെന്ന് പ്രവചനം

സ്പോർട്സ് ഡെസ്ക്

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 328 റൺസ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സിൽ 33 റൺസിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിങ്‌സിൽ 294 റൺസിന് ഇന്ത്യ പുറത്താക്കി. ഓസീസ് നിരയിൽ സ്റ്റീവ് സ്മിത്ത് അർധസെഞ്ചുറി നേടി. 74 പന്തുകൾ നേരിട്ട സ്മിത്ത് ഏഴു ഫോറുകൾ സഹിതം 55 റൺസെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ബോളറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ശാർദൂൽ താക്കൂറിന് നാല് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 1.5 ഓവറിൽ നാല് റൺസ് എടുത്തുനിൽക്കെ മഴയെത്തിയതോടെ നാലാം ദിനത്തിലെ കളി അവസാനിപ്പിച്ചു. രോഹിത് ശർമ നാലു റൺസോടെയും ശുഭ്മാൻ ഗിൽ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ. ഒരു ദിവസവും 10 വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 324 റൺസ് കൂടി വേണം. അഞ്ചാം ദിനവും ഇവിടെ മഴ പെയ്യുമെന്നാണ് പ്രവചനം.

മാർക്കസ് ഹാരിസ് (82 പന്തിൽ 38), ഡേവിഡ് വാർണർ (75 പന്തിൽ 48), മാർനസ് ലബുഷെയ്ൻ (22 പന്തിൽ 25), മാത്യു വെയ്ഡ് (0), കാമറൂൺ ഗ്രീൻ (90 പന്തിൽ 37), ടിം പെയ്ൻ (37 പന്തിൽ 27), പാറ്റ് കമ്മിൻസ് (51 പന്തിൽ പുറത്താകാതെ 28), മിച്ചൽ സ്റ്റാർക്ക് (ഒന്ന്), നേഥൻ ലയൺ (10 പന്തിൽ 13), ജോഷ് ഹെയ്‌സൽവുഡ് (11 പന്തിൽ ഒൻപത്) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ പ്രകടനം.

ഈ പരമ്പരയിലൂടെ രാജ്യാന്തര ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിറാജ്, 19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. ശാർദൂൽ താക്കൂർ 19 ഓവറിൽ 61 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. വാഷിങ്ടൻ സുന്ദറിനാണ് ശേഷിച്ച വിക്കറ്റ്.

ഓപ്പണിങ് വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത് മാർക്കസ് ഹാരിസ് - ഡേവിഡ് വാർണർ സഖ്യം ഓസീസിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 25 ഓവർ ക്രീസിൽനിന്നാണ് ഇരുവരും 89 റൺസ് സ്‌കോർ ബോർഡിലെത്തിച്ചത്. എന്നാൽ, 25-ാം ഓവറിന്റെ അവസാന പന്തിൽ മാർക്കസ് ഹാരിസിനെ ശാർദൂൽ താക്കൂർ പുറത്താക്കിയത് വഴിത്തിരിവായി. 82 പന്തിൽ എട്ട് ഫോറുകൾ സഹിതം 38 റൺസെടുത്ത ഹാരിസിനെ താക്കൂറിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്തു മടക്കി.

അവിടുന്നങ്ങോട്ട് വെറും 34 റൺസിനിടെ ഓസീസിന്റെ നാലു വിക്കറ്റ് പിഴുത ഇന്ത്യൻ ബോളർമാർ എതിരാളികളെ സമ്മർദ്ദത്തിലാക്കി. ഡേവിഡ് വാർണർ (75 പന്തിൽ ആറു ഫോറുകൾ സഹിതം 48), മാർനസ് ലബുഷെയ്ൻ (22 പന്തിൽ 25), മാത്യു വെയ്ഡ് (0) എന്നിവരാണ് പുറത്തായത്. പിന്നീട് അഞ്ചാം വിക്കറ്റിൽ കാമറൂൺ ഗ്രീനിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് (73) തീർത്ത സ്റ്റീവ് സ്മിത്താണ് ഓസീസിനെ താങ്ങിയത്. സ്‌കോർ 196ൽ നിൽക്കെ സ്മിത്തിനെ സിറാജ് മടക്കി.

ടിം പെയ്‌നൊപ്പം 31 റൺസ് കൂട്ടുകെട്ട് തീർത്തതിനു പിന്നാലെ കാമറൂൺ ഗ്രീനും പുറത്തായി. 90 പന്തിൽ മൂന്നു ഫോറുകൾ സഹിതം 37 റൺസെടുത്ത ഗ്രീനിനെ താക്കൂർ സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. സ്‌കോർ 242ൽ എത്തിയപ്പോൾ ടിം പെയ്‌നും മടങ്ങി. താക്കൂറിന്റെ പന്തിൽ ഇത്തവണ ക്യാച്ച് ഋഷഭ് പന്ത് വക. പിന്നീട് വാലറ്റക്കാർ ചേർന്ന് 52 റൺസ് കൂടി കൂട്ടിച്ചേർത്തോടെ ഓസീസ് സ്‌കോർ 294ൽ എത്തി.

ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 336 റൺസാണ് നേടിയത്. 6ന് 186 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പുതുമുഖങ്ങളായ വാഷിങ്ടൻ സുന്ദറും ശാർദൂൽ ഠാക്കൂറും 7-ാം വിക്കറ്റിൽ പടുത്തുയർത്തിയ റെക്കോർഡ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 3 വിക്കറ്റുകൾ വീതം നേടി ബോളിങ്ങിൽ തിളങ്ങിയ ഇരുവരും ഇന്നലെ അർധ സെഞ്ചുറികൾ സ്വന്തമാക്കി ഓൾറൗണ്ട് മികവു കാട്ടിയിരുന്നു. ശാർദൂൽ 67 ഉം വാഷിങ്ടനും 62 ഉം റൺസ് എടുത്തിരുന്നു. ഇരുവരുടേയും പ്രകടനത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP