Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ മൂന്നാം ദിനം കരുത്താർജിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 336 റൺസ്; തകർച്ചയിൽ നിന്ന് കരകയറ്റിയത് സുന്ദർ - ഷാർദുൽ സെഞ്ചുറി കൂട്ടുകെട്ട്; ഇരുവർക്കും അഭിനന്ദന പ്രവാഹം

ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ മൂന്നാം ദിനം  കരുത്താർജിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 336 റൺസ്;  തകർച്ചയിൽ നിന്ന് കരകയറ്റിയത് സുന്ദർ - ഷാർദുൽ സെഞ്ചുറി കൂട്ടുകെട്ട്; ഇരുവർക്കും അഭിനന്ദന പ്രവാഹം

സ്പോർട്സ് ഡെസ്ക്

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കണ്ടത് ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെന്ന നിലയിലായ ഇന്ത്യയെ സെഞ്ചുറി കൂട്ടുകെട്ടിലൂടെ വാഷിങ്ടൺ സുന്ദർ - ഷാർദുൽ താക്കൂർ സഖ്യമാണ് കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 300 കടത്താൻ സഹായിച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 336 റൺസിന് പുറത്തായി. 33 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.

മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിൽ. 20 റൺസുമായി ഡേവിഡ് വാർണറും ഒരു റണ്ണുമായി മാർക്കസ് ഹാരിസുമാണ് ക്രീസിൽ. ഓസീസിന് 54 റൺസ് ലീഡായി.

തന്റെ ആദ്യ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി നേടിയ വാഷിങ്ടൺ സുന്ദർ 144 പന്തുകളിൽ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 62 റൺസെടുത്തു. അതിനിടെ ടെസ്റ്റിലെ അരങ്ങേറ്റ ഇന്നിങ്‌സിൽ മൂന്നു വിക്കറ്റും അർധ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സുന്ദർ സ്വന്തമാക്കി.

115 പന്തുകൾ നേരിട്ട് രണ്ടു സിക്‌സും ഒമ്പത് ഫോറുമടക്കം 67 റൺസെടുത്ത ഷാർദുലിനെ പുറത്താക്കി കമ്മിൻസാണ് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഷാർദുലിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഓസീസ് സ്പിന്നർ നഥാൻ ലിയോണിനെ സിക്‌സറിന് പറത്തിയാണ് ഷാർദുൽ അർധ സെഞ്ചുറി തികച്ചത്.

ഗാബയിൽ ഏഴാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന നേട്ടവും ഈ സഖ്യം സ്വന്തം പേരിലാക്കി. 1991-ലെ കപിൽ ദേവ് - മനോജ് പ്രഭാകർ സഖ്യത്തിന്റെ നേട്ടമാണ് ഇവർ മറികടന്നത്.

മികച്ച ബാറ്റിങ് പുറത്തെടുത്ത വാഷിങ്ടൺ സുന്ദറിനെയും ഷാർദുൽ താക്കൂറിനെയും ക്യാപ്റ്റൻ വിരാട് കോലി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ ഇരുവരുടെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച കോലി, ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ ഇതാണെന്നും കൂട്ടിച്ചേർത്തു.
ഇരുവരുടേയും പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെ രംഗത്തെത്തി.
'ഈ പരമ്പരയിൽ ഇന്ത്യ എന്തായിരുന്നുവെന്നതിന്റെ രത്‌നച്ചുരുക്കമാണ് ഈ കൂട്ടുകെട്ട് (ഷാർദുൽ താക്കൂർ - വാഷിങ്ടൻ സുന്ദർ). തുടർച്ചയായി പ്രതീക്ഷയ്ക്കും അപ്പുറത്താണ് ഇന്ത്യയുടെ പ്രകടനം. അത് കണ്ടിരിക്കുന്നതു തന്നെ നല്ല രസമാണ്. ഇരുവരുടെയും പോരാട്ടവീര്യം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു' ഹർഷ ഭോഗ്ലെ പറഞ്ഞു.

കൂട്ടത്തകർച്ചയ്ക്കിടെ ക്രീസിൽ ഒരുമിച്ച ഇരുവരും 36.1 ഓവറാണ് ഓസീസിന്റെ ഒന്നാം നമ്പർ ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച് ക്രീസിൽനിന്നത്. 102-ാം ഓവറിൽ പിരിയുമ്പോഴേയ്ക്കും ഇരുവരും ഇന്ത്യയെ 300 കടത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 60 റൺസ് അടുത്തുവരെ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. ബ്രിസ്‌ബെയ്‌നിൽ ഇന്ത്യൻ ഇന്നിങ്‌സിൽ 50 കടന്ന ഏക കൂട്ടുകെട്ടു കൂടിയാണിത്.

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നെറ്റ് ബോളർമാരായി ടീമിനൊപ്പം എത്തിയ ഇവർക്ക്, അപ്രതീക്ഷിതമായാണ് ടെസ്റ്റ് ടീമിൽ ഇടംലഭിച്ചത്. പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഗത്യന്തരമില്ലാതെയാണ് ഇന്ത്യ താക്കൂറിന് നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിൽ ഇടം നൽകിയത്. വാഷിങ്ടൻ സുന്ദറിന് അരങ്ങേറ്റത്തിന് അവസരം നൽകിയതും അങ്ങനെ തന്നെ. ടീമിലേക്കുള്ള സ്വപ്നതുല്യമായ വരവ് ഇരുവരും മോശമാക്കിയില്ല. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 369 റൺസിന് പുറത്താകുമ്പോൾ കൂടുതൽ വിക്കറ്റ് പിഴുത കൂട്ടത്തിൽ ഇരുവരും ഇടംപിടിച്ചു. ടി.നടരാജനൊപ്പം ഇവർ മൂന്നു വിക്കറ്റ് വീതം പിഴുതു.

ഇതിനു ശേഷമാണ് ബാറ്റിങ്ങിലും അപ്രതീക്ഷിതമായി മിന്നും പ്രകടനവുമായി കളംനിറഞ്ഞത്. ഋഷഭ് പന്ത് പുറത്തായതോടെ ക്രീസിലെത്തിയ താക്കൂർ ലോക ഒന്നാം നമ്പർ ബോളർ പാറ്റ് കമ്മിൻസിനെതിരെ സിക്‌സറുമായാണ് അക്കൗണ്ട് തുറന്നത്. അർധസെഞ്ചുറി പിന്നിട്ടതാകട്ടെ, 100 ടെസ്റ്റ് കളിക്കുന്ന ഓസീസ് സ്പിന്നർ നഥാൻ ലയണിന്റെ പന്തിൽ മറ്റൊരു സിക്‌സറിലൂടെയും. 90 പന്തിൽ എട്ടു ഫോറും രണ്ടു സിക്‌സും സഹിതമാണ് ഷാർദുൽ താക്കൂറിന്റെ കന്നി അർധസെഞ്ചുറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 മാത്രം ശരാശരിയുള്ള താരമാണ് താക്കൂറെന്നതും മറക്കരുത്. ഇതിനു മുൻപ് താക്കൂർ കളിച്ചിട്ടുള്ളത് ഒരേയൊരു ടെസ്റ്റ് മാത്രം. 2018ൽ വെസ്റ്റിൻഡീസിനെതിരെ. അന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ബാറ്റിങ്ങിൽ സ്വന്തമാക്കിയത് 4 റൺസ് മാത്രം!

താക്കൂറിനു തൊട്ടുപിന്നാലെ 108 പന്തിൽ ഏഴു ഫോർ സഹിതമാണ് കന്നി ടെസ്റ്റ് ഇന്നിങ്‌സിൽത്തന്നെ സുന്ദറും അർധസെഞ്ചുറി പിന്നിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ട് ഏതാണ്ട് മൂന്നു വർഷം പിന്നിട്ട താരമാണ് വാഷിങ്ടൺ സുന്ദർ. മത്സരത്തിലാകെ നേടിയത് 144 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും സഹിതം 62 റൺസ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ ഇന്നിങ്‌സിൽ മൂന്നു വിക്കറ്റും അർധസെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് വാഷിങ്ടൻ സുന്ദർ. ഇതിനു മുൻപ് 1947-48 കാലത്ത് ദത്തു ഫഡ്കറാണ് സമാനമായ നേട്ടം സ്വന്തമാക്കിയത്. അന്ന് സിഡ്‌നിയിൽ ഓസീസിനെതിരെ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഫഡ്കർ, 51 റൺസുമെടുത്തിരുന്നു.

ഇതിനിടെ 177 പന്തിൽനിന്ന് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പൂർത്തിയാക്കി. ഈ പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളിൽനിന്നായി ആകെ 45.1 ഓവറിൽ ഏഴാം വിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ നേടിയത് 136 റൺസാണ്. അതും ഏഴ് ഇന്നിങ്‌സുകളിൽനിന്ന്. എന്നാൽ, ഈ മത്സരത്തിൽ മാത്രം 36.ത1 ഓവർ ക്രീസിൽനിന്ന സുന്ദർ - താക്കൂർ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 123 റൺസാണ് അടിച്ചുകൂട്ടിയത്.

ഓസീസിനായി ജോഷ് ഹെയ്‌സൽവുഡ് അഞ്ചു വിക്കറ്റുമായി തിളങ്ങി. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതമെടുത്തു.

മൂന്നാം ദിനം രണ്ടിന് 62 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാര (25), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (37), മായങ്ക് അഗർവാൾ (38), ഋഷഭ് പന്ത് (23) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP