Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഹ്‌ലിയും രാഹുലും സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോൾ മൂന്നാം ദിനം ഇന്ത്യയുടേതായി; അവസാന ഘട്ടത്തിലെ വിക്കറ്റുവീഴ്ച നെഞ്ചിടിപ്പിച്ചെങ്കിലും വിട്ടുകൊടുക്കാതെ ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയിലേക്ക്

കോഹ്‌ലിയും രാഹുലും സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോൾ മൂന്നാം ദിനം ഇന്ത്യയുടേതായി; അവസാന ഘട്ടത്തിലെ വിക്കറ്റുവീഴ്ച നെഞ്ചിടിപ്പിച്ചെങ്കിലും വിട്ടുകൊടുക്കാതെ ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയിലേക്ക്

സിഡ്‌നി: ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കളം നിറഞ്ഞപ്പോൾ നാലാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. കോഹ്‌ലിക്കു പുറമെ ഓപ്പണർ ലോകേഷ് രാഹുലും ടെസ്റ്റിലെ കന്നി സെഞ്ച്വറി കുറിച്ചതോടെ ഇന്ത്യ മികച്ച നിലയിലാണ്. അവസാനഘട്ടത്തിൽ വിക്കറ്റുകൾ ചെറിയ ഇടവേളകളിൽ വീണെങ്കിലും കോഹ്‌ലിയുടെ സാന്നിധ്യം ഇന്ത്യക്കു പ്രതീക്ഷയേകുന്നുണ്ട്. മത്സരം സമനിലയിലേക്കെന്ന സൂചനയാണ് മൂന്നാം ദിവസം നൽകുന്നത്.

സിഡ്‌നി ടെസ്റ്റിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ചിന് 342 റണ്ണെന്ന നിലയിലാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 140 റണ്ണോടെയും വൃദ്ധിമാന്‍ സാഹ 14 റണ്ണോടെയും ക്രീസിലുണ്ട്.

ഒരു വിക്കറ്റിന് 71 റണ്ണെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളത്തിൽ ഇറങ്ങിയത്. 40 റണ്ണുമായി ക്രീസിലുണ്ടായിരുന്ന രോഹിത് ശർമ അർധ സെഞ്ച്വറി തികച്ചതിനു പിന്നാലെ പുറത്തായി. 53 റണ്ണെടുത്ത രോഹിത്തിനെ നഥാൻ ലിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ വിരാട് കോഹ്‌ലി രാഹുലിനൊപ്പം ഉറച്ചുനിന്നതോടെ ഇന്ത്യക്കു പ്രതീക്ഷയായി. ക്യാപ്റ്റന്റെ സാന്നിധ്യത്തിൽ ലോകേഷ് രാഹുൽ തന്റെ കന്നി സെഞ്ച്വറി കുറിക്കുകയും ചെയ്തു. ആദ്യ ടെസ്റ്റിലെ നിറം മങ്ങിയ പ്രകടനത്തിന് ഉജ്വല സെഞ്ച്വറിയിലൂടെ പ്രായശ്ചിത്തം ചെയ്യാനും രാഹുലിനു കഴിഞ്ഞു. 262 പന്തിൽ 110 റണ്ണുമായി പുറത്താകുമ്പോൾ 13 ഫോറും ഒരു സിക്‌സും രാഹുലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. മിച്ചൽ സ്റ്റാർക്ക് സ്വന്തം പന്തിൽ രാഹുലിനെ പുറത്താക്കുകയായിരുന്നു. 141 റണ്ണിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ രാഹുലും കോഹ്‌ലിയും പടുത്തുയർത്തിയത്.

രാഹുൽ പുറത്തായതിനു പിന്നാലെ കോഹ്‌ലി സെഞ്ച്വറി നേട്ടത്തിലെത്തി. ടൂർണമെന്റിലെ നാലാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. നേരിട്ട 162-ാം പന്തിലാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്.

രാഹുലിനുശേഷം ക്രീസിലെത്തിയ അജിൻക്യ രഹാനെയ്ക്ക് അധിക സമയം പിടിച്ചുനിൽക്കാനായില്ല. 31 പന്തിൽ 13 റണ്ണെടുത്ത രഹാനെ ഷെയ്ൻ വാട്‌സന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിനു പിടികൊടുത്ത് സുരേഷ് റെയ്‌നയും മടങ്ങി. ഏറെ നാളിനുശേഷം ടെസ്റ്റ് ടീമിൽ ഇടംനേടിയ റെയ്‌ന റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് ഇന്ത്യയെ നിരാശയിലാഴ്‌ത്തി.

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയിൽ നാലു സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ വിദേശ കളിക്കാരനാണ് വിരാട് കോഹ്‌ലി. ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറിയാണ് ഇന്ന് സിഡ്‌നിയിൽ കോഹ്‌ലി കുറിച്ചത്. ഇതിൽ ആറും ഓസീസിനെതിരായാണ്. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റണ്ണെന്ന രാഹുൽ ദ്രാവിഡിന്റെ 619 റണ്ണിന്റെ റെക്കോർഡും കോഹ്‌ലി മറികടന്നു. ഇതുവരെ 639 റൺ ഈ പരമ്പരയിൽ കോഹ്‌ലി നേടിക്കഴിഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഏറ്റവും കൂടുതൽ റണ്ണെന്ന ഡോൺ ബ്രാഡ്മാന്റെ 715 റണ്ണിന്റെ റെക്കോർഡിലേക്കു കോഹ്‌ലിക്കൊപ്പം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും മത്സരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP