Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

കൊറോണയിൽ ആറ് മാസത്തേക്ക് ഓസ്‌ട്രേലിയൻ അതിർത്തി അടച്ചിടാൻ സാധ്യത; ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസിസ് പര്യടനവും അനിശ്ചിതത്വത്തിലേക്ക്; ഇന്ത്യൻ ടീം അംഗങ്ങൾക്ക് താളം പിഴച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ ആറ് മാസത്തേക്ക് അതിർത്തികൾ അടയ്ക്കാൻ സാധ്യതകൾ തെളിഞ്ഞതോടെ ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനവും അനിശ്ചിതത്വത്തിലേക്ക്. ഈ വർഷം ഒക്ടോബർനവംബർ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

ഇതിനു മുന്നോടിയായി ഓസീസിലെത്തുന്ന ഇന്ത്യ ലോകകപ്പിനുശേഷം ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ സുദീർഘമായ പരമ്പരയാണ് പദ്ധതിയിട്ടിരുന്നത്. ജനുവരി വരെ നീളുന്ന പര്യടനത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെകൂടി ഭാഗമായ നാലു ടെസ്റ്റുകളും മൂന്നുവീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമാണുള്ളത്. മാത്രമല്ല, ഏകദിന മത്സരങ്ങൾ ഐസിസി പദ്ധതിയിടുന്ന പ്രഥമ ഏകദിന ലീഗിന്റെയും ഭാഗമായിരുന്നു.

ഒക്ടോബറിൽ ട്വന്റി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ആറു മാസത്തേക്ക് അതിർത്തികൾ അടച്ചിട്ടാൽ പുറത്തുനിന്നുള്ളവർക്ക് ഓസ്‌ട്രേലിയയിൽ പ്രവേശനം കിട്ടില്ല. ഇതോടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂൾ പൂർണമായും താളംതെറ്റും. കുറഞ്ഞപക്ഷം ട്വന്റി20 പരമ്പരയെയെങ്കിലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുടെ താളം തെറ്റിയാൽ ലോകകപ്പിന്റെ കാര്യവും സംശയത്തിലാകും.

ഓസ്‌ട്രേലിയയിൽ ഇതുവരെ 3600ൽ അധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേർ മരിക്കുകയും ചെയ്തു. ഇതോടെ, ഓസ്‌ട്രേലിയൻ സർക്കാർ സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും മറ്റു നാടുകളിൽ കുടുങ്ങിക്കിടക്കുന്ന ഓസീസ് പൗരന്മാർക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമില്ല. ട്വന്റി20 ലോകകപ്പും ഓസ്‌ട്രേലിയൻ പര്യടനവും റദ്ദാക്കുന്ന സാഹചര്യം വന്നാൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ വഴികൾ തേടേണ്ടിവരും.

ഓസ്‌ട്രേലിയൻ സർക്കാർ നിലവിലെ യാത്രാവിലക്ക് ആറു മാസത്തേക്ക് ദീർഘിപ്പിച്ചാൽ ഒരു ടീമിനും ഓസ്‌ട്രേലിയയിൽ പ്രവേശിക്കാനാകാത്ത സാഹചര്യം വരും. ഇപ്പോഴത്തെ സാഹചര്യം വച്ച് ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ബിസിസിഐ ഉന്നതൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

അതേസമയം, ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യത്തിൽപ്പോലും ബിസിസിഐ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മുൻ തീരുമാനമനുസരിച്ച് ഇന്നാണ് (ഞായറാഴ്ച) ഐപിഎല്ലിന്റെ 13ാം സീസൺ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ ഐപിഎൽ ഏപ്രിൽ 15ലേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടർന്നാൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനവും (ഏകദിന, ട്വന്റി20 പരമ്പരകൾ), സിംബാബ്‌വെ പര്യടനവും (മൂന്ന് ഏകദിന മത്സരങ്ങൾ) ഏഷ്യാകപ്പും അനിശ്ചിതത്വത്തിലാകും.

മാത്രമല്ല, ഈ നില തുടർന്നാൽ സെപ്റ്റംബറിൽ നടക്കേണ്ട ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനവും സംശയത്തിലാകും. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കേണ്ടിയിരുന്നത്. അവിടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനാൽ ഇംഗ്ലണ്ട് ടീമിന് ഇവിടേക്കു വരാനാകുമോ എന്നതും സംശയത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP