Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2011ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളായത് ഒത്തുകളിയിലൂടെയോ? അർജുൻ രണതുംഗ ഉന്നയിച്ച അതേ സംശയവുമായി ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ രംഗത്ത്: ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യാ ശ്രീലങ്ക ലോകകപ്പ് ഫൈനലിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

2011ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളായത് ഒത്തുകളിയിലൂടെയോ? അർജുൻ രണതുംഗ ഉന്നയിച്ച അതേ സംശയവുമായി ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ രംഗത്ത്: ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യാ ശ്രീലങ്ക ലോകകപ്പ് ഫൈനലിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

സ്വന്തം ലേഖകൻ

കൊളംബോ: 2011ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളായത് ഒത്തുകളിയിലൂടെയോ? ഒമ്പത് വർഷങ്ങൾക്ക് ശേഷം വാങ്ക്‌ടെ സ്റ്റേഡിയം സാക്ഷിയായി ഇന്ത്യ ജേതാക്കളായ ആ മത്സരത്തെ കുറിച്ച് ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നത്തെ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ സംശയം പ്രകടിപ്പിച്ചതോടെ ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലിൽ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയർന്ന സാഹചര്യത്തിലാണ് കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണം പ്രഖ്യാപിച്ചത്.

അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് 'വിൽക്കുകയായിരുന്നുവെന്ന' ആരോപണമാണ് നിലവിൽ ഊർജ മന്ത്രി കൂടിയായ അലുത്ഗമഗെ ഉന്നയിച്ചത്. മുൻ ശ്രീലങ്കൻ ക്യാപ്റ്റനും 1996ലെ ലോകകപ്പിൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച അർജുന രണതുംഗയും നേരത്തെ ഒത്തുകളി ആരോപണം ഉയർത്തിയിരുന്നു. ഫൈനൽ നടക്കുമ്പോൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു.

അതേസമയം ഏതെങ്കിലും കളിക്കാർ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില 'ഗ്രൂപ്പു'കൾ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാൽ മന്ത്രിയുടെ ആരോപണത്തിനെതിരെ അന്നത്തെ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഇന്ത്യശ്രീലങ്ക കലാശപ്പോരാട്ടം നടക്കുമ്പോൾ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്നു കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം ഉന്നയിച്ച അലുത്ഗമഗെ. വാങ്കഡെയിലെ കലാശപ്പോരാട്ടത്തിന് സാക്ഷികളാകാൻ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്ഷെയ്ക്കൊപ്പം അലുത്ഗമഗെയ്ക്കും ക്ഷണമുണ്ടായിരുന്നു. കായികമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ്. റുവാൻചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 275 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്. '2011ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നു. ഏറ്റവും ഉത്തരവാദിത്തത്തോടെ തന്നെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഇതേക്കുറിച്ച് ചർച്ചയുണ്ടാകണം. ഒത്തുകളിച്ചെന്ന് പറഞ്ഞ് ഏതെങ്കിലും കളിക്കാരെ ഞാൻ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകൾ ഫൈനൽ മത്സരം ഒത്തുകളിക്കുന്നതിന് ചരടുവലിച്ചിട്ടുണ്ടെന്ന് തീർച്ച' മന്ത്രി പറഞ്ഞു.

'ഈ പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനൽ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തൽക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011ൽ ഇന്ത്യയ്ക്കെതിരെ നടന്ന ഫൈനൽ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു' മന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള ഫൈനൽ മത്സരം നടക്കുമ്പോൾ ഒരു മുതിർന്ന ശ്രീലങ്കൻ താരം ഡ്രസിങ് റൂമിലിരുന്ന് ടെൻഷൻ മൂലം അൻപതോളം സിഗററ്റ് പുകച്ചുതള്ളുന്നത് കണ്ടതായി അന്നത്തെ ടീം മാനേജർ പറഞ്ഞെതായും മന്ത്രി വെളിപ്പെടുത്തി. മാത്രമല്ല, മത്സരം അവസാനിച്ച ഉടനെ അന്നത്തെ ക്യാപ്റ്റൻ കുമാർ സംഗക്കാരെ പ്രത്യേകിച്ചു കാരണമൊന്നും പറയാതെ രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായും മാനേജരെ ഉദ്ധരിച്ച് മന്ത്രി വെളിപ്പെടുത്തി. ഇത്തരത്തിൽ സംശയമുയർത്തുന്ന പല കാര്യങ്ങളും സംഭവിച്ചതായും മന്ത്രി ആരോപിച്ചു.

അതേസമയം അന്ന് ക്യാപ്റ്റനായിരുന്ന കുമാർ സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേള ജയർവർധനെയും രംഗത്തെത്തി. 'തിരഞ്ഞെടുപ്പ് അടുക്കാറായി എന്നു തോന്നുന്നു'വെന്നായിരുന്നു ഇതേക്കുറിച്ച് പരിഹാസപൂർവം ജയവർധനെയുടെ പ്രതികരണം. 'തിരഞ്ഞെടുപ്പു വല്ലതും അടുത്തുവരുന്നുണ്ടോ? വീണ്ടും ആ സർക്കസ് ആരംഭിച്ചതായി കാണുന്നു. പേരുകളും തെളിവുകളും പുറത്തുവിടൂ' ജയവർധനെ ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP