Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗളുരുവിൽ വിക്കറ്റ് മഴ; പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ദിനം വീണത് 16 വിക്കറ്റുകൾ; ശ്രീലങ്കയ്ക്കും ബാറ്റിങ്ങ് തകർച്ച;ഒന്നാം ഇന്നിങ്ങ്‌സിൽ ആറു വിക്കറ്റ് നഷ്ടം

ബംഗളുരുവിൽ വിക്കറ്റ് മഴ; പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ദിനം വീണത് 16 വിക്കറ്റുകൾ; ശ്രീലങ്കയ്ക്കും ബാറ്റിങ്ങ് തകർച്ച;ഒന്നാം ഇന്നിങ്ങ്‌സിൽ ആറു വിക്കറ്റ് നഷ്ടം

സ്പോർട്സ് ഡെസ്ക്

ബെംഗലൂരു: ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് പെയ്ത്. ആദ്യ ദിനം ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകൾ നിലംപൊത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 ന് പുറത്തായപ്പോൾ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ ബാറ്റിങ് തകർച്ചയെ നേരിടുകയാണ്.

13 റൺസോടെ ഡിക്വെല്ലയും റൺസൊന്നുമെടുക്കാതെ എംബുൽഡെനിയയുമാണ് ക്രീസിൽ. 43 റൺസെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്‌ത്തി. നാല് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്‌കോറിനൊപ്പമെത്താൻ ലങ്കക്ക് ഇനിയും 166 റൺസ് കൂടി വേണം.

ഇന്ത്യയെ സ്പിൻകെണിയിൽ വീഴ്‌ത്തി 252ന് പുറത്താക്കിയതിന്റെ ആവേശത്തിൽ ക്രീസിലിറങ്ങിയ ലങ്കക്ക് മൂന്നാം ഓവറിലെ തിരിച്ചടിയേറ്റു. കുശാൽ മെൻഡിസിനെ(2) സ്ലിപ്പിൽ ശ്രേയസ് അയ്യരുടെ കൈകകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ലങ്കയുടെ തകർച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലഹിരു തിരിമ്മനെയും(8) ബുമ്ര ശ്രേയസിന്റെ കൈകളിലേക്ക് അയച്ചു. രണ്ടിന് 14 എന്ന സ്‌കോറിൽ പതറിയ ലങ്കയ്ക്ക് അടുത്ത അടി നൽകിയത് മുഹമ്മദ് ഷമിയായിരുന്നു. പിച്ചിലെ ടേൺ കണ്ട് അശ്വിനെ ന്യൂബോൾ ഏൽപ്പിച്ച രോഹിത് ആറാം ഓവറിലാണ് ഷമിക്ക് പന്തു കൊടുത്തത്. ആദ്യ പന്തിൽ തന്നെ ഷമി ലങ്കൻ നായകൻ ദിമുത് കരുണരത്‌നെയെ(2) ക്ലീൻ ബൗൾഡാക്കി. പിന്നാലെ ധനഞ്ജയ ഡിസിൽവയെ(10) ഷമി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ലങ്ക 28-4ലേക്ക് കൂപ്പുകുത്തി.

എയ്ഞ്ചലോ മാത്യൂസും ചരിത് അസലങ്കയും ചേർന്ന് ലങ്കയെ 50 കടത്തിയെങ്കിലും അസലങ്കയെ(5) അശ്വിന്റെ കൈകളിലെത്തിച്ച് അക്‌സർ പട്ടേലും വിക്കറ്റ് വേട്ടക്കെത്തിയതോടെ ലങ്ക തകർന്നടിഞ്ഞു. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 35 റൺസ് കൂട്ടിച്ചേർത്ത് ഏയ്ഞ്ചലോ മാത്യൂസും(43) നിരോഷൻ ഡിക്വെല്ലയും ലങ്കൻ സ്‌കോറിന് അൽപം മാന്യത നൽകി. കളിയുടെ അവസാന ഓവറുകളിൽ മാത്യൂസിനെ സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് ബുമ്ര ലങ്കയുടെ അവസാന പ്രതിരോധവും തകർത്തു. ഇന്ത്യക്കായി ബുമ്ര മൂന്നും ഷമി രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അക്‌സർ പട്ടേൽ ഒരു വിക്കറ്റെടുത്തു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 252 റൺസിൽ അവസാനിച്ചിരുന്നു. പിച്ചിൽ നിന്ന് ലഭിച്ച പിന്തുണ ലങ്കൻ സ്പിന്നർമാർ മുതലെടുത്തതോടെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ പതറിയപ്പോൾ ശ്രേയസ് അയ്യരുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ 250 കടത്തിയത്.
98 പന്തുകൾ നേരിട്ട് 10 ഫോറും നാല് സിക്സും പറത്തിയ അയ്യർ 92 റൺസെടുത്ത് പത്താമനായാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ലസിത് എംബുൾദെനിയ, പ്രവീൺ ജയവിക്രമ എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ മായങ്ക് അഗർവാളിനെയാണ് (4) ആദ്യം നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമയുമായുള്ള ധാരണപ്പിശകിൽ മായങ്ക് റണ്ണൗട്ടാകുകയായിരുന്നു. തുടർന്ന് 10-ാം ഓവറിൽ രോഹിത്തിനെ ലസിത് എംബുൾദെനിയ മടക്കി. 25 പന്തിൽ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 15 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

പിന്നീട് ക്രീസിൽ ഒന്നിച്ച ഹനുമ വിഹാരി - വിരാട് കോലി സഖ്യം 47 റൺസ് കൂട്ടിച്ചേർത്തു. 81 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 31 റൺസെടുത്ത വിഹാരിയെ മടക്കി പ്രവീൺ ജയവിക്രമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ കോലിയെ ധനഞ്ജയ ഡിസിൽവ വിക്കറ്റിന് മുന്നിൽ കുരുക്കി. 48 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 23 റൺസെടുത്താണ് കോലി മടങ്ങിയത്. ഒരു അന്താരാഷ്ട്ര സെഞ്ചുറിക്കായുള്ള കോലിയുടെ കാത്തിരിപ്പിന് 28 മാസമാകുന്നു. കോലി ഒടുവിൽ മൂന്നക്കം കടന്നത് ഒരു പിങ്ക് ടെസ്റ്റിലായിരുന്നു. 2019 നവംബറിൽ ബംഗ്ലാദേശിനെതിരേ കൊൽക്കത്തയിൽ. അതിനുശേഷം പിന്നിട്ടത് 28 ഇന്നിങ്‌സുകൾ. അതിൽ ആറുതവണ മാത്രമാണ് താരത്തിന് അമ്പതിനുമുകളിൽ സ്‌കോർ ചെയ്യാനായത്.

തകർത്തടിച്ച ഋഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്. കോലി പുറത്തായതിനു പിന്നാലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് 26 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 39 റൺസെടുത്തു. പിന്നീടെത്തിയ രവീന്ദ്ര ജഡേജയ്ക്ക് ലസിത് എംബുൾദെനിയയുടെ പന്തിന്റെ ബൗൺസ് മനസിലാക്കുന്നതിൽ പിഴച്ചു. നാലു റൺസ് മാത്രമെടുത്ത ജഡേജയെ ലഹിരു തിരിമാനെ ക്യാച്ചെടുക്കുകയായിരുന്നു.

തുടർന്നായിരുന്നു വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസിന്റെ രക്ഷാപ്രവർത്തനം. ആർ. അശ്വിൻ (13), അക്ഷർ പട്ടേൽ എന്നിവർക്കും കാര്യമായ സംഭാവന നൽകാനായില്ല.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ജയന്ത് യാദവിന് പകരം അക്ഷർ പട്ടേൽ പ്ലെയിങ് ഇലവനിലെത്തി.

മറുവശത്ത് ശ്രീലങ്ക ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലഹിരു കുമാര, പത്തും നിസംഗ എന്നിവർക്ക് പകരം കുശാൽ മെൻഡിസ്, പ്രവീൺ ജയവിക്രമ എന്നീ താരങ്ങൾ ടീമിലിടം നേടി. പിങ്ക് ബോൾ ടെസ്റ്റ് കാണാൻ സ്റ്റേഡിയത്തിൽ 100 ശതമാനം കാണികളെയും അനുവദിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP