Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ദേവ്ദത്ത് പടിക്കലും ടീമിൽ; ശിഖർ ധവാൻ ക്യാപ്റ്റൻ; ചേതൻ സക്കറിയയും നിധീഷ് റാണയും ഗെയ്ക്വാദും പുതുമുഖ താരങ്ങൾ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ദേവ്ദത്ത് പടിക്കലും ടീമിൽ; ശിഖർ ധവാൻ ക്യാപ്റ്റൻ; ചേതൻ സക്കറിയയും നിധീഷ് റാണയും ഗെയ്ക്വാദും പുതുമുഖ താരങ്ങൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഏകദിന, ട്വന്റി20 പരമ്പരകൾ ഉൾപ്പെടുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവർ ടീമിൽ ഇടംപിടിച്ചു. മറ്റൊരു മലയാളി താരം സന്ദീപ് വാരിയരെ നെറ്റ് ബോളറായും ടീമിൽ ഉൾപ്പെടുത്തി.

മുതിർന്ന താരം ശിഖർ ധവാനാണ് ഇരുപതംഗ ടീമിന്റെ ക്യാപ്റ്റൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചു താരങ്ങളെ നെറ്റ് ബോളർമാരായും ഉൾപ്പെടുത്തി. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്‌പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്. പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തി, നിധീഷ് റാണ എന്നിവരും ഇടംപിടിച്ചു. ഐപിഎലിലെ സ്ഥിരതയാർന്ന പ്രകടനമാണ് നിതീഷ് റാണയ്ക്ക് ടീമിലേക്കുള്ള വഴി തുറന്നത്.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് കർണാടകയ്ക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന് നിർണായകമായത്. ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മഹാരാഷ്ട്രക്കാരൻ ഋതുരാജ് ഗെയ്ക്വാദും ആദ്യമായി ദേശീയ ടീമിലെത്തി. വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന ഫോമിലായിരുന്ന പൃഥ്വി ഷായും പ്രതീക്ഷ ശരിവച്ച് ടീമിൽ ഇടംപിടിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ്, രാഹുൽ ചാഹർ, ഇഷാൻ കിഷൻ തുടങ്ങിയവർ ടീമിലെ സ്ഥാനം നിലനിർത്തി. സ്ഥിരം താരങ്ങളുടെ അഭാവത്തിലാണ് മനീഷ് പാണ്ഡെയ്ക്കും കുൽദീപ് യാദവിനും ദേശീയ ടീമിലേക്ക് മടങ്ങിവരവിന് അവസരം ഒരുങ്ങിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ടീമിലെത്തിയ മറ്റൊരു യുവതാരം. യുസ് വേന്ദ്ര ചെഹൽ വീണ്ടും ടീമിൽ ഇടംനേടി. നെറ്റ് ബൗളർമാരായി ഇഷാൻ പരോൾ, മലയാളി താരം സന്ദീപ് വാര്യർ, അർഷദീപ് സിങ്, സായ് കിഷോർ, സിമർജീത് സിങ് എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് യുവതാരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ ശ്രീലങ്കയിൽ പരമ്പര കളിക്കുന്നത്.

ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചാഹർ, നവ്ദീപ് സെയ്‌നി, ചേതൻ സകാരിയ

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷ്ദീപ് സിങ്, സായ് കിഷോർ, സിമർജിത് സിങ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP