Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെർമിങ്ഹാമിലെ 'യുദ്ധ'ത്തിൽ വിജയം ഇന്ത്യൻ പോരാളികൾക്ക്; കോലിയും ടീമും പാക്കിസ്ഥാനെ തകർത്തത് ആധികാരികമായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും കരുത്ത് കാട്ടിയ ഉജ്ജ്വല വിജയം; ചിര വൈരികളെ തകർത്തത് 124 റൺസിന്; യുവരാജ് കളിയിലെ കേമൻ; കോലിപ്പടയുടെ വിജയം ആഘോഷമാക്കി ഇന്ത്യൻ ആരാധകർ

ബെർമിങ്ഹാമിലെ 'യുദ്ധ'ത്തിൽ വിജയം ഇന്ത്യൻ പോരാളികൾക്ക്; കോലിയും ടീമും പാക്കിസ്ഥാനെ തകർത്തത് ആധികാരികമായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും കരുത്ത് കാട്ടിയ ഉജ്ജ്വല വിജയം; ചിര വൈരികളെ തകർത്തത് 124 റൺസിന്; യുവരാജ് കളിയിലെ കേമൻ; കോലിപ്പടയുടെ വിജയം ആഘോഷമാക്കി ഇന്ത്യൻ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ബെർമിങ്ഹാം: ഇന്ത്യാ-പാക് മത്സരത്തിനുള്ള ടോസ് ഉയർന്ന് വീണപ്പോൾ വിജയം പാക്കിസ്ഥാനായിരുന്നു. ഇതോടെ ഇന്ത്യൻ പ്രതീക്ഷകൾ തെറ്റുമോ എന്ന് ഏവരും കരുതി. മഴ വില്ലനാകാൻ സാധ്യതയുള്ള മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ആനുകൂല്യം പാക്കിസ്ഥാന് കിട്ടുമോ എന്നതായിരുന്നു ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്ക് കാരണം. എന്നാൽ മഴ ദൈവങ്ങൾ ഇടയ്ക്ക് രസം കെടുത്താനെത്തിയങ്കിലും നിശ്ചയദാർഢ്യത്തോടെ കോലിപ്പട മുന്നേറി. സമ്പൂർണ്ണ ആധിപത്യത്തോടെ ബെർമിങ്ഹാമിൽ വിജയിച്ചു കയറി. അങ്ങനെ കളിക്കളത്തിലെ ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യ 124 റൺസിന് വിജയിച്ചു.

നിയന്ത്രണ രേഖയിലെ യുദ്ധസമാനായ സാഹചര്യത്തിനിടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യാ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യവും ചർച്ചകളും ഉണ്ടായി. ക്രിക്കറ്റ് നയതന്ത്രത്തിന്റെ സാധ്യതകൾ അവസാനിപ്പിച്ച ഇന്ത്യാ-പാക് സർക്കാരുകളും ഈ മത്സരത്തെ പ്രതീക്ഷയോടെ കണ്ടു. അത്തരത്തിലൊരു പോരാട്ടത്തിലാണ് വിരാട് കോലിയും കൂട്ടരും സമ്പൂർണ്ണ വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ഈ വിജയം അക്ഷരാർത്ഥത്തിൽ ഇന്ത്യ ആഘോഷിക്കുകയാണ്. കളിയുടെ സമസ്ത മേഖലയിലും ചാമ്പ്യന്മാരുടെ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇതോടെ ടൂർണ്ണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായി ഇന്ത്യ മാറുകയാണ്.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് കളിയുടെ സർവ്വ മേഖലയിലും മികവ് കാട്ടിയാണ്. ക്രിക്കറ്റിലെ ഏക്കാലത്തേയും വലിയ ശത്രുക്കൾ തമ്മിലുള്ള മത്സരത്തിൽ ജയിച്ച് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഗംഭീരമായി തന്നെ തുടങ്ങി. ബാറ്റിങ്ങിൽ പുറത്തായ എല്ലാ ഇന്ത്യൻ താരങ്ങളും അർദ്ധ സെഞ്ച്വറി നേടി. നായകൻ കോലി കൂറ്റൻ അടികളിലൂടെ 81 റൺസുമായി പുറത്താകാതെ നിന്ന് മുന്നിൽ നിന്ന് നയിച്ചു. പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഹാർദിക് പാണ്ഡ്യയും കൂറ്റനടികളിലൂടെ ആറ് പന്തിൽ സ്‌കോർ ചെയ്തത് 26 റൺസാണ്. ബൗളിങ്ങിലും ഒരു ഇന്ത്യൻ താരവും ശരാശരി അറ് റൺസ് പോലും വഴങ്ങിയില്ല. അങ്ങനെ തീർത്തും അച്ചടക്കമുള്ള ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്.

കോച്ച് കുംബ്ലെയും ക്യാപ്ടൻ കോലിയും തർക്കത്തിലാണെന്നും ഇത് ഇന്ത്യയെ തകർക്കുമെന്നും പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ കളിയിലെ വിജയമാണ് എല്ലാത്തിനും മുകളിലെന്ന് ടീം ഇന്ത്യ ബെർമിങ്ഹാമിൽ തെളിയിക്കുകയായിരുന്നു. മഴ നിയമം അനുസരിച്ച് ഇന്ത്യയ്‌ക്കെതിരെ ജയിക്കാൻ പാക്കിസ്ഥാന് വേണ്ടത് 41 ഓവറിൽ 289 റൺസായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറിൽ 319 റൺസാണ് നേടിയത്. മഴ മൂലം മത്സരം ആദ്യം 49 ഓവറായും പിന്നീട് 48 ഓവറായും കുറച്ചിരുന്നു. ഇന്ത്യ മികച്ച സ്‌കോർ ഉയർത്തിയതോടെ വിജയം നിഷേധിക്കാൻ മഴയെത്തുമോ എന്ന ആശങ്കയും സജീവമായി. ഇതോടെ അനിവാര്യമായ വിജയത്തിനായി ഗാലറിയിലെങ്കും ഇന്ത്യൻ ആരാധകരുടെ പാർത്ഥന ഉയർന്നു. അത് വെറുതെയായില്ല. പാക്കിസ്ഥാന്റെ ഇന്നിങ്‌സിൽ 20 ഓവർ കഴിഞ്ഞപ്പോൾ തന്നെ വിജയം ഇന്ത്യയ്ക്കാകുമെന്ന് ഉറപ്പിച്ചു. ഒടുവിൽ 33.4 ഓവറിൽ 164 റൺസിന് പാക്കിസ്ഥാൻ പുറത്തായി.

ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാണ് ഉണ്ടായത്. മെല്ലെയായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശിഖർ ധവാന്റെുയും തുടക്കം. മെല്ലെ തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് ഇന്ത്യ നേടിയത്. ആദ്യ നാല് ബാറ്റ്സ്മാന്മാരും അർധസെഞ്ചുറി തികച്ചു. വെറും ഒൻപത് റൺസ് അകലെവച്ചാണ് ഓപ്പണർ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടമായത്. ഇടയ്ക്ക് രണ്ടു തവണ മഴ വന്നതോടെ മത്സരം 48 ഓവറാക്കി ചുരുക്കി. ലക്ഷ്യത്തിലേക്കുള്ള പാക് യാത്ര ദുഷ്‌കരമായിരുന്നു. 50 റൺസെടുത്ത അസർ അലി മാത്രമാണ് പാക് ബാറ്റിങ്ങിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി.

മുഹമ്മദ് ആമിറിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാകാതെ ഇന്ത്യ വിയർക്കുന്ന കാഴ്ചയോടെയാണ് മൽസരം ആരംഭിച്ചത്. ഒന്നാം ഓവറിൽ 0, രണ്ടാം ഓവറിൽ മൂന്ന്, മൂന്നാം ഓവറിൽ രണ്ട്, നാലാം ഓവറിൽ നാല് എന്നിങ്ങനെയായിരുന്നു ആദ്യ ഓവറുകളിൽ ഇന്ത്യയുടെ പ്രകടനം. ബോളിങ് പങ്കാളിയായെത്തിയ ഇമാദ് വാസിമും തകർത്തെറിഞ്ഞതോടെ റൺ കണ്ടെത്താനാകാതെ രോഹിതും ധവാനും പതറി. എന്നാൽ ക്രമേണ ധവാനും രോഹിതും താളംകണ്ടെത്തിയതോടെ സ്‌കോർബോർഡ് ചലിച്ചുതുടങ്ങി. പിന്നീട് കോലിയും യുവരാജും ആഞ്ഞടിച്ചു. ഹാർദിക് പാണ്ഡ്യയും ഗംഭീരമാക്കി. ഇതോടെ കളിയിൽ മുൻതൂക്കം ഇന്ത്യക്കായി. ബൗളിങ്ങിലും ഫീൽഡിലും മികവ് കാട്ടി കോലിപ്പട ജയിച്ചും കയറി.

രോഹിത് ശർമ 119 പന്തിൽ നിന്ന് 91 ഉം ശിഖർ ധവാൻ 65 പന്തിൽ നിന്ന് 68 ഉം ഒരിക്കൽ ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടിയ യുവരാജ് സിങ് 32 പന്തിൽ നിന്ന് 53 ഉം റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കോലിയും അവസാനം ഇറങ്ങിയ ഹർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ പാക് ബൗളർമാർക്കെതിരെ കടന്നാക്രമണം നടത്തി. കോലി 68 പന്തിൽ നിന്ന് 81 ഉം ഒരോവർ മാത്രം നേരിട്ട പാണ്ഡ്യ 20 ഉം റൺസാണ് നേടിയത്. ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സ് പറത്തി പാണഡ്യ. അവസാന പന്ത് കോലിയും.

അവസാന നാലോവറിൽ മാത്രം ഇന്ത്യ 72 റൺസ് അടിച്ചെടുത്തു. ഇരുപത്തിരണ്ടാം ഓവറിന്റെയും മുപ്പത്തിയഞ്ചാം ഓവറിന്റെയും ഇടയിൽ പതിനാല് ഓവറിൽ നിന്ന് 55 റൺസ് മാത്രം നേടിയ ഇന്ത്യയാണിത്. ഇതാണ് ഇന്ത്യൻ ഇന്നിങ്‌സിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. ഈ സമ്മർദ്ദം പാക്കിസ്ഥാൻ ബാറ്റിങ്ങിനേയും ബാധിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. സമനില നൽകാൻ മഴ ദൈവങ്ങളെ പ്രാർത്ഥിച്ചെങ്കിലും അതും ഫലം കണ്ടില്ല. അങ്ങനെ വിജയം ഇന്ത്യയ്‌ക്കൊപ്പമായി.

പാക് ബൗളർമാരിൽ ഏറ്റവും ദയനീയമായ പ്രകടനം വഹാബ് റിയാസിന്റേതായിരുന്നു. 8.4 ഓവർ എറിഞ്ഞ വഹാബ് 10.03 എന്ന ശരാശരിയിൽ മൊത്തം 87 റൺസാണ് വിട്ടുകൊടുത്തത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ധാരാളിയായ ബൗളറായി അങ്ങിനെ വഹാബ്. ഹസൻ അലി പത്തോവറിൽ എഴുപതും ഇമാദ് വാസിം 9.1 ഓവറിൽ 66 ഉം ഷദാബ് ഖാൻ പത്തോവറിൽ 52 ഉം റൺസ് വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP