Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡ് മികച്ച നിലയിൽ; മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 101 റൺസ്; കോൺവെയ്ക്ക് അർദ്ധ സെഞ്ചുറി; ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 217 റൺസിന് പുറത്ത്; കൈൽ ജാമിസണ് അഞ്ചു വിക്കറ്റ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡ് മികച്ച നിലയിൽ; മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 101 റൺസ്; കോൺവെയ്ക്ക് അർദ്ധ സെഞ്ചുറി; ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 217 റൺസിന് പുറത്ത്; കൈൽ ജാമിസണ് അഞ്ചു വിക്കറ്റ്

സ്പോർട്സ് ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 217 റൺസിന് പുറത്താക്കി മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തുനിൽക്കുകയാണ്. മികച്ച തുടക്കം ലഭിച്ച കിവീസ് ഇപ്പോഴും ഇന്ത്യയേക്കാൾ 116 റൺസ് പിറകിലാണ്.

104 പന്തിൽ നിന്ന് 30 റൺസെടുത്ത ഓപ്പണർ ലഥാമും 153 പന്തിൽ നിന്ന് 54 റൺസെടുത്ത കോൺവെയുമാണ് പുറത്തായത്. അശ്വിന്റെ പന്തിൽ കോലിയാണ് ലഥാമിന്റെ ക്യാച്ചെടുത്തത്. കോൺവെയെ ഇശാന്ത് ശർമയുടെ പന്തിൽ ഷമിയാണ് ക്യാച്ചെടുത്തത്.

49 ഓവർ പൂർത്തിയായപ്പോൾ വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവയ്ക്കുകയായിരുന്നു. കെയ്ൻ വില്ല്യംസണും (12) റോസ് ടെയ്‌ലറും (0) ആണ് ക്രീസിൽ.

നേരത്തെ 22 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ കൈൽ ജാമിസനാണ് കിവീസിനായി തിളങ്ങിയത്. 93-ാം ഓവറിൽ രവീന്ദ്ര ജഡേജയെ (15) പുറത്താക്കി ട്രെൻഡ് ബോൾട്ടാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചത്.

117 പന്തുകൾ നേരിട്ട് അഞ്ചു ഫോറടക്കം 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

ക്യാപ്റ്റൻ വിരാട് കോലി, രഹാനെ, ഋഷഭ് പന്ത്, ആർ. അശ്വിൻ, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ.

132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജേമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ക്യാപ്റ്റൻ മടങ്ങുമ്പോൾ 67.4 ഓറിൽ നാലിന് 149 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യ. തലേദിവസത്തെ സ്‌കോറിനോട് മൂന്ന് റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ചേർക്കാനായത്. പന്തിന് 22 പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടാനായത്. ജാമിസണിന്റെ പന്തിൽ ലഥാം പിടിക്കുകയായിരുന്നു. ഒന്നാന്തരമായി പ്രതിരോധിച്ചുകൊണ്ടിരുന്ന രഹാനെ 117 പന്ത് നേരിട്ട് അർധ സെഞ്ച്വറിക്ക് ഒരു റൺ അകലെവച്ച് പുറത്താകുകയായിരുന്നു. വാഗ്നറുടെ പന്തിൽ ലഥാമാണ് ക്യാച്ചെടുത്തത്. നാലാം വിക്കറ്റിൽ കോലിയും രഹാനെയും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

രവീന്ദ്ര ജഡേജയും ആർ. അശ്വിനും ചേർന്നാണ് എൺപത്തിയാറാം ഓവറിൽ ഇന്ത്യയെ ഇരുന്നൂറ് റൺസ് കടത്തിയത്. 200 കടക്കുമ്പോൾ ജഡേജ പതിനൊന്നും അശ്വിൻ 22 ഉം റൺസെടുത്തുനിൽക്കുകയായിരുന്നു. പിന്നീട് 27 പന്തിൽ നിന്ന് 22 റൺസെടുത്ത അശ്വിൻ പുറത്തായി. സൗത്തിയുടെ പന്തിൽ ലഥാം തന്നെയാണ് ക്യാച്ചെടുത്തത്.

പിന്നാലെ അടുത്തടുത്ത പന്തുകളിൽ ഇഷാന്ത് ശർമയേയും (4), ജസ്പ്രീത് ബുംറയേയും (0) പുറത്താക്കി കൈൽ ജാമിസൺ അഞ്ചു വിക്കറ്റുകൾ തികച്ചു.

ആദ്യ ദിനം മഴയിൽ ഒലിച്ചുപോയപ്പോൾ രണ്ടാം ദിനത്തിൽ 64.4 ഓവറാണ് മത്സരം നടന്നത്. ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര എന്നിവർ ആദ്യ ദിവസം തന്നെ പുറത്തായിരുന്നു. രോഹിത് 68 പന്തിൽ 34 റൺസെടുത്തപ്പോൾ 64 പന്തിൽ നിന്ന് 24 റൺസാണ് ഗിൽ അടിച്ചെടുത്തത്. 54 പന്ത് നേരിട്ട് എട്ടു റൺസായിരുന്നു പൂജാരയുടെ സമ്പാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP