Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ; ആത്മവിശ്വാസം നഷ്ടമായ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; പരിക്കും ഫോം നഷ്ടവും തിരിച്ചടി

നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ; ആത്മവിശ്വാസം നഷ്ടമായ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; പരിക്കും ഫോം നഷ്ടവും തിരിച്ചടി

ൾഡ് ട്രഫോഡ്: മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിക്കുശേഷം ഇംഗ്ലണ്ട് പര്യടനത്തിലെ അടുത്ത മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററിൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നാലാം ടെസ്റ്റിന് ഇറങ്ങുന്നത് ആത്മവിശ്വാസം ഒട്ടുമില്ലാതെയാണ്. അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോർഡ്‌സ് ടെസ്റ്റ് ജയിച്ച ഇന്ത്യയെ സൗതാംപ്ടണിൽ ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു. രവീന്ദ്ര ജഡേജയെ ആക്രമിക്കാൻ ശ്രമിച്ച ജെയിംസ് ആൻഡേഴ്‌സൺ കുറ്റക്കാരനല്ലെന്ന ഐസിസി ജുഡീഷ്യൽ കമീഷന്റെ വിധികൂടി വന്നതോടെ കളത്തിനകത്തും പുറത്തും തിരിച്ചടി നേരിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.


സൗതാംപ്ടണിൽ ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് കളിയുടെ സകല മേഖലകളിലും വ്യക്തമായ മേൽക്കൈയാണ് നേടിയത്. അതേസമയം, കളത്തിലിറങ്ങുംമുമ്പ് ടീമിന്റെ ഘടനയുടെ കാര്യം ഇന്ത്യക്ക് തലവേദനയായിരിക്കുകയാണ്. ലോർഡ്‌സ് ടെസ്റ്റിലെ ഹീറോ ഇശാന്ത് ശർമ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഓപ്പണർ ശിഖർ ധവാൻ, മധ്യനിരക്കാരൻ രോഹിത് ശർമ എന്നിവരുടെ ഫോം നഷ്ടം, ബൗളർ ഭുവനേശ്വർ കുമാറിന്റെ പരിക്ക് എന്നിവയ്ക്കും പരിഹാരം കാണണം. ധവാനും ശർമയ്ക്കും പകരം ഗൗതം ഗംഭീറും, ആർ അശ്വിനും ടീമിൽ ഇടംപിടിച്ചേക്കും. ഭുവനേശ്വറിന്റെ കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.

ബാറ്റിങ്ങാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യയുടെ ഏഴു മുൻനിര ബാറ്റ്‌സ്മാന്മാർ എടുത്തത് 330, 178 റണ്ണുകളായിരുന്നു. മികച്ച തുടക്കം ലഭിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഓപ്പണർ മുരളി വിജയ് ഫോമിലാണെങ്കിലും ധവാൻ പരാജയമാണ്. ഈ ഓപ്പണർ അർധസെഞ്ചുറി നേടിയിട്ട് ഏഴ് ഇന്നിങ്‌സുകൾ കഴിഞ്ഞു. മാത്രമല്ല, ഫീൽഡിങ്ങിലും പരാജയം. ഒന്നാം സ്ലിപ്പിൽ ധവാന്റെ കൈകൾ ചോർന്നത് ടീമിന് തിരിച്ചടിയായിരുന്നു.

അശ്വിൻ ഒന്നാം സ്ലിപ്പിൽ ഒന്നാന്തരം ഫീൽഡറാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഒഴിവാക്കുന്നതുവരെ ഈ സ്പിൻ ബൗളർ സ്ലിപ്പിലാണ് ഫീൽഡ് ചെയ്തത്. ഒപ്പം ബാറ്റിങ്ങിലും തിളങ്ങും. അഞ്ചാം ബൗളർ വേണോ, ഏഴാം ബാറ്റ്‌സ്മാൻ വേണോ എന്ന ചോദ്യത്തിനും അശ്വിന്റെ സാന്നിധ്യം ഉത്തരം നൽകും. വിരാട് കോഹ്‌ലി, ചേതേശ്വർ പുജാര എന്നിവരും ഫോമിലേക്ക് ഉയർന്നിട്ടില്ല. പകരക്കാർ വേറെ ഇല്ലാത്തതിനാൽ മോശം ഫോമുമായി ഇവർ നാലാം ടെസ്റ്റിനിറങ്ങും.

അതേസമയം, സൗതാംപ്ടണിലും ആൻഡേഴ്‌സൺ വിഷയത്തിലും വിജയം നേടിയ ഇംഗ്ലണ്ടിന് ഇത്തരം ദുഃഖങ്ങളൊന്നുമില്ല. നായകൻ അലസ്‌റ്റൈർ കുക്ക് വീണ്ടും റൺ കണ്ടെത്തിത്തുടങ്ങി. ഇയാൻ ബെല്ലും ഗാരി ബാലൻസും ഫോമിലാണ്. ഉറച്ചുനിൽക്കുന്നു. ബൗളിങ്ങിൽ സ്റ്റുവർട്ട് ബ്രോഡ്, ആൻഡേഴ്‌സൺ, മൊയിൻ അലി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP