Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഒപ്പമെത്താൻ ജീവന്മരണ പോരാട്ടത്തിന് ഇംഗ്ലണ്ട്; മൂന്നാം മത്സരം വെള്ളിയാഴ്ച പൂണെയിൽ; ഇന്ത്യൻ നിരയിൽ സൂര്യകുമാർ അരങ്ങേറിയേക്കും; സന്ദർശകർക്കും ആശങ്കയായി പരിക്ക്

ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഒപ്പമെത്താൻ ജീവന്മരണ പോരാട്ടത്തിന് ഇംഗ്ലണ്ട്; മൂന്നാം മത്സരം വെള്ളിയാഴ്ച പൂണെയിൽ; ഇന്ത്യൻ നിരയിൽ സൂര്യകുമാർ അരങ്ങേറിയേക്കും; സന്ദർശകർക്കും ആശങ്കയായി പരിക്ക്

സ്പോർട്സ് ഡെസ്ക്

പുണെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുറച്ച് വിരാട് കോലിയും സംഘവും. വെള്ളിയാഴ്ച പൂണെയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ജയം തുടരാനായാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

ആദ്യ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ രണ്ടാം മത്സരവും തോറ്റാൽ ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് കൈവിട്ടുപോവും. അതിനാൽ ജീവന്മരണ പോരാട്ടത്തിനാണ് ഒയിൻ മോർഗനും സംഘവും കോപ്പുകൂട്ടുന്നത്.

യുവതാരങ്ങളുടെ പോരാട്ട മികവാണ് ഇന്ത്യൻ ജയങ്ങൾക്ക് മാറ്റു കൂട്ടുന്നത്. ഒന്നാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയും ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും പുറത്തെടുത്ത ആവേശ പ്രകടനത്തിന്റെ അലയൊലികൾ ഇപ്പോഴും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച അതേ വേദിയിൽ രണ്ടാമങ്കത്തിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ, ആരാധകരെ ആവേശം കൊള്ളിക്കാനുള്ള നിയോഗം സൂര്യകുമാർ യാദവിന് ആകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ശ്രേയസ് അയ്യരുടെ പരുക്കിനെ തുടർന്ന് ബാറ്റിങ് നിരയിലെ ഒഴിവ് നികത്താൻ മുംബൈ താരത്തിന് അവസരം ഒരുങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്വന്റി 20 പരമ്പരയിലെ മിന്നും പ്രകടനം സൂര്യകുമാറിന് അവസരം നൽകാൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ സൂര്യകുമാർ രാജ്യാന്തര ഏകദിനത്തിലും അരങ്ങേറ്റം കുറിക്കും. അതേ സമയം ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്ന ഋഷഭ് പന്തിനെ ഉൾപ്പെടുത്താൻ തയ്യാറായാൽ ടീമിൽ മാറ്റം അനിവാര്യമാകും.

ഒന്നാം ഏകദിനത്തിൽ ഇംഗ്ലിഷ് താരം ജോണി ബെയർ‌സ്റ്റോയുടെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അയ്യർ, പിന്നീട് കളത്തിലിറങ്ങിയിരുന്നില്ല. താരത്തിന് ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുകയും ചെയ്തു.

അയ്യർക്കു പുറമെ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങി ടീമിലെ സ്ഥിരം മുഖങ്ങളുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമല്ലെങ്കിലും, കളത്തിലിറങ്ങാൻ അവസരം ലഭിക്കുന്നവരെല്ലാം തിളങ്ങുന്നതിന്റെ ആനന്ദത്തിലാണ് ക്യാപ്റ്റൻ വിരാട് കോലി. ജഡേജയുടെ അഭാവത്തിൽ ടീമിൽ ഇടംകിട്ടിയ അക്ഷർ പട്ടേൽ ടെസ്റ്റിലും ക്രുണാൽ പാണ്ഡ്യ ഏകദിനത്തിലും തിളങ്ങി.

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച കർണാടകക്കാരൻ പ്രസിദ്ധ് കൃഷ്ണ ആദ്യ മത്സരത്തിൽത്തന്നെ മികച്ച പേസിലൂടെ ഇംഗ്ലിഷ് താരങ്ങളെ വട്ടംകറക്കി. ഏകദിന അരങ്ങേറ്റത്തിൽ നാലു വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറുമായി. ജഡേജയും ബുമ്രയും തിരിച്ചെത്തുമ്പോൾ ക്രുണാലിനും പ്രസിദ്ധിനും ടീമിൽ പോലും ഇടം ലഭിക്കാൻ സാധ്യതയില്ല എന്നത് ഇപ്പോഴത്തെ ടീം ഇന്ത്യയുടെ കരുത്തു കൂടിയാണ് വെളിവാക്കുന്നത്.

അടുത്ത കാലത്തായി ഫോംഔട്ടായി ടീമിൽനിന്ന് പലതവണ മാറ്റിനിർത്തപ്പെട്ട ഓപ്പണർ ശിഖർ ധവാന്റെ മടങ്ങിവരവാണ് ടീം ഇന്ത്യയ്ക്ക് സന്തോഷം പകരുന്ന മറ്റൊരു ഘടകം. ഒന്നാം ഏകദിനത്തിൽ രണ്ടു റൺസിന് സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യൻ ഇന്നിങ്‌സിന് നങ്കൂരമിട്ട ധവാനാണ് കളിയിലെ കേമനായത്. ഒന്നാം ഏകദിനത്തിൽ ബാറ്റിങ്ങിനിടെ പരുക്കേറ്റെങ്കിലും രോഹിത് ശർമ രണ്ടാം മത്സരത്തിൽ കളിച്ചേക്കുമെന്നാണ് വിവരം.

രോഹിത് ശർമയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നാൽ യുവതാരം ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുകയോ കെ.എൽ. രാഹുൽ ഓപ്പണർ ആയി എത്തുകയോ ചെയ്യും. കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ ഋഷഭ് പന്തിനെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി കളിപ്പിക്കാനും സാധ്യതയേറെ.

ഒന്നാം ഏകദിനത്തിൽ 68 റൺസ് വഴങ്ങി നിരാശപ്പെടുത്തിയ കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചെഹൽ കളിക്കാനാണ് സാധ്യത. പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ ടീമിലെ സ്ഥാനം നിലനിർത്തും. ഭുവനേശ്വർ കുമാറും നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനാകുന്ന മുംബൈ താരം ഷാർദുൽ താക്കൂറും തുടരും. താക്കൂർ തുടർച്ചയായി കളിക്കുന്ന സാഹചര്യത്തിൽ വിശ്രമം അനുവദിച്ച് ടി.നടരാജൻ, നവ്ദീപ് സെയ്‌നി എന്നിവരിൽ ഒരാൾക്ക് അവസരം നൽകാനും സാധ്യത നിലനിൽക്കുന്നു.

പരമ്പരയിൽ ജീവൻ നിലനിർത്താനായി രണ്ടാം മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയാവന്നത് പ്രമുഖ താരങ്ങളുടെ പരിക്കാണ്. പരമ്പരക്ക് മുമ്പെ പേസ് ബൗളർ ജോഫ്ര ആർച്ചർ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയെങ്കിൽ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ഓയിൻ മോർഗനും സാം ബില്ലിങ്‌സിനും രണ്ടാം മത്സരത്തിൽ കളിക്കുമോ എന്ന് ഉറപ്പില്ല.

ഫീൽഡിംഗിനിടെ പരിക്കേറ്റ മോർഗൻ പരിക്കേറ്റ കൈയുമായി ആദ്യ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഫീൽഡിംഗിനിടെ പന്ത് കൈയിൽ കൊണ്ട് മുറിഞ്ഞ മോർഗന്റെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിൽ നാല് തുന്നലുകൾ ഇട്ടിട്ടുണ്ട്.

അതേസമയം, കഴുത്തിന് പരിക്കുണ്ടായിരുന്ന സാം ബില്ലിങ്‌സും ആദ്യ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും കാര്യമായി ഒന്നു ചെയ്യാനായിരുന്നില്ല. ബില്ലിങ്‌സ് പുറത്തിരിക്കുകയാണെങ്കിൽ ലിയാം ലിംവിങ്‌സറ്റണ് ഇംഗ്ലണ്ട് ടീമിൽ അവസരമൊരുങ്ങുമെന്നാണ് സൂചന. മോർഗനും പുറത്തിരിക്കേണ്ടി വന്നാൽ മാറ്റ് പാർക്കിൻസണോ, റീസ് ടോപ്ലിയോ ഇംഗ്ലണ്ട് നിരയിലെത്തുമെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP