Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

തുടർ പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ ടീം ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഓസീസിനെതിരെ വിജയം കരസ്ഥമാക്കിയത് ബൗളർമാർ അവസരോചിതയമായി കളിച്ചതോടെ; രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി നടരാജൻ

തുടർ പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ ടീം ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഓസീസിനെതിരെ വിജയം കരസ്ഥമാക്കിയത് ബൗളർമാർ അവസരോചിതയമായി കളിച്ചതോടെ; രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി നടരാജൻ

മറുനാടൻ ഡെസ്‌ക്‌

കാൻബറ: ഓസ്‌ട്രേലിയൻ പര്യടനത്തിൽ തുടർ തോൽവികൾ ഏറ്റുവാങ്ങിയ ഇന്ത്യ ഒടുവിൽ വിജയവഴിയിൽ. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ ഇന്ത്യ ആശ്വാസ ജയം കീശയിലാക്കി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് ട്വന്റി 20, ടെസ്റ്റ് പരമ്പരകൾക്കൊരുങ്ങാൻ ഈ ജയം ആത്മവിശ്വാസമാകും. ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആസ്‌ട്രേലിയൻ പോരാട്ടം 13 റൺസകലെ അവസാനിക്കുകയായിരുന്നു.

ബൗളർമാരുടെ മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ഇന്ത്യയ്ക്കായി ശാർദുൽ താക്കൂർ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബുംറ, ടി. നടരാജൻ എന്നിവർ രണ്ടു വിക്കറ്റെടുത്തു. ഡേവിഡ് വാർണർക്ക് പകരക്കാരനായി ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മാർണസ് ലാബുഷെയ്‌നയെ ക്ലീൻ ബൗൾഡാക്കി മടക്കിയ നടരാജൻ തന്റെ ആദ്യ മത്സരം അവിസ്മരണീയമാക്കി. തുടർന്നെത്തിയ മാരകഫോമിലുള്ള സ്റ്റീവൻ സ്മിത്തിനെ കീപ്പറുടെ കൈകളിലെത്തിച്ച് ഷാർദുൽ താക്കൂറാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറംപകർന്നത്.

ക്രീസിൽ ഉറച്ചുനിന്ന ആരോൺ ഫിഞ്ച് (75), മോയ്‌സസ് ഹെന്റിക്വസ് (22), കാമറൂൺ ഗ്രീൻ (21) എന്നിവർ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ ഒരിക്കൽ കൂടി ഇടിമുഴക്കമായി. അലക്‌സ് കാരി (38), ആഷ്ടൺ ആഗർ (28) എന്നിവരെ കൂട്ടുപിടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ അടിച്ചുതകർത്തു. ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിയിരിക്കേ ജസ്പ്രീത് ബുംറ ഒന്നാമതൊരു യോർക്കറിലൂടെ മാക്‌സ്‌വെലിനെ പുറത്താക്കുകയായിരുന്നു. നാലു സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 38 പന്തിൽ 59 റൺസായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.

പരമ്പരയിലാദ്യമായി ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, വിരാട് കോഹ്‌ലി എന്നിവരുടെ അർധസെഞ്ച്വറികളുടെ കരുത്തിൽ അഞ്ചുവിക്കറ്റിന് 302 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ സ്‌കോർ 300 കടക്കുന്നത്.

മായങ്ക് അഗർവാളിന് പകരം ശുഭ്മാൻ ഗില്ലാണ് ശിഖർധവാനൊപ്പം ഇന്നിങ്‌സ് തുറക്കാനെത്തിയത്. ഇന്ത്യൻ സ്‌കോർ 26ൽ നിൽക്കേ 16 റൺസുമായി ധവാൻ പുറത്തായി. തുടർന്നെത്തിയ നായകൻ വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്‌സ് പടുത്തുയർത്തവേ ശുഭ്മാൻ ഗിൽ (33) ആഷ്ടൺ ആഗറിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ കുടുങ്ങി. ശ്രദ്ധയോടെ ബാറ്റുവീശിയ കോഹ്‌ലി ഏകദിനത്തിൽ തന്റെ 59ാം അർധ സെഞ്ച്വറി പൂർത്തിയാക്കി. അധികം വൈകാതെ കോഹ്‌ലിയുടെ അന്തകനായി ജോഷ് ഹേസൽ വുഡ് എത്തി. കോഹ്‌ലിയെ വിക്കറ്റിന് പിന്നിൽ അലക്‌സ് ക്യാരിയുടെ കയ്യിലെത്തിച്ച ഹേസൽവുഡ് പരമ്പരയിൽ മൂന്നാം തവണയാണ് കോഹ്‌ലിയെ മടക്കിയത്.

ശ്രേയസ് അയ്യർ (19), കെ.എൽ രാഹുൽ (5) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ 200 കടക്കില്ലെന്ന് തോന്നിച്ച ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ-രവീന്ദ്ര ജദേജ സഖ്യം ഒത്തുചേരുകയായിരുന്നു. കരുതലോടെ കളിച്ച ഇരുവരും അവസാന ഓവറുകളിൽ ആസ്‌ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 76 പന്തിൽ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 92 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന. 50 പന്തിൽ മൂന്നുസിക്‌സറുകളക്കം 66 റൺസാണ് ജദേജ എടുത്തത്. ആസ്‌ട്രേലിയക്കായി ആഗർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP