Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യകുമാർ - വിരാട് കോലി ബാറ്റിങ് വെടിക്കെട്ട്; തകർപ്പൻ അർദ്ധ സെഞ്ചുറികൾ; ഫിനിഷിങ് മികവുമായി ഹാർദിക് പാണ്ഡ്യയും; ത്രില്ലർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ; ജയം ആറുവിക്കറ്റിന്; പരമ്പര നേട്ടത്തോടെ ലോകകപ്പിന്റെ മുന്നൊരുക്കം

സൂര്യകുമാർ - വിരാട് കോലി ബാറ്റിങ് വെടിക്കെട്ട്; തകർപ്പൻ അർദ്ധ സെഞ്ചുറികൾ; ഫിനിഷിങ് മികവുമായി ഹാർദിക് പാണ്ഡ്യയും;  ത്രില്ലർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ; ജയം ആറുവിക്കറ്റിന്; പരമ്പര നേട്ടത്തോടെ ലോകകപ്പിന്റെ മുന്നൊരുക്കം

സ്പോർട്സ് ഡെസ്ക്

ഹൈദരാബാദ്: നിർണായകമായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് കീഴടക്കി ഇന്ത്യക്ക് പരമ്പര. തുടക്കത്തിൽ നായകൻ രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും നഷ്ടപ്പെട്ടിട്ടും സൂര്യകുമാർ യാദവ്-വിരാട് കോലി ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യൻ ജയത്തിന് വഴിയൊരുക്കിയത്.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി 20യിൽ ഓസീസ് മുന്നോട്ടുവെച്ച 187 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം ഓസീസ് ജയിച്ചപ്പോൾ രണ്ടും മൂന്നാം മത്സരങ്ങളിൽ ജയം സ്വന്തമാക്കിയാണ് രോഹിത് ശർമ്മയുടെ ടീം പരമ്പര സ്വന്തമാക്കിയത്.

അവസാന ഓവറിലെ അഞ്ചാം പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും വിരാട് കോലിയും അർധസെഞ്ചുറി നേടി തിളങ്ങി.ഒരു പന്ത് ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം. സൂര്യ 36 പന്തിൽ 69 ഉം കോലി 48 പന്തിൽ 63 ഉം റൺസ് നേടി. 

187 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ ആറാം പന്തിൽ തന്നെ ഓപ്പണർ കെ.എൽ.രാഹുൽ പുറത്തായി. ഡാനിയൽ സാംസിന്റെ പന്തിൽ സിക്സടിക്കാനുള്ള രാഹുലിന്റെ ശ്രമം മികച്ച ക്യാച്ചിലൂടെ മാത്യു വെയ്ഡ് വിഫലമാക്കി. വെറും ഒരു റൺ മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. രാഹുലിന് പകരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ വമ്പനടികൾ കാഴ്ചവെച്ച് രോഹിത് നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറിൽ ഇന്ത്യൻ നായകനും പുറത്തായി.

13 പന്തുകളിൽ നിന്ന് 17 റൺസെടുത്ത രോഹിത്തിനെ പാറ്റ് കമ്മിൻസ് ഡാനിയൽ സാംസിന്റെ കൈയിലെത്തിച്ചു. രോഹിത് മടങ്ങുമ്പോൾ ഇന്ത്യ 30 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. രോഹിത്തിന് പകരം കോലിക്ക് കൂട്ടായി സൂര്യകുമാർ യാദവ് ക്രീസിലെത്തി.

മൂന്നാം വിക്കറ്റിൽ സിക്സുകളും ബൗണ്ടറികളുമായി സൂര്യകുമാർ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോൾ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

ഹെയ്സൽവുഡിന്റെ ആറാം ഓവറിൽ തകർപ്പൻ സിക്സും ഫോറും തുടർച്ചയായി അടിച്ച് കോലി ടീം സ്‌കോർ ഉയർത്തി. ആറോവറിൽ ടീം സ്‌കോർ 50 കടന്നു. പിന്നാലെ സൂര്യകുമാറും സ്‌കോർ ചെയ്യാൻ തുടങ്ങിയതോടെ വലിയ തകർച്ചയിൽ നിന്ന് ഇന്ത്യ കരകയറി. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

കോലിയെ സാക്ഷിയാക്കി സൂര്യകുമാർ അടിച്ചുതകർക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വെറും 29 പന്തുകളിൽ നിന്ന് സൂര്യകുമാർ അർധസെഞ്ചുറി നേടി. പിന്നാലെ കോലിയും സൂര്യകുമാറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. സൂര്യകുമാർ ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറി. എന്നാൽ 14-ാം ഓവറിലെ അവസാന പന്തിൽ സൂര്യകുമാർ പുറത്തായി.

ഹെയ്സൽവുഡിനെ സിക്സടിക്കാനുള്ള താരത്തിന്റെ ശ്രമം ആരോൺ ഫിഞ്ചിന്റെ കൈയിലൊതുങ്ങി. വെറും 36 പന്തുകളിൽ അഞ്ച് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 69 റൺസെടുത്താണ് സൂര്യകുമാർ ക്രീസ് വിട്ടത്. താരത്തിന് പകരം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യയെ സാക്ഷിയാക്കി കോലി അർധസെഞ്ചുറി കുറിച്ചു. 37 പന്തുകളിൽ നിന്നാണ് താരം 50 തികച്ചത്. താരത്തിന്റെ കരിയറിലെ 33-ാം അർധസെഞ്ചുറിയാണിത്.

അവസാന നാലോവറിൽ ഇന്ത്യയുടെ വിജയലക്ഷ്യം 39 റൺസായി മാറി. 16.1 ഓവറിൽ ടീം സ്‌കോർ 150 കടന്നു. 17-ാം ഓവറിൽ വെറും ഏഴ് റൺസ് മാത്രമാണ് നേടാനായത്. ഇതോടെ മൂന്ന് ഓവറിൽ ഇന്ത്യയുടെ വിജയലക്ഷ്യം 32 റൺസായി. അവസാന ഓവറുകളിൽ കോലിയും പാണ്ഡ്യയും റൺസ് കണ്ടെത്താൻ നന്നായി വിഷമിച്ചു. ഇതോടെ മത്സരം അത്യന്തം ആവേശം നിറഞ്ഞതായി. 18-ാം ഓവറിൽ കമ്മിൻസ് 11 റൺസ് മാത്രമാണ് വഴങ്ങിയത്. ഇതോടെ രണ്ടോവറിൽ ഇന്ത്യയുടെ വിജയലക്ഷ്യം 21 റൺസായി മാറി.

എന്നാൽ ഹെയ്സൽവുഡ് ചെയ്ത 19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടിക്കൊണ്ട് പാണ്ഡ്യ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരത്തി. പക്ഷേ പിന്നീടുള്ള്ള അഞ്ചുപന്തിൽ നിന്ന് നാല് റൺസാണ് വന്നത്. ഇതോടെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 11 റൺസ് വേണമെന്ന നിലവന്നു.

ഡാനിയൽ സാംസാണ് അവസാന ഓവർ ചെയ്യാനെത്തിയത്. ആദ്യ പന്തിൽ തന്നെ സിക്സടിച്ച് കോലി ഇന്ത്യയുടെ വിജയമുറപ്പിച്ചു. എന്നാൽ തൊട്ടുത്ത പന്തിൽ താരം ഫിഞ്ചിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 48 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 63 റൺസെടുത്താണ് കോലി ക്രീസ് വിട്ടത്. കോലിക്ക് പകരം ദിനേശ് കാർത്തിക്കാണ് ക്രീസിലെത്തിയത്. ഓവറിലെ അഞ്ചാം പന്തിൽ ഫോറടിച്ചുകൊണ്ട് ഹാർദിക് ഒരു പന്ത് ശേഷിക്കേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഹാർദിക് 16 പന്തുകളിൽ നിന്ന് 25 റൺസെടുത്തും കാർത്തിക്ക് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു. ഓസീസിനായി ഡാനിയൽ സാംസ് രണ്ട് വിക്കറ്റെടുത്തപ്പോൾ ജോഷ് ഹെയ്സൽവുഡും പാറ്റ് കമ്മിൻസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി കാമറൂൺ ഗ്രീനിന്റെ മിന്നും തുടക്കത്തിന് ശേഷം മധ്യ ഓവറുകളിൽ വലഞ്ഞ ഓസീസ് ടിം ഡേവിഡിന്റെ ഫിനിഷിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റിന് 186 റൺസെടുക്കുകയായിരുന്നു. ഗ്രീൻ 21 പന്തിൽ 52 ഉം ഡേവിഡ് 27 പന്തിൽ 54 ഉം റൺസെടുത്തു. ഇന്ത്യക്കായി സ്പിന്നർ അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് നേടി.

ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, അക്‌സർ പട്ടേൽ എന്നിവരെ കടന്നാക്രമിച്ച് 19 പന്തിൽ ഗ്രീൻ അമ്പത് തികച്ചു. ഇതോടെ പവർപ്ലേയിൽ ഓസീസ് 66 റൺസ് നേടി. ഭുവനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിൽ ഗ്രീൻ പുറത്താകുമ്പോൾ 21 പന്തിൽ 52 റൺസുണ്ടായിരുന്നു സ്വന്തം പേരിൽ. ഗ്രീൻ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. അതേസമയം ആരോൺ ഫിഞ്ച്(6 പന്തിൽ 7), സ്റ്റീവ് സ്മിത്ത്(10 പന്തിൽ 9), ഗ്ലെൻ മാക്സ്വെൽ(11 പന്തിൽ 6), മാത്യൂ വെയ്ഡ്(3 പന്തിൽ 1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.

മധ്യഓവറുകളിൽ ഇന്ത്യ ശക്തമായി തിരിച്ചെത്തിയെങ്കിലും സ്ലോഗ് ഓവറുകളിൽ ടിം ഡേവിഡും ഡാനിയേൽ സാംസും വമ്പനടികളുമായി ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഡേവിഡ് 27 പന്തിൽ രണ്ട് ഫോറും നാല് സിക്സും ഉൾപ്പടെ 54 റൺസെടുത്തു. സാംസ് 20 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ഏഴാം വിക്കറ്റിൽ 70 റൺസ് ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP