Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരമ്പരയിൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് കിവിപ്പട: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ അഞ്ചു വിക്കറ്റ് ജയത്തോടെ ന്യൂസിലാന്റ്; മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം നേരിട്ട് ഇന്ത്യ

പരമ്പരയിൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് കിവിപ്പട: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ അഞ്ചു വിക്കറ്റ് ജയത്തോടെ ന്യൂസിലാന്റ്; മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം നേരിട്ട് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

മൗണ്ട് മൗംഗനൂയി: ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി സമ്മാനിച്ച ഇന്ത്യയെ ഏകദിന പരമ്പരയിൽ പ്രതികാരം തീർത്ത് ന്യൂസിലാന്റ്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയെ തകർത്തുവിട്ട ന്യൂസീലൻഡ് 3-0ന് പരമ്പര തൂത്തുവാരി. മൗണ്ട് മാംഗനൂയിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം 17 പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ കിവീസ് മറികടന്നു. മധ്യ ഓവറുകളിൽ തുടർച്ചയായ വിക്കറ്റുകൾ വീഴ്‌ത്തി മത്സരത്തിലേക്കു തിരിച്ചുവന്ന ഇന്ത്യയ്ക്ക്, കോളിൻ ഡി ഗ്രാൻഡ്‌ഹോമിന്റെ അതിവേഗ അർധസെഞ്ചുറിയാണ് പണിയായത്. വെറും 21 പന്തിൽനിന്ന് അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതമാണ് ഗ്രാൻഡ്‌ഹോം അർധസെഞ്ചുറി നേടി കളിയിലെ താരമായി മാറിയത്.

മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം തന്നെ ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. 31 വർഷത്തിന് മുമ്പാണ് ഇന്ത്യ ഒരു പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്നത്. അതിന് ശേഷമുള്ള ഇന്ത്യയുടെ ജൈത്രയാത്രക്കാണ് ന്യൂസിലാന്റ് വിരാമമിട്ടിരിക്കുന്നത്. 1983/84 ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 5-0ത്തിന് സമ്പൂർണമായി പരാജയപ്പെട്ടിരുന്നു. അതേ വെസ്റ്റ് ഇൻഡീസിനെതിരെ 1988/89ലും സമ്പൂർണ തോൽവി സമ്മതിച്ചിരുന്നു. 2006/07ൽ സൗത്ത് ആഫ്രിക്കയുമായി നടന്ന അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങൾ പരാജയപ്പെടുകയും ഒരു മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പരമ്പര തൂത്തുവാരിയതായി പരിഗണിച്ചിരുന്നില്ല.

അതേസമയം ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 2003ൽ ലോകകപ്പ് റണ്ണേഴ്‌സ് അപ്പും 2011ൽ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാന്റിനെതിരെ നടന്ന ടി20 പരമ്പര 5-0ത്തിന് ഇന്ത്യ തൂത്തുവാരിയിരുന്നു. ഇനി ടെസ്റ്റ് സീരീസിലേക്കാണ് ഇരുടീമുകളും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിൽ (46 പന്തിൽ 66), ഹെന്റി നിക്കോൾസ് (103 പന്തിൽ 80) എന്നിവരുടെ പ്രകടനവും കിവീസ് ഇന്നിങ്‌സിൽ നിർണായകമായി. ഓപ്പണിങ് വിക്കറ്റിൽ ഹെന്റി നിക്കോൾസ് - മാർട്ടിൻ ഗപ്ടിൽ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും (106), രണ്ടാം വിക്കറ്റിൽ നിക്കോൾസ് - വില്യംസ് സഖ്യം അർധസെഞ്ചുറി (56) കൂട്ടുകെട്ടും തീർത്തു. നിക്കോൾസാണ് കളിയിലെ കേമൻ. റോസ് ടെയ്‌ലർ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് പിന്തുടർന്നു ജയിക്കുന്ന ഉയർന്ന രണ്ടാമത്തെ സ്‌കോർ കൂടിയാണിത്. ഇതേ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാമിൽട്ടനിൽ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്നതാണ് ഒന്നാമതുള്ളത്.

72 പന്തിൽ അഞ്ചു ഫോറുകൾ സഹിതമാണ് നിക്കോൾസ് ഏകദിനത്തിലെ 11-ാമത്തെയും ഈ പരമ്പരയിലെ രണ്ടാമത്തെയും അർധസെഞ്ചുറി കുറിച്ചത്. 29 പന്തിൽ അഞ്ചു ഫോറും നാലു സിക്‌സും സഹിതമാണ് ഗപ്ടിൽ 37-ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. രണ്ടാം മത്സരത്തിലാണ് ഇരുവരും ഈ പരമ്പരയിൽ 50 കടക്കുന്നത്. ഓപ്പണിങ് വിക്കറ്റിൽ ഗപ്ടിൽ - നിക്കോൾസ് സഖ്യം 50 കടക്കുന്നത് മൂന്നൂം തവണയും. അതേസമയം, പരമ്പരയിൽ ഇവരുടെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടു കൂടിയാണിത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (31 പന്തിൽ 22), റോസ് ടെയ്‌ലർ (18 പന്തിൽ 12), ജിമ്മി നീഷം (25 പന്തിൽ 19) എന്നിവരെ അടുത്തടുത്ത് പുറത്താക്കി ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവരുന്നുവെന്ന് തോന്നിച്ചെങ്കിലും പിരിയാത്ത ആറാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് ഗ്രാൻഡ്‌ഹോമും ടോം ലാഥവും ചേർന്ന് കിവീസിനെ അനായാസ ജയത്തിലെത്തിച്ചു. ഗ്രാൻഡ്‌ഹോം 28 പന്തിൽ ആറു ഫോറും മൂന്നു സിക്‌സും സഹിതം 58 റൺസോടെയും ലാഥം 34 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസോടെയും പുറത്താകാതെ നിന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP