Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുക്കുകുത്തി മുൻ നിര; തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറ്റിയത് കോലിയും ഋഷഭും; അർധ സെഞ്ചുറിയുമായി പട നയിച്ച് നായകൻ; കരുത്തോടെ തിരിച്ചുവന്ന ഇന്ത്യ പൊരുതാവുന്ന സ്‌കോറിൽ; ട്വന്റി 20 ലോകകപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാന് 152 റൺസ് വിജയലക്ഷ്യം

മുക്കുകുത്തി മുൻ നിര; തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറ്റിയത് കോലിയും ഋഷഭും; അർധ സെഞ്ചുറിയുമായി പട നയിച്ച് നായകൻ; കരുത്തോടെ തിരിച്ചുവന്ന ഇന്ത്യ പൊരുതാവുന്ന സ്‌കോറിൽ; ട്വന്റി 20 ലോകകപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാന് 152 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ തുടക്കത്തിൽ തകർച്ച നേരിട്ടിട്ടും അർധ സെഞ്ചുറി നേടിയ നായകൻ വിരാട് കോലിയുടെയും 30 പന്തിൽ 39 റൺസെടുത്ത ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിൽ ഇന്ത്യ പൊരുതാവുന്ന സ്‌കോറിൽ. ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റിന് 151 റൺസെടുത്തു. ഒരുവേള 31-3 എന്ന നിലയിൽ തകർന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

49 പന്തുകൾ നേരിട്ട് ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത നായകൻ വിരാട് കോലിയാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.

2.1 ഓവറിനിടെ ഓപ്പണർമാരായ രോഹിത് ശർമ്മയെയും(0) കെ എൽ രാഹുലിനേയും(3) ഇൻ-സ്വിങ്ങറുകളിൽ പുറത്താക്കി പേസർ ഷഹീൻ അഫ്രീദി തുടക്കത്തിലെ ഇന്ത്യക്ക് ഇരട്ട പ്രഹരം നൽകി. ഷഹീൻ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ എൽബിയിൽ പുറത്താവുകയായിരുന്നു. മൂന്നാം ഓവറിൽ വീണ്ടും പന്തെടുത്തപ്പോൾ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുലിനെ ഒന്നാന്തരമൊരു ഇൻ-സ്വിങ്ങറിൽ അഫ്രീദി കുറ്റി പിഴുതു.

അവിടംകൊണ്ടും അവസാനിച്ചില്ല. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ഹസൻ അലി നാലാം പന്തിൽ സൂര്യകുമാറിനെ(11) വിക്കറ്റിന് പിന്നിൽ റിസ്വാന്റെ കൈകളിലെത്തിച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ 36-3 എന്ന നിലയിലായി ഇന്ത്യ.

എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച കോലി - ഋഷഭ് പന്ത് സഖ്യം 53 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ 13-ാം ഓവറിൽ പന്തിനെ മടക്കി ഷദാബ് ഖാൻ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 30 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 39 റൺസെടുത്താണ് പന്ത് മടങ്ങിയത്.

തുടർന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 13 പന്തിൽ 13 റൺസുമായി മടങ്ങി. കോലിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർക്കാനും ജഡേജയ്ക്കായി. എന്നാൽ കോലി 45 പന്തിൽ ഫിഫ്റ്റി പിന്നിട്ടതിന് തൊട്ടുപിന്നാലെ ജഡേജയെ 18-ാം ഓവറിൽ ഹസൻ അലി പുറത്താക്കി. 19-ാം ഓവറിൽ അഫ്രീദി കോലിയെ(49 പന്തിൽ 57) റിസ്വാന്റെ കൈകളിലെത്തിച്ചു. റൗഫിന്റെ അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ(11) വീണത് തിരിച്ചടിയായി. ഭുവിയും(5*) ഷമിയും(0*) പുറത്താകാതെ നിന്നു. ഷഹീൻ അഫ്രീദിയാണ് പാക്കിസ്ഥാനായി ബൗളിങ്ങിൽ തിളങ്ങിയത്. നാല് ഓവർ എറിഞ്ഞ താരം 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഹസൻ അലി രണ്ടു വിക്കറ്റെടുത്തു.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്റെ ആശങ്കയിലായിരുന്ന സ്പിന്നർ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയാണ് മറ്റൊരു സ്പിന്നർ. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ഇടംപിടിച്ചപ്പോൾ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവനേശ്വർ കുമാർ മൂന്നാം പേസറായെത്തി. ബാറ്റിംഗിൽ ഇഷാൻ കിഷനെ മറികടന്ന് സൂര്യകുമാർ യാദവും സ്ഥാനം കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP