Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഡ്‌നി ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് 66 റൺസ് ജയം; സെഞ്ചുറികളുമായി റൺമല ഉയർത്തി ആരോൺ ഫിഞ്ചും സ്റ്റീവൻ സ്മിത്തും; തുടക്കത്തിൽ വിക്കറ്റ് വീണിട്ടും വീറോടെ പൊരുതി പാണ്ഡ്യയും ധവാനും; ഇരുവരേയും പുറത്താക്കി മത്സരം തിരിച്ചുപിടിച്ചത് സ്പിന്നർ ആദം സാംപ

സിഡ്‌നി ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് 66 റൺസ് ജയം; സെഞ്ചുറികളുമായി റൺമല ഉയർത്തി ആരോൺ ഫിഞ്ചും സ്റ്റീവൻ സ്മിത്തും; തുടക്കത്തിൽ വിക്കറ്റ് വീണിട്ടും വീറോടെ പൊരുതി പാണ്ഡ്യയും ധവാനും; ഇരുവരേയും പുറത്താക്കി മത്സരം തിരിച്ചുപിടിച്ചത് സ്പിന്നർ ആദം സാംപ

ന്യൂസ് ഡെസ്‌ക്‌

സിഡ്‌നി: സിഡ്നി ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിക്ക് 66 റൺസിന്റെ തകർപ്പൻ ജയം. 375 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകൾ നഷ്ടത്തിൽ 308 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 76 പന്തിൽ 90 റൺസ് എടുത്ത ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടതാണ് പാണ്ഡ്യയുടെ ഇന്നിങ്സ്.

അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഹാർദ്ദിക് പാണ്ഡ്യയും ശിഖർ ധവാനും ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകിയിരുന്നു. ഇരുവരെയും പുറത്താക്കി സ്പിന്നർ ആദം സാംപയാണ് മത്സരം ഓസ്ട്രേലിക്ക് അനുകൂലമാക്കിയത്.

101 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച ധവാനും പാണ്ഡ്യയും ചേർന്ന് 128 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ധവാൻ 86 പന്തിൽ 74 റൺസ് എടുത്ത് പുറത്തായി.

ശിഖർ ധവാനും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത് 32 പന്തിൽ ഇരുവരും ചേർന്ന് 53 റൺസ് നേടി. ഓസിസ് പേസ് ബൗളിങ് നിരയെ ധവാനും മായങ്കും അനായാസം നേരിട്ടു. മായങ്ക് അഗർവാൾ 22 റൺസ് എടുത്ത് പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. നായകൻ കോലി (21), ശ്രേയസ് അയ്യർ (2) കെ.എൽ രാഹുൽ (12) എന്നിവരാണ് പുറത്തായത്. ഹേയ്സൽവുഡ് മൂന്നുവിക്കറ്റ് വീഴ്‌ത്തി. കോലിയെയും അയ്യരെയും ഓരേ ഓവറിലാണ് ഹെയ്സൽവുഡ് പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ രാഹുലിനെ ആദം സാംപ മടക്കി. സാംപ 54 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു.

സെഞ്ചുറി നേടിയ നായകൻ ആരോൺ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും കരുത്തിലാണ് ഓസിസ് കൂറ്റൻ സ്‌കോർ കെട്ടിപ്പടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസെടുത്തു. ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണ് ഇന്ന് ഓസ്‌ട്രേലിയ നേടിയത്. ഫിഞ്ച് 114 റൺസെടുത്തപ്പോൾ 66 പന്തുകളിൽ നിന്നും സ്മിത്ത് 105 റൺസെടുത്തു.

ഫിഞ്ചും 76 പന്തുകളിൽ നിന്നും 69 റൺസെടുത്ത വാർണറും ചേർന്ന് തകർപ്പൻ തുടക്കമാണ് ഓസിസിന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 156 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടയിൽ ഓസിസിനായി അതിവേഗത്തിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഫിഞ്ച് സ്വന്തമാക്കി.

എന്നാൽ വാർണറെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും നന്നായി ബാറ്റ് ചെയ്തതോടെ ഓസ്‌ട്രേലിയൻ സ്‌കോർ കുതിച്ചു. ഫിഞ്ചിനൊപ്പം ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് താരം കെട്ടിപ്പടുത്തു. 40-ാം ഓവറിൽ ഫിഞ്ചിനെ പുറത്താക്കി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. തൊട്ടുപിന്നാലെ വന്ന സ്റ്റോയിനിസിനെ പൂജ്യനായി ചാഹൽ മടക്കിയതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷകളുണർന്നു.

എന്നാൽ സ്റ്റോയിനിസ്സിന് ശേഷം ക്രീസിലെത്തിയ വെടിക്കെട്ട് താരം മാക്‌സ്വെൽ തലങ്ങും വിലങ്ങും ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ചു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതാരം 19 പന്തുകളിൽ നിന്നും 45 റൺസെടുത്തു. മാക്‌സ്വെല്ലിനെ പുറത്താക്കി ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. അപ്പോഴേക്കും സ്‌കോർ 330 കടന്നിരുന്നു. മാക്‌സ്വെല്ലിന് പകരം ക്രീസിലെത്തിയ ലബുഷെയ്‌നിനെ സൈനി മടക്കിയതോടെ വീണ്ടും ഇന്ത്യ ഓസിസിന് ഇരട്ട പ്രഹരമേകി.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറിൽ 59 റൺസ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ബുംറ, സെയ്‌നി, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ടാം ഏകദിനം ഞായറാഴ്ച ഇതേ വേദിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP