Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാട്രിക്കടക്കം നാല് വിക്കറ്റ് പ്രകടനവുമായി കുൽദീപ്; മിന്നുന്ന തുടക്കമിട്ട് പൃഥ്വി ഷാ; നായക മികവ് തെളിയിച്ച് സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ജയം നാല് വിക്കറ്റിന്

ഹാട്രിക്കടക്കം നാല് വിക്കറ്റ് പ്രകടനവുമായി കുൽദീപ്; മിന്നുന്ന തുടക്കമിട്ട് പൃഥ്വി ഷാ; നായക മികവ് തെളിയിച്ച് സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ജയം നാല് വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

ചെന്നൈ: നായകൻ സഞ്ജു സാംസൺ മുന്നിൽ നിന്നു പട നയിച്ച രണ്ടാം ഏകദിന മത്സരത്തിലും ന്യൂസിലൻഡ് എയ്ക്കെതിരെ തകർപ്പൻ ജയത്തോടെ ഇന്ത്യ എ ടീം പരമ്പര സ്വന്തമാക്കി. കുൽദീപ് യാദവിന്റെ ഹാട്രിക്ക് വിക്കറ്റ് പ്രകടനവും പൃഥ്വി ഷായുടെ ബാറ്റിങ് വെടിക്കെട്ടുമാണ് ഇന്ത്യൻ നിരയുടെ ജയത്തിന് നിർണായകമായത്. രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റ് ജയം നേടിയ ഇന്ത്യ എ മൂന്ന് മത്സരങ്ങളുടെ പരമ്പര 2 - 0ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ 219 റൺസെടുത്തപ്പോൾ ഇന്ത്യ 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. സഞ്ജു സാംസൺ 35 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പടെ 37 റൺസെടുത്ത് പുറത്തായി. സഞ്ജുവാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്‌കോറുകാരൻ. 77 റൺസുമായി പൃഥ്വി ഷാ ബാറ്റിംഗിലും ഹാട്രിക്കടക്കം 4 വിക്കറ്റുമായി കുൽദീപ് യാദവ് ബൗളിംഗിലും തിളങ്ങി. ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. സ്‌കോർ: ന്യൂസിലൻഡ്- 219(47), ഇന്ത്യ 222-6(34.0).

220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വിസ്മയ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും റുതുരാജ് ഗെയ്ക്വാദും ഇന്ത്യക്ക് നൽകിയത്. ടീം സ്‌കോർ 82ൽ നിൽക്കേ റുതുരാജ് പുറത്തായി. 34 പന്തിൽ 30 റൺസ് താരം നേടി. എന്നാൽ രണ്ടാം വിക്കറ്റിൽ രജത് പടിദാറിനെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ടുനയിച്ച ഷാ അർധസെഞ്ചുറി നേടി. പടിദാർ 17 പന്തിൽ 20 ഉം തിലക് വർമ ഗോൾഡൻ ഡക്കായും അടുത്തടുത്ത ഓവറുകളിൽ പുറത്തായതൊന്നും ഇന്ത്യൻ സ്‌കോറിംഗിനെ തെല്ല് ബാധിച്ചില്ല. 48 പന്ത് നീണ്ട ഇന്നിങ്സിൽ 11 ഫോറും മൂന്ന് സിക്സും സഹിതം ഷാ 77 റൺസെടുത്തു.

ആദ്യ ഏകദിനത്തിലെ മികവ് തുടർന്ന സഞ്ജു സാംസൺ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയെങ്കിലും 35 പന്തിൽ 37 റൺസെടുത്ത് നിൽക്കേ വാൻ ബീക്കിന്റെ പന്തിൽ പുറത്തായി. തൊട്ടുപിന്നാലെ രജൻഗാഡ് ബാവയും(0) മടങ്ങി. എങ്കിലും റിഷി ധവാനും(43 പന്തിൽ 22*), ഷർദ്ദുൽ ഠാക്കൂറും(25 പന്തിൽ 25*) ഇന്ത്യയെ 34 ഓവറിൽ വിജയത്തിലെത്തിച്ചു. ആദ്യ ഏകദിനത്തിൽ സഞ്ജു 32 പന്തിൽ പുറത്താവാതെ 29* റൺസുമായി ക്യാപ്റ്റന്റെ മാച്ച് വിന്നിങ് ഇന്നിങ്സ് പുറത്തെടുത്തിരുന്നു.

നേരത്തെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് എയെ ഹാട്രിക്കടക്കം നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് തകർത്തത്. ജോ കാർട്ടർ (72), രചിൻ രവീന്ദ്ര (61) എന്നിവരാണ് ന്യൂസിലൻഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവർ. ചാഡ് ബൗസ്(15), ഡെയ്ൻ ക്ലീവർ(6), ക്യാപ്റ്റൻ റോബർട്ട് ഒ ഡോണിൽ(0), ടോം ബ്രൂസ്(10), സീൻ സോളിയ(28), മിച്ചൽ റിപ്പൺ(10), ലോഗൻ വാൻ ബീക്ക്(4), ജോ വോക്കർ(0), ജേക്കബ് ഡഫ്ഫി(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ. 47-ാം ഓവറിൽ വാൻ ബീക്ക്, വോക്കർ, ഡഫ്ഫി എന്നിവരെ പുറത്താക്കിയായിരുന്നു കുൽദീപിന്റെ ഹാട്രിക്. റിഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ രണ്ടും ഉംറാൻ മാലിക്, രജൻഗാഡ് ബാവ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP