Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പെൺപുലികളുടെ വിജയത്തിൽ മതിമറന്ന് ഫീൽഡിലെ പിൻകരുത്തായ പരിശീലകൻ ബിജു ജോർജ്ജും; ലോകകപ്പ് നേടാൻ യുകെയിലെ മലയാളി സമൂഹം പ്രാർത്ഥനയിൽ

ഇന്ത്യൻ പെൺപുലികളുടെ വിജയത്തിൽ മതിമറന്ന് ഫീൽഡിലെ പിൻകരുത്തായ പരിശീലകൻ ബിജു ജോർജ്ജും; ലോകകപ്പ് നേടാൻ യുകെയിലെ മലയാളി സമൂഹം പ്രാർത്ഥനയിൽ

ശ്രീകുമാർ കല്ലിട്ടതിൽ

ഡെർബി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകർത്തു ഇന്ത്യൻ പെൺപുലികൾ ഫൈനലിൽ പ്രവേശിച്ചപ്പോൾ വിജയാഹ്ലാദം മുഴുവൻ ഫീൽഡിലെ പിൻകരുത്തായ പരിശീലകൻ ബിജു ജോർജ്ജിനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ബിജു ജോർജ് ആണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ എന്നതാണ് വിജയത്തിനു പിന്നിലെ മലയാളി താരകം.

പ്രായം ചെന്ന ഇംഗ്‌ളീഷുകാർ കൂട്ടമായി മാറി താമസിക്കുന്ന വിലകൂടിയ സ്ഥലമായ ഡെർബിയിൽ പെൺപുലികൾ കരുത്തുകാട്ടിയപ്പോൾ കാഴ്ചക്കാരായി മലയാളികളുൾപ്പടെ ഇന്ത്യക്കാർ ആഹ്ലാദനൃത്തം ആടി. മലയാളി പരിശീലകൻ ആയ ബിജുവിനെ നെഞ്ചിലേറ്റി എങ്ങും ആഹ്ലാദപ്പെരുമഴയായിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിന് ഇന്ത്യൻ വനിതാലോകകപ്പിന്റെ ഫീൽഡിങ് പരിശീലകരിൽ ഒരാളായി ചുമതലയേറ്റ തിരുവനന്തപുരംകാരനായ ബിജു ജോർജ് വിശ്രമില്ലാതെ ടീമിന് വേണ്ടി നടത്തുന്ന പരിശീലനം ലോകകപ്പ് മുത്തം ഇടാൻ വരെ എത്തട്ടെ എന്നാണ് യുകെയിലെ മലയാളി സമൂഹത്തിന്റെയും പ്രാർത്ഥന. കഠിനമായ പരിശീലനം ആണ് ഈ ഫീൽഡിങ് പരിശീലകൻ ഇന്ത്യൻ വനിതാ ടീമിന് നൽകുന്നത്. അതിന്റെ ഫലം കണ്ടു. റൺസുകൾ ചോരാതെ പരമാവധി ഫീൽഡർമാർ ശ്രദ്ധിച്ചപ്പോൾ ഓസ്ട്രേലിയൻ ജയം സ്വപ്‌നമായി പൊലിയുകയായിരുന്നു.

വനിതാ ലോകക്കപ്പ് സെമി ഫൈനൽ വിജയത്തിൽ ഹർമൻ പ്രീത് അടിച്ചുവാരിയ 115 പന്തിൽ 171 റൺസാണ് ഇന്ത്യൻ വിജയത്തിന് പ്രധാന കാരണമായി മാറിയത്. ഇന്ത്യ 36 റൺസിന് ഓസ്ട്രേലിയയെ തകർത്തപ്പോൾ ഇന്ത്യയുടെ 281 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 40.1 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയൻ നിരയിൽ അലക്‌സ് ബ്ലാക്വെൽ, എലിസെ വില്ലനി, എലിസെ പെറി എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. ബ്ലാക്വെൽ 56 പന്തിൽ 90 റൺസും വില്ലനി 58 പന്തിൽ 75 റൺസുമെടുത്തു. അവസാന വിക്കറ്റിൽ ബ്ലാക്ക്വെല്ലും ബീംസും ചേർന്ന് 76 റൺസ് നേടി. ദീപ്തി ശർമ മൂന്നും ശിഖ പാണ്ഡേ, ജുലൻ ഗോസ്വാമി എന്നിവർ രണ്ടു വിക്കറ്റുകളെടുത്തു.

മഴമൂലം 42 ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ, ഹർമൻപ്രീത് കൗറിന്റെ കരുത്തുറ്റ പ്രകടനമാണ് നാലു വിക്കറ്റിന് 281 സ്‌കോർ ഇന്ത്യക്ക് സമ്മാനിച്ചത്. 115 പന്തിൽ ഹർമൻപ്രീത് 171 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ ദീപ്തി ശർമയ്‌ക്കൊപ്പം ഹർമൻപ്രീത് കൂട്ടിച്ചേർത്ത 137 റൺസാണ് ഇന്ത്യൻ സ്‌കോർ 250 കടത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറു പന്തിൽനിന്ന് ആറു റൺസ് മാത്രമാണ് മന്ദാനക്ക് എടുക്കാൻ സാധിച്ചത്. സ്‌കോർ 35ൽ എത്തിയപ്പോൾ പുനം റൗട്ടും പുറത്തായി. തുടർന്ന് ഒന്നിച്ച ഹർമൻപ്രീത് - മിതാലി രാജ് സഖ്യം ഇന്ത്യൻ സ്‌കോർ 100 കടന്നു പക്ഷെ മിതാലി ഔട്ടായി.

തുടർന്ന് ഹർമൻപ്രീതിന്റെ വെടിക്കെട്ട് പ്രകടനം. വീരുവിനെ പോലെ തലങ്ങും വിലങ്ങും ഓസീസ് ബോളർമാരെ നിഷ്‌കരുണം അടിച്ചുപറത്തുകയായിരുന്നു. ഹർമൻപ്രീത് സിക്‌സുകളും ഫോറുകളുമായി കാണികൾക്കും ആവേശമായപ്പോൾ ഇന്ത്യൻ സ്‌കോർ അതിവേഗം 200 കടന്നു. സ്‌കോർ 238ൽ നിൽക്കെ ദീപ്തി ശർമ്മ പുറത്തായെങ്കിലും വേദ കൃഷ്ണമൂർത്തിയെ കൂട്ടുപിടിച്ച് ഹർമൻപ്രീത് ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചു. 2005ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തി പക്ഷെ ഓസ്‌ട്രേലിയയോട് പരാജയപെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP