Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐസിസി ഏകദിന റാങ്കിങ്; മൂന്നര വർഷത്തിനുശേഷം ഒന്നാം സ്ഥാനം കൈവിട്ട് വിരാട് കോലി; ബാബർ അസം മറികടന്നത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ബാറ്റിങ് മികവിൽ; ബോളർമാരിൽ ട്രെന്റ് ബോൾട്ട് മുന്നിൽ

ഐസിസി ഏകദിന റാങ്കിങ്;  മൂന്നര വർഷത്തിനുശേഷം ഒന്നാം സ്ഥാനം കൈവിട്ട് വിരാട് കോലി; ബാബർ അസം മറികടന്നത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ബാറ്റിങ് മികവിൽ; ബോളർമാരിൽ ട്രെന്റ് ബോൾട്ട് മുന്നിൽ

സ്പോർട്സ് ഡെസ്ക്

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നര വർഷമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന പാക്കിസ്ഥാൻ നായകൻ ബാബർ അസം ഒന്നാമത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ബാബറിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബർ.

ഐസിസിയുടെ പുതിയ റാങ്കിങ്ങിലാണ് കോലിയെ പിന്തള്ളി അസം മുന്നിലെത്തിയത്. 865 പോയിന്റുമായാണ് അസം ഒന്നാമനായത്. 857 പോയിന്റുള്ള കോലി രണ്ടാമതും 825 പോയിന്റുള്ള രോഹിത് ശർമ മൂന്നാമതുമാണ്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങൾ ആരുമില്ല.

ഏതാണ്ട് മൂന്നര വർഷത്തോളം തുടർച്ചയായി ഒന്നാം സ്ഥാനത്തിരുന്ന കോലിയുടെ റാങ്കിങ്ങിലെ ആധിപത്യത്തിനു കൂടിയാണ് അസം വിരാമമിട്ടത്. 2017ൽ ഓഗസ്റ്റിൽ ഒന്നാം റാങ്കിലെത്തിയ കോലി, 1258 ദിവസങ്ങളാണ് തലപ്പത്തിരുന്നത്. സഹീർ അബ്ബാസ് (198384), ജാവേദ് മിയാൻദാദ് (198889), മുഹമ്മദ് യൂസഫ് (2003) എന്നിവർക്കു ശേഷം ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ പാക്കിസ്ഥാൻ താരമാണ് അസം.

രാജ്യാന്തര തലത്തിൽ വിരാട് കോലിയും ബാബർ അസമും തമ്മിലുള്ള താരതമ്യങ്ങൾ വർധിക്കുന്നതിനിടെയാണ് പാക്ക് നായകൻ കോലിയെ പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഒരു സെഞ്ചുറി സഹിതം 228 റൺസടിച്ച അസം കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാനായിരുന്നു.

ഇതേ പരമ്പരയിൽ രണ്ടു സെഞ്ചുറി കുറിച്ച പാക്കിസ്ഥാന്റെ ഓപ്പണർ ഫഖർ സമാനും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. വൻ മുന്നേറ്റം നടത്തിയ സമാൻ ഏഴാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു മത്സരത്തിൽ സമാൻ 193 റൺസെടുത്ത് റണ്ണൗട്ടായിരുന്നു.

ബോളർമാരുടെ റാങ്കിങ്ങിൽ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഫ്ഗാൻ താരം മുജീബുർ റഹ്മാനാണ് രണ്ടാമത്. ന്യൂസീലൻഡിന്റെ തന്നെ മാറ്റ് ഹെന്റി മൂന്നാമതുണ്ട്. ജസ്പ്രീത് ബുമ്ര (നാല്) മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബോളർ. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒൻപതാമതുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ സാന്നിധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP