Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിമൂന്ന് വർഷക്കാലം ഐസിസി എലൈറ്റ് പാനൽ അമ്പയർ; ഐപിഎൽ ഒത്തുകളി ആരോപണവും ലൈംഗിക പീഡന ആരോപണവും തിരിച്ചടിയായി; ഇന്ന് ലാഹോറിലെ തുണിക്കട ഉടമ; ആസാദ് റൗഫിന്റെ ജീവിതം വഴിമാറിയത് ഇങ്ങനെ

പതിമൂന്ന് വർഷക്കാലം ഐസിസി എലൈറ്റ് പാനൽ അമ്പയർ; ഐപിഎൽ ഒത്തുകളി ആരോപണവും ലൈംഗിക പീഡന ആരോപണവും തിരിച്ചടിയായി; ഇന്ന് ലാഹോറിലെ തുണിക്കട ഉടമ; ആസാദ് റൗഫിന്റെ ജീവിതം വഴിമാറിയത് ഇങ്ങനെ

സ്പോർട്സ് ഡെസ്ക്

കറാച്ചി: പതിമൂന്ന് വർഷക്കാലം ഐസിസിയുടെ എലൈറ്റ് പാനൽ അമ്പയറായിരുന്ന പാക്കിസ്ഥാന്റെ ആസാദ് റൗഫ് ഇന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് തന്റെ തുണിക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ. 2000 മുതൽ 2013വരെ നീണ്ട അമ്പയറിങ് കരിയറിൽ 98 ഏകദിനങ്ങളിലും 23 ട്വന്റി മത്സരങ്ങളിലും 49 ടെസ്റ്റ് മത്സരങ്ങളിലും അമ്പയറായിരുന്നു ആസാദ് റൗഫ്.

അലീംദാറിനൊപ്പം പാക്കിസ്ഥാനിൽ നിന്നുള്ള മികച്ച അമ്പയറായിട്ടാണ് ആസാദിനെ കണക്കാക്കിയിരുന്നത്.ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ ഐപിഎല്ലാണ് റൗഫിന്റെ ജീവിതം മാറ്റിയത്. 2013ൽ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയർന്ന ഒത്തുകളി ആരോപണങ്ങളും പിന്നാലെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളുമാണ് റൗഫിന്റെ ജീവിതത്തെ ഒന്നാകെ പിടിച്ചുലച്ചത്. ഐസിസി വിലക്ക് ഏർപ്പെടുത്തിയതോടെ ക്രിക്കറ്റ് ലോകത്ത് നിന്നും പുറത്തായി.


2013-ൽ  ഒത്തുകളി വിവാദത്തിലാണ് റൗഫും ഉൾപ്പെട്ടത്. റൗഫ് വാതുവെപ്പുകാരിൽ നിന്ന് പണം വാങ്ങിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. തുടർന്ന് 2016-ൽ ബിസിസിഐ റൗഫിന് വിലക്കേർപ്പെടുത്തി. അഞ്ച് വർഷം ഐപിഎല്ലിൽ അമ്പയറായിരുന്ന ആസാദിനെ മികച്ച ഒഫിഷ്യലായും തിരഞ്ഞെടുത്തിരുന്നു. ക്രിക്കറ്റ് കളിയിൽ വിലക്കേർപ്പെടുത്തിയ ശേഷമാണ് ആസാദ് തുണിക്കട തുടങ്ങിയത്.



ലാഹോറിലുള്ള ലാന്ദാ ബസാറിൽ, വസ്ത്രങ്ങളും ഷൂവും വിൽക്കുന്ന കട നടത്തുകയാണ് ആസാദ് റൗഫ് ഇപ്പോൾ. 2013നുശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ റൗഫ് പാക്ടിവി ഡോട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞാനൊരു കാര്യം ഒരിക്കൽ ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ 2013നുശേഷം ക്രിക്കറ്റിൽ എന്തു നടക്കുന്നു എന്ന് ശ്രദ്ധിക്കാറേ ഇല്ലെന്നും റൗഫ് പറഞ്ഞു.

ഒത്തുകളി ആരോപണത്തിലും സംശയാസ്പദ വ്യക്തിത്വമുള്ളവരിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങി എന്ന കുറ്റത്തിനും 2016ലാണ് ഐസിസിസ റൗഫിനെ അഞ്ച് വർഷത്തേക്ക് വിലക്കിയത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ഒത്തുകളി ആരോപണത്തിന് പിന്നിൽ ബിസിസിഐ ആണെന്നും തനിക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും റൗഫ് പറഞ്ഞു.

2012ൽ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലും റൗഫ് ആരോപണവിധേയനായിരുന്നു. വിവാഹ വാഗ്ദാനം നൽകി റൗഫ് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാൽ ആരോപണത്തിന് 10 വർഷങ്ങൾക്കുശേഷം റൗഫ് നൽകുന്ന മറുപടി ഇതാണ്. യുവതിയിൽ നിന്ന് ആരോപണം ഉയർന്നിട്ടും 2013ലെ ഐപിഎല്ലിൽ ഞാൻ അമ്പയറായിരുന്നിട്ടുണ്ട്. കളിക്കാരും അവരുടെ ഭാര്യമാരുമെല്ലാം എന്നോടൊപ്പം സമയം ചെലവിടുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്. പലപ്പോഴും കളിക്കാരുടെ ഭാര്യമാർ എനിക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി പറഞ്ഞിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

പാക്കിസ്ഥാനിൽ തുണിയും പാദരക്ഷകളുമെല്ലാം വില കുറച്ചു കിട്ടുന്ന ഇടമാണ് ലാഹോറിലെ പ്രശസ്തമായ ലാന്ദാ ബസാർ. സെക്കൻഡ് ഹാൻഡ് സാധനങ്ങൾക്കും ഇവിടെ പേരുകേട്ടതാണ്. തന്റ ഉപജീവനത്തിനായി മാത്രമല്ല ഇവിടെയുള്ള ജീവനക്കാർക്കുവേണ്ടി കൂടിയാണ് കട നടത്തുന്നതെന്ന് റൗഫ് പറഞ്ഞു. എനിക്ക് ആർത്തിയില്ല. ഞാൻ പണം ഒരുപാട് കണ്ടതാണ്, ലോകവും. എന്റെ ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മറ്റൊരു മകൻ അമേരിക്കയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി മടങ്ങിവന്നതേയുള്ളു. തുടങ്ങിവെച്ച കാര്യങ്ങളെല്ലാം ഉന്നതിയിൽ എത്തിക്കുന്നത് എന്റെ ശീലമാണ്. ക്രിക്കറ്റിലായാലും കച്ചവടത്തിലായാലും താൻ അങ്ങനെ തന്നെയാണെന്നും റൗഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP