Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലങ്ക മുങ്ങി; ചരിത്രത്തിലാദ്യമായി ലോകകപ്പിലെ നോക്കൗട്ട് മത്സരം ജയിച്ച് ദക്ഷിണാഫ്രിക്ക; ഡുമിനിക്ക് ഹാട്രിക്; നാലു വിക്കറ്റെടുത്ത ഇമ്രാൻ താഹിർ മാൻ ഓഫ് ദ മാച്ച്‌

ലങ്ക മുങ്ങി; ചരിത്രത്തിലാദ്യമായി ലോകകപ്പിലെ നോക്കൗട്ട് മത്സരം ജയിച്ച് ദക്ഷിണാഫ്രിക്ക; ഡുമിനിക്ക് ഹാട്രിക്; നാലു വിക്കറ്റെടുത്ത ഇമ്രാൻ താഹിർ മാൻ ഓഫ് ദ മാച്ച്‌

സിഡ്‌നി: ലങ്കൻ കപ്പൽ ക്വാർട്ടറിൽ മുങ്ങിയപ്പോൾ ലോകകപ്പ് നോക്കൗട്ടിലെ തങ്ങളുടെ ആദ്യ ജയം നുകർന്ന് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ശ്രീലങ്ക ഉയർത്തിയ 134 റൺ വിജയലക്ഷ്യം വെറും 18 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

192 പന്ത് ശേഷിക്കെ നേടിയ ജയം നോക്കൗട്ടുകളിൽ ബാക്കിയുള്ള പന്തുകളുടെ കാര്യത്തിൽ ഏറ്റവും വലിയതെന്ന റെക്കോർഡു, ദക്ഷിണാഫ്രിക്കയ്ക്കു സമ്മാനിച്ചു.

പേസർമാർ ആദ്യ ഘട്ടത്തിൽ അരങ്ങുവാണപ്പോൾ തന്നെ മുട്ടിടിച്ച ശ്രീലങ്ക ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരുടെ മുമ്പിലും തലകുനിച്ചു. 37.2 ഓവറിൽ ലങ്ക വെറും 133 റൺസിന് ഓൾഔട്ടായി. തുടർച്ചയായി നാല് സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ച സംഗക്കാര(45)യും തിരിമന്നെ(41)യും മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചു നി്ന്നത്. ഹാട്രിക് നേടിയ ജെ പി ഡുമിനിയും നാലുവിക്കറ്റെടുത്ത ഇമ്രാൻ താഹിറും ചേർന്നാണ് ലങ്കയെ തകർത്ത്.

ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ് ഡുമിനി നേടിയത്. ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ സ്റ്റീവൻ ഫിൻ നേരത്തെ ഹാട്രിക് നേടിയിരുന്നു. ആഞ്ചെലോ മാത്യുസ്(19), കുലശേഖര(1), കുശാൽ(0) എന്നിവരെയാണ് ഡുമിനി തുടർച്ചയായ പന്തുകളിൽ പുറത്താക്കിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായ ലങ്കയെ സംങ്കക്കാര(45)യും തിരിമന്നെ(41)ഉം ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും തിരിമന്നെ പുറത്തായതോടെ കളിയുടെ ഗതിയും മാറുകയയിരുന്നു.

അഞ്ചാം വിക്കറ്റിൽ ഏഞ്ചലോ മാത്യൂസും സംഗയും ചേർന്ന് 9.5 ഓവറിൽ 33 റൺസെടുത്തു. എന്നാൽ, മാത്യൂസിനെ വീഴ്‌ത്തി ഡുമിനി തകർച്ചയ്ക്ക് ആക്കം കൂട്ടി. മൂന്ന് റൺസെടുത്ത പെരേരയും റൺസൊന്നുമെടുക്കാതെ ദിൽഷനുമാണ് തുടക്കത്തിൽ തന്നെ പുറത്തായത്. സ്‌റ്റെയിനിനും ആബോട്ടിനുമായിരുന്നു വിക്കറ്റ്. പിന്നീട് ലങ്ക തകർന്നടിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. നാല് റൺസുമായി ജയവർദ്ധനെ മടങ്ങി. പിന്നീടായിരുന്നു ലങ്കയെ തകർത്ത ഹാട്രിക്കുമായി ഡുമിനി അരങ്ങുവാണത്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ അടിച്ചുതകർക്കുകയായിരുന്നു. 16 റണ്ണിന് പുറത്തായ ഹാഷിം അംലയുടെ വിക്കറ്റു മാത്രമാണ് ലങ്കൻ നിരയ്ക്ക് ആശ്വാസമേകിയത്. മലിംഗയുടെ പന്തിൽ കുലശേഖര പിടിച്ചാണ് അംല പുറത്തായത്. ടൂർണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്ന വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കാണ് ഇന്ന് ശ്രീലങ്കയെ തച്ചുതകർത്തത്. ഫോമിന്റെ വഴിയിലെത്തിയ കോക്ക് 57 പന്തിൽ 12 ഫോറുൾപ്പെടെ 78 റണ്ണെടുത്തു പുറത്താകാതെ നിന്നു. 21 റണ്ണെടുത്ത ഫാ ഡുപ്ലെസിയും പുറത്താകാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

തങ്ങളുടെ അവസാന ഏകദിന മത്സരത്തിൽ രാജ്യത്തെ വിജയത്തിൽ എത്തിക്കാൻ ആയില്ലല്ലോ എന്ന വിഷമത്തിലാണ് സൂപ്പർ താരങ്ങളായ കുമാർ സംഗക്കാരയും മഹേല ജയവർധനെയും. ഈ ലോകകപ്പോടെ വിരമിക്കുമെന്ന് ഇരുതാരങ്ങളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നാലുവിക്കറ്റെടുത്തു ശ്രീലങ്കയെ തകർത്ത ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറാണ് മാൻ ഓഫ് ദ മാച്ച്. ഈ ലോകകപ്പിൽ ഇതുവരെ 15 വിക്കറ്റുകളാണ് താഹിറിന്റെ സമ്പാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP