Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച പ്രകടനം പുറത്തെടുത്ത് കളിയിലെ താരമായി റഷീദ് ഖാൻ; 163 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ പിടിച്ചു കെട്ടിയത് ബൗളർമാർ; സൺറൈസേഴ്‌സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയപ്പോൾ ആദ്യ തോൽവിയറിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

മികച്ച പ്രകടനം പുറത്തെടുത്ത് കളിയിലെ താരമായി റഷീദ് ഖാൻ; 163 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ പിടിച്ചു കെട്ടിയത് ബൗളർമാർ; സൺറൈസേഴ്‌സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയപ്പോൾ ആദ്യ തോൽവിയറിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ബൗളർമാരുടെ മികവിൽ ഐ.പി.എൽ 13-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 163 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. സൺറൈസേഴ്‌സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയപ്പോൾ ഈ സീസണിലെ ആദ്യ പരാജയം ഡൽഹി ക്യാപിറ്റൽസ് ഏറ്റുവാങ്ങി. ശരിക്കും സൺറൈസേഴ്‌സിലെ ബൗളർമാരുടെ കളിയായിരുന്നു ഇന്നലത്തേത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഡൽഹി പുല്ലുപോലെ അടിച്ചെടുക്കുമെന്നാണ് കരുതിയത്. എന്നാൽ ഡൽഹിക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിന്റെ ബൗളർമാർ റണ്ണൊന്നും വിട്ടു നൽകാതെ ഡൽഹിയെ തളയ്ക്കുക ആയിരുന്നു. നാല് ഓവറിൽ വെറും 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വർ കുമാർ, നടരാജൻ തുടങ്ങിയവരും മികവ് പുലർത്തി.

ടോപ് സ്‌കോറർ കൂടിയായ ഓപ്പണർ ശിഖർ ധവാൻ (31 പന്തിൽ 34), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (21 പന്തിൽ 17), ഋഷഭ് പന്ത് (27 പന്തിൽ 28) എന്നിവരെയാണ് റാഷിദ് ഖാൻ 'കറക്കി വീഴ്‌ത്തിയത്'. പൃഥ്വി ഷാ (അഞ്ച് പന്തിൽ രണ്ട്), ഷിംമ്രോൺ ഹെറ്റ്മയർ (12 പന്തിൽ 21), മാർക്കസ് സ്റ്റോയ്‌നിസ് (ഒൻപത് പന്തിൽ 11), അക്‌സർ പട്ടേൽ (ആറു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അവസാന പന്തിലെ സിക്‌സർ സഹിതം കഗീസോ റബാദ ഏഴു പന്തിൽ15 റൺസോടെയും ആന്റിച് നോർജെ മൂന്നു റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിരുന്നു. ജോണി ബെയർസ്റ്റോ (53), ഡേവിഡ് വാർണർ (45), കെയ്ൻ വില്യംസൺ (41) എന്നിവരുടെ ഇന്നിങ്സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന ഓപ്പണിങ് സഖ്യം 9.3 ഓവറിൽ 77 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത വാർണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടർന്ന് വന്ന മനീഷ് പാണ്ഡെയ്ക്ക് കഴിഞ്ഞ മത്സരങ്ങളിലെ മികവ് തുടരാനായില്ല. അഞ്ചു പന്തിൽ നിന്ന് മൂന്നു റൺസെടുത്ത പാണ്ഡെയെ മിശ്ര തന്നെ മടക്കി. തുടർന്ന് വില്യംസണുമായി ചേർന്ന് ബെയർസ്റ്റോ സ്‌കോർ 144 വരെയെത്തിച്ചു. 48 പന്തിൽ ഒരു സിക്സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്സായിരുന്നു ബെയർസ്റ്റോയുടേത്. 53 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തിൽ നിന്ന് 41 റൺസെടുത്ത വില്യംസനാണ് ഡൽഹി സ്‌കോർ 150 കടത്തിയത്.

അരങ്ങേറ്റ മത്സരം കളിച്ച അബ്ദുൽ സമദ് ഏഴു പന്തിൽ ഓരോ ഫോറും സിക്സും സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു. മുൻ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡൽഹി കാഴ്ചവെച്ചത്. നാല് ഓവർ എറിഞ്ഞ റബാദ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു. . ഹൈദരാബാദിനായി റാഷിദ് ഖാനു പുറമെ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടും ഖലീൽ അഹമ്മദ്, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP