Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരും മനുഷ്യരല്ലേ? തെറ്റ് പറ്റിപ്പോയെന്ന് സഞ്ജു; ടിസി മാത്യുവിനെ തെറി പറഞ്ഞെന്ന് സമ്മതിച്ച് വിശ്വനാഥും; ബാറ്റ് തല്ലിയൊടിച്ചത് മാനസിക സമ്മർദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്തെന്ന് അന്വേഷണ സമിതിയും; അച്ചടക്ക ലംഘനത്തിൽ അച്ഛനെ വിലക്കി മകനെ വെറുതെ വിടാൻ കെസിഎ

എല്ലാവരും മനുഷ്യരല്ലേ? തെറ്റ് പറ്റിപ്പോയെന്ന് സഞ്ജു; ടിസി മാത്യുവിനെ തെറി പറഞ്ഞെന്ന് സമ്മതിച്ച് വിശ്വനാഥും; ബാറ്റ് തല്ലിയൊടിച്ചത് മാനസിക സമ്മർദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്തെന്ന് അന്വേഷണ സമിതിയും; അച്ചടക്ക ലംഘനത്തിൽ അച്ഛനെ വിലക്കി മകനെ വെറുതെ വിടാൻ കെസിഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡ്രസിങ് റൂമിലെ സഞ്ജു വി സാംസണിന്റെ ബാറ്റ് തല്ലിപൊളിക്കലും തുടർന്നുള്ള വിവാദവും പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. സഞ്ജുവിന്റെ അച്ഛൻ കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ ചീത്തവിളിച്ചതും പുറം ലോകം അറിഞ്ഞത് മറുനാടനിലൂടെയായിരുന്നു. തുടർന്ന് താരത്തിന്റെ കുറ്റസമ്മത ഇമെയിലിലെ വിശദാംശങ്ങളും ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിൽ കെസിഎ എത്തിയെന്നും പുറംലോകത്തെ അറിയിച്ചു. മറുനാടന്റെ ഈ വാർത്തകളെല്ലാം ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഇന്ന് കെസിഎയിൽ ഉണ്ടായത്. തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സഞ്ജു നേരിട്ടെത്തി. നേരത്തെ സഞ്ജുവിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് പരസ്യമായി പറഞ്ഞ അച്ഛൻ വിശ്വനാഥനെ തള്ളിപ്പറയുന്നതു കൂടിയായി സഞ്ജുവിന്റെ പ്രതികരണം.

ഇതോടെ സഞ്ജുവിന്റെ തെറ്റ് ഏറ്റുപറച്ചിൽ ആത്മാർത്ഥതയോടെയാണെന്ന് അച്ചടക്ക സമിതിയും നിലപാടിലെത്തി. അതായത് സഞ്ജുവിനെതിരെ കെസിഎ നടപടിയെടുക്കില്ലെന്നും ഉറപ്പായി. പക്ഷേ ടിസി മാത്യുവിനെ ചീത്ത പറഞ്ഞ സഞ്ജുവിന്റെ അച്ഛന് വിലക്ക് ഏർപ്പെടുത്താനാണ് കെസിഎയുടെ തീരുമാനം. സഞ്ജുവിന്റെ അച്ഛന് കുറഞ്ഞത് ഒരുവർഷത്തേക്ക് കെസിഎയുടേയും ബിസിസിഐയുടേയും മത്സരങ്ങൾ കാണുന്നതിന് വിലക്ക് ഏർപ്പെടുത്തും. അതായത് സഞ്ജുവിന്റെ മത്സരമൊന്നും തൽകാലത്ത് സ്റ്റേഡിയത്തിൽ ഇരുന്ന് കാണാൻ വിശ്വനാഥന് കഴിയില്ല. അച്ചടക്ക സമിതിക്ക് മുമ്പും പുറത്തും സഞ്ജു പരസ്യമായി കുറ്റസമ്മതം നടത്തി. അച്ചടക്ക സമിതിയിൽ മൊഴി നൽകാനെത്തിയ വിശ്വനാഥും മാത്യുവിനെ ചീത്ത പറഞ്ഞത് സമ്മതിച്ചു. പരിക്കുള്ളതിനാൽ എൻസിഎയിൽ പരിശീലനത്തിന് സൗകര്യമൊരുക്കാൻ വേണ്ടിയാണ് വിളിച്ചത്. എന്നാൽ മാത്യു സാറിനോട് പ്രകോപനം ഉണ്ടാകുന്ന തരത്തിൽ സമ്മതിച്ചുവെന്ന് വിശ്വനാഥനും മൊഴി നൽകി.

മൊഴി നൽകലിന് ശേഷമാണ് മാദ്ധ്യമങ്ങൾ മുന്നിൽ സഞ്ജു എല്ലാം തുറന്ന് പറഞ്ഞത്. എല്ലാവരും മനുഷ്യരല്ലേ? തെറ്റ് പറ്റിപ്പോയെന്ന് സഞ്ജു മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. അന്തിമ തീരുമാനം എടുക്കേണ്ടത് കെസിഎ ആണ്. തനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ സഞ്ജു പറഞ്ഞു. അച്ചടക്ക സമിതിക്ക് മുമ്പിൽ സഞ്ജു എല്ലാം ഏറ്റു പറഞ്ഞു മാപ്പ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതിന്റെ നിരാശയിലാണ് തന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് അന്വേഷണ സമിതിക്ക് മുന്നിൽ സഞ്ജു വിശദീകരണം നൽകി. ഇന്ത്യ എ-ടീമിനു വേണ്ടി നന്നായി കളിച്ച തനിക്ക് രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി നന്നായി കളിക്കാൻ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും അടക്കാനായില്ലെന്നും നമ്മളൊക്കെ മനുഷ്യരല്ലേ എന്നും വിശദീകരണത്തിൽ സഞ്ജു പറഞ്ഞു. ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി പോയതും തെറ്റായി എന്ന് സഞ്ജു സമ്മതിച്ചു.

സഞ്ജുവിന്റെ വിശദീകരണം ആത്മാർത്ഥമാണെന്ന് കരുതുന്നുവെന്നും സംഭവം താരത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കെ.സി.എ അസോസിയേഷൻ പ്രത്യേക സമിതി വ്യക്തമാക്കി. മാനസിക സമ്മർദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് സമിതിയുടെ വിലയിരുത്തൽ. താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ആദ്യത്തെ സംഭവമാണ് ഇതെന്നതും വിലയിരുത്തപ്പെട്ടതായി അഡ്വ. ടി.ആർ ബാലകൃഷ്ണൻ അറിയിച്ചു. അതുകൊണ്ട് തന്നെ സഞ്ജുവിനെതിരെ താക്കീത് മാത്രമേ ഉണ്ടാകൂ. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിനായി ആദ്യ മത്സരം മുതൽ തന്നെ സഞ്ജു കളിക്കും. എന്നാൽ അച്ഛനെ വിലക്കാനുള്ള തീരുമാനവും കെസിഎയ്ക്ക് അച്ചടക്ക സമിതി കൈമാറും. കെസിഎ സെന്റട്രൽ കൗൺസിലാകും അന്തിമ തീരുമാനം എടുക്കുക. അച്ചടക്ക ലംഘന ആരോപണത്തിൽ സഞ്ജു സാംസണിനെതിരെ ദോഷകരമായ നടപടികൾ ഒന്നും ഉണ്ടാവില്ലെന്ന് കെസിഎ അന്വേഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയിൽ ഗോവയ്ക്കെരിരെ നടന്ന രഞ്ജിട്രോഫി മത്സരത്തിൽ അച്ചടക്ക രഹിതമായി പെരുമാറിയെന്ന് ആയിരുന്നു സഞ്ജുവിന് എതിരായ പരാതി. ഗോവയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ താരം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിയൊടിച്ചുവെന്നും തുടർന്ന് ആരെയും അറിയിക്കാതെ പുറത്തുപോയെന്നും ആയിരുന്നു പ്രധാന ആരോപണം. സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളോട് ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. തുടക്കത്തിൽ മറുനാടൻ ഉയർത്തി വിട്ട ഈ വാർത്ത നിഷേധിച്ച് വിശ്വനാഥൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. എന്നാൽ ടിസി മാത്യുവിനെ ചീത്ത പറയുന്ന ശബ്ദരേഖയുള്ളതുകൊണ്ട് വിശ്വനാഥന്റെ ആ വാദം നിലനിൽക്കില്ലെന്ന് വ്യക്തമായി. ഇത് മനസ്സിലാക്കിയാണ് വിശ്വനാഥനും തെറ്റ് സമ്മതിച്ച് കെസിഎ അച്ചടക്ക സമിതിക്ക് മുന്നിലെത്തിയത്. കെസിഎ വിലക്ക് ഏർപ്പെടുത്തിയാൽ മകന്റെ ക്രിക്കറ്റ് ഭാവി തന്നെ അടയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മനം മാറ്റം.

സംഭവത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നാലംഗ സമിതിയെ കെസിഎ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. മുൻ കേരളാ രഞ്ജി ക്യാപ്റ്റൻ എസ്.രമേശ്, ബി.സി.സിഐ മാച്ച് റഫറി പി രംഗനാഥൻ, കെ.സി.എ വൈസ് പ്രസിഡന്റ് അഡ്വ. ടി.ആർ ബാലകൃഷ്ണൻ, അഡ്വ.ശ്രീജിത്ത് വി.നായർ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇവരാണ് സഞ്ജുവിൽ നിന്നും അച്ഛനിൽ നിന്നും മൊഴിയെടുത്തത്. ടീം ക്യാപ്ടൻ റോഹൻ പ്രേമും പരിശീലകൻ ടിനു യോഹന്നാനും സഞ്ജു അച്ചടക്ക ലംഘനം നടത്തിയെന്ന നിലപാട് തന്നെയായിരുന്നു കെസിഎ സമിതിക്ക് മുന്നിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP