Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെഞ്ച്വറിയുമായി ജേസൻ റോയി; വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി പിന്തുണ നൽകി ജോസ് ബട്‌ലറും;നെതർലൻഡ്‌സിന് എതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി; ഇംഗ്ലണ്ടിന്റെ വിജയം 8 വിക്കറ്റിന്

സെഞ്ച്വറിയുമായി ജേസൻ റോയി; വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി പിന്തുണ നൽകി ജോസ് ബട്‌ലറും;നെതർലൻഡ്‌സിന് എതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി; ഇംഗ്ലണ്ടിന്റെ വിജയം 8 വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

ആംസ്റ്റൽവീൻ: നെതർലൻഡ്‌സിന് എതിരായ മൂന്നാം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ കരുത്തുറ്റ വിജയവുമായി പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന ഏകദിനത്തിൽ നെതർലൻഡ്‌സ് മുന്നോട്ടുവെച്ച 245 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 30.1 ഓവറിൽ നേടിയാണ് ഇംഗ്ലണ്ടിന്റെ ജൈത്രയാത്ര. ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി ഡേവിഡ് വില്ലി ബൗളിംഗിൽ തിളങ്ങിയപ്പോൾ ബാറ്റിംഗിൽ ജേസൻ റോയ് സെഞ്ചുറി നേടി. റോയ് കളിയിലേയും ജോസ് ബട്‌ലർ പരമ്പരയുടേയും താരമായി.

245 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വീണ്ടും കുഞ്ഞൻ ലക്ഷ്യമായി മാറുന്നതാണ് കണ്ടത്. അക്കൗണ്ട് തുറക്കാതെ പുറത്തായ ഡേവിഡ് മലാനെ മാറ്റിനിർത്തിയാൽ ബാറ്റേന്തിയ മറ്റ് മൂന്ന് ഇംഗ്ലീഷ് താരങ്ങളും തകർത്തടിച്ചതോടെ ടീം അനായാസ ജയത്തിലെത്തുകയായിരുന്നു. ജേസൻ റോയ് 86 പന്തിൽ സെഞ്ചുറി നേടി. റോയിക്കൊപ്പം(86 പന്തിൽ 101*), ക്യാപ്റ്റൻ ജോസ് ബട്‌ലർ(64 പന്തിൽ 86*) പുറത്താകാതെ നിന്നു. ഫിലിപ് സാൾട്ടാണ്(30 പന്തിൽ 49) പുറത്തായ മറ്റൊരു താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് 49.2 ഓവറിൽ 244 റൺസിൽ പുറത്താവുകയായിരുന്നു. 64 റൺസ് നേടിയ ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേഡ്‌സ് ആണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി 8.2 ഓവറിൽ 36 റൺസിന് നാല് വിക്കറ്റ് നേടി. കാർസ് രണ്ടും പെയ്‌നും ലിവിങ്സ്റ്റണും റഷീദും ഓരോ വിക്കറ്റും സ്വന്തമാക്കി.

നെതർലൻഡ്‌സിനെ ബാറ്റിംഗിനയച്ച ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറുടെ തീരുമാനം ശരിവച്ചാണ് മത്സരം തുടങ്ങിയത്. ഓപ്പണർ വിക്രംജീത് സിംഗിനെ ആറ് റൺസിൽ നിൽക്കേ ഡേവിഡ് വില്ലി പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ മാക്‌സ് ഒഡോഡിനൊപ്പം ടോം കൂപ്പർ ടീമിനെ കരകയറ്റി. 37 പന്തിൽ 33 റൺസെടുത്ത കൂപ്പറെ കാർസ് മടക്കിയത് നെതർലൻഡ്‌സിന് തിരിച്ചടിയായി. ഒഡോഡാവട്ടെ 69 പന്തിൽ 50 റൺസുമായും വീണു. ലിവിങ്സ്റ്റണിനായിരുന്നു വിക്കറ്റ്.

എന്നാൽ പിന്നീട് ബാസ് ഡി ലീഡ്-സ്‌കോട്ട് എഡ്വേഡ്‌സ് സഖ്യം നെതർലൻഡിനെ 200 കടത്തി. 78 പന്തിൽ 56 റൺസെടുത്ത ലീഡ് പുറത്താകുമ്പോൾ ടീം സ്‌കോർ 203ലെത്തിയിരുന്നു. തേജാ നിഡമണുരുവും(4), ലോഗൻ വാൻ ബീക്കും(0), ടിം പ്രിങ്കിളും(6), ആര്യൻ ദത്തും(0) അതിവേഗം പുറത്തായപ്പോൾ എഡ്വേഡ്‌സിന്റെ ബാറ്റ് കാത്തു. എഡ്വേഡ്‌സ് 72 പന്തിൽ 64 റൺസുമായി ഒൻപതാമനായും പോൾ വാൻ മീകെരൻ രണ്ട് റണ്ണുമായി അവസാനക്കാരനായും പുറത്തായി. ഫ്രഡ് ക്ലാസ്സൻ(3*) പുറത്താകാതെ നിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP