Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായ മൂന്നാം സെഞ്ചറിയോടെ വീണ്ടും രക്ഷകനായി ബെയർസ്റ്റോ; ഇംഗ്ലണ്ട് നിരയെ എറിഞ്ഞിട്ട് ബുമ്രയും ഷമിയും സിറാജും; ആതിഥേയർ 284 റൺസിന് പുറത്ത്; ഇന്ത്യക്ക് 132 റൺസ് ലീഡ്

തുടർച്ചയായ മൂന്നാം സെഞ്ചറിയോടെ വീണ്ടും രക്ഷകനായി ബെയർസ്റ്റോ; ഇംഗ്ലണ്ട് നിരയെ എറിഞ്ഞിട്ട് ബുമ്രയും ഷമിയും സിറാജും; ആതിഥേയർ 284 റൺസിന് പുറത്ത്; ഇന്ത്യക്ക് 132 റൺസ് ലീഡ്

സ്പോർട്സ് ഡെസ്ക്

ബർമ്മിങാം: തുടർച്ചയായ മൂന്നാം സെഞ്ചറിയുമായി ജോണി ബെയർസ്റ്റോ തിളങ്ങിയ ടെസ്റ്റിൽ ഇംഗ്ലണ്ട് 284 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് നിർണായകമായ 132 റൺസ് ലീഡ് നേടാനായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 416 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 84 എന്ന സ്‌കോറിൽ പതറിയെങ്കിലും 106 റൺസുമായി ബെയ്‌ർ‌സ്റ്റോയുടെ പോരാട്ടമാണ് ഇംഗ്ലണ്ടിന് ഫോളോ ഓൺ ഒഴിവാക്കിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും ഷർദ്ദുൽ ഠാക്കൂർ ഒരു വിക്കറ്റും വീഴ്‌ത്തി.

5 വിക്കറ്റിന് 84 എന്ന സ്‌കോറിൽ മൂന്നാം ദിവസത്തെ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 284 റൺസിന് പുറത്തായി. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ജസ്പ്രീത് ബുമ്ര പന്തുകൊണ്ടും കളംവാണപ്പോൾ ഇംഗ്ലീഷ് മുൻനിര തകർന്നിരുന്നു. മുൻനിരക്കാരായ അലക്സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകൾ ബുമ്ര വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മുൻ നായകൻ ജോ റൂട്ടിനെ 31ൽ നിൽക്കേ മുഹമ്മദ് സിറാജും ജാക്ക് ലീച്ചിനെ അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമിയും പുറത്താക്കി. ഇതോടെ അഞ്ചിന് 84 എന്ന നിലയിൽ രണ്ടാംദിനം ഇംഗ്ലണ്ട് അവസാനിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ജോണി ബെയ്‌ർ‌സ്റ്റോ റൺസ് കണ്ടെത്താൻ ഏറെ വിഷമിക്കുകയും ചെയ്തു.

ആറാം വിക്കറ്റിൽ ജോണി ബെയ്‌ർ‌സ്റ്റോയ്‌ക്കൊപ്പം ടീമിനെ കരകയറ്റാൻ ബെൻ സ്റ്റോക്‌സ് നോക്കിയെങ്കിലും 66 റൺസ് കൂട്ടുകെട്ടിൽ പരിശ്രമം അവസാനിച്ചു. ക്യാച്ചുകളുടെ ആനൂകൂല്യം രണ്ടുതവണ ലഭിച്ച സ്റ്റോക്‌സിനെ ഷർദ്ദൂൽ ഠാക്കൂറിന്റെ പന്തിൽ ബുമ്ര പറന്നുപിടിക്കുകയായിരുന്നു. 36 പന്തിൽ 25 റൺസാണ് സ്റ്റോക്‌സിന്റെ നേട്ടം. 149-6 എന്ന നിലയിൽ സമ്മർദത്തിലായിരുന്ന ഇംഗ്ലണ്ടിനെ 200 കടത്തിയ ബെയ്‌ർ‌സ്റ്റോ 119 പന്തിൽ 11-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. ന്യൂസിലൻഡിനെതിരെ പുറത്തെടുത്ത മിന്നും ഫോം തുടരുകയായിരുന്നു ബെയ്‌ർ‌സ്റ്റോ. ഈ വർഷം ബെയർ‌സ്റ്റോയുടെ അഞ്ചാം ശതകമാണിത്.

140 പന്തിൽ 106 റൺസെടുത്ത് നിൽക്കേ ബെയ്‌ർ‌സ്റ്റോയെ ഷമി, കോലിയുടെ കൈകളിലെത്തിച്ചു. 14 ഫോറും രണ്ട് സിക്‌സും ബെയ്‌ർ‌സ്റ്റോയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്രീസിലെത്തിയ ബ്രോഡിനെ അഞ്ച് പന്തിൽ 1 റൺ നേടാനേ സിറാജ് അനുവദിച്ചുള്ളൂ. ബെയ്‌ർ‌സ്റ്റോയ്‌ക്കൊപ്പം പ്രതിരോധമുയർത്തിയ സാം ബില്ലിങ്‌സ് 57 പന്തിൽ 36 റൺസെടുത്ത് നിൽക്കേ സിറാജിന്റെ പന്തിൽ ബൗൾഡായി. അവസാനക്കാരനായി മാറ്റി പോട്ട്‌സിനെയും മടക്കി സിറാജ്(18 പന്തിൽ 19) നാല് വിക്കറ്റ് തികച്ചു. ആറ് റൺസുമായി ജിമ്മി ആൻഡേഴ്‌സൺ പുറത്താകാതെ നിന്നു.

നേരത്തെ ന്യൂസീലൻഡിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളിൽ ബെയർസ്റ്റോ സെഞ്ചറിയുമായി തിളങ്ങിയിരുന്നു. തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ ശതകം തികയ്ക്കുന്ന പതിനഞ്ചാം ഇംഗ്ലണ്ട് താരം എന്ന നേട്ടവും ബെയർ‌സ്റ്റോയെ തേടിയെത്തി. ഒരു ഘട്ടത്തിൽ 64 പന്തിൽ വെറും 16 റൺസുമായാണു ബെയർ‌സ്റ്റോ ബാറ്റു ചെയ്തിരുന്നത്. ബുമ്രയുടെയും ഷമിയുടെയും പന്തുകൾ നേരിടാനാകാതെ കുഴങ്ങിയ ബെയർ‌സ്റ്റോയെ 3ാം ദിനവും മുൻ ക്യാപ്റ്റൻ വിരാട് കോലി പല തവണ പരിഹസിച്ചിരുന്നു. ഒടുവിൽ ബുമ്രയുടെ ഓവറിനു മുൻപായി ബെയർ‌സ്റ്റോയുടെ തോളിൽത്തട്ടി കോലിതന്നെയാണു 'വെടിനിർത്തൽ' പ്രഖ്യാപിച്ചത്. എന്നാൽ ഇതോടെ ബെയർ‌സ്റ്റോ അടിയും തുടങ്ങി. ഇതിനിടെ, ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ (25) വിക്കറ്റെടുത്ത ശാർദൂൽ ഠാക്കൂറാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകിയത്.

തുടർച്ചയായി ബൗണ്ടറികൾ നേടി ബെയർ‌സ്റ്റോ സ്റ്റോക്‌സ് സഖ്യം ഇന്ത്യൻ ബോളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നതിനിടെ ബുമ്ര ശാർദൂലിനെ ബോളിങ്ങിനു വിളിക്കുകയായിരുന്നു. ആദ്യ ഓവറിലെ 4ാം പന്തിൽ മിഡ്ഓഫിൽ സ്റ്റോക്‌സിനെ വിട്ടുകളഞ്ഞതിനു തൊട്ടടുത്ത പന്തിൽത്തന്നെ ബുമ്ര പ്രായശ്ചിത്തം ചെയ്തു. ശാർദൂലിനെ മിഡ് ഓഫിനു മുകളിലൂടെ ബൗണ്ടറിയടിക്കാൻ ശ്രമിച്ച സ്റ്റോക്‌സിനെ തകർപ്പൻ ഡൈവിലൂടെ ബുമ്രതന്നെ പിടികൂടി.

എന്നാൽ സ്റ്റോക്‌സ് വീണതിനു ശേഷവും ബെയർ‌സ്റ്റോ പ്രത്യാക്രമണം തുടർന്നതോടെ ഇംഗ്ലണ്ടിന്റെ റൺ കടവും അതിവേഗം കുറഞ്ഞു. സിക്‌സറുകളും ഫോറുകളുമായി ബെയർ‌സ്റ്റോ കളം പിടിച്ചതോടെ ബുമ്രയ്ക്കു ബോളർമാരെ മാറ്റി മാറ്റി പരീക്ഷിക്കേണ്ടി വരികയും ചെയ്തു. ഓഫ് സ്റ്റംപ് ലെനിനു പുറത്തു വരുന്ന പന്തുകൾ ബെയർ‌സ്റ്റോ തിരഞ്ഞുപിടിച്ച് ബൗണ്ടറി കടത്തിയതോടെ ബോളർമാർ ലെങ്ത് മാറ്റിയെങ്കിലും വിക്കറ്റ് വീഴ്‌ത്താനായില്ല. 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 200 റൺസ് നേടിയതിനു പിന്നാലെ മഴ എത്തിയതോടെ കളി നിർത്തിവച്ചു. പിന്നാലെ നേരത്തെ ഉച്ചഭക്ഷണത്തിനു പിരിയാൻ അംപയർമാർ നിർദ്ദേശം നൽകുകയായിരുന്നു.

ശുഭ്മാൻ ഗിൽ(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉൾപ്പെടെയുള്ള താരങ്ങൾ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 416 റൺസ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരുഘട്ടത്തിൽ അഞ്ചിന് 98 എന്ന നിലയിൽ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേർത്ത 222 റൺസ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തിൽ 31) വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോർ 400 കടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP