Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎല്ലിൽ ബോളിവുഡ് സാന്നിധ്യം കൂട്ടാൻ ദീപികയും രൺവീറും; പുതിയ ടീമിനായി താരജോഡികൾ; ഫ്രാഞ്ചൈസിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും അദാനി ഗ്രൂപ്പും ഗോയങ്ക ഗ്രൂപ്പും; ലേലം തിങ്കളാഴ്ച ദുബായിൽ

ഐപിഎല്ലിൽ ബോളിവുഡ് സാന്നിധ്യം കൂട്ടാൻ ദീപികയും രൺവീറും; പുതിയ ടീമിനായി താരജോഡികൾ; ഫ്രാഞ്ചൈസിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും അദാനി ഗ്രൂപ്പും ഗോയങ്ക ഗ്രൂപ്പും; ലേലം തിങ്കളാഴ്ച ദുബായിൽ

സ്പോർട്സ് ഡെസ്ക്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ടീമിനായുള്ള ലേല നടപടികൾ തിങ്കളാഴ്ച ദുബായിൽ നടക്കാനിരിക്കെ ഒരു ടീമിനെ സ്വന്തമാക്കാൻ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഐപിഎലിൽ പുതുതായി അനുവദിക്കുന്ന രണ്ടു ടീമുകളിൽ ഒന്നിനെ സ്വന്തമാക്കാനാണ് താരദമ്പതികളും മുന്നിട്ടിറങ്ങുന്നതെന്നാണ് സൂചന. നേരത്തെതന്നെ കായിക പശ്ചാത്തലമുള്ളവരാണ് ദീപികയും രൺവീറും.

ദീപികയുടെ പിതാവ് പ്രകാശ് പദുക്കോൺ മുൻ ബാഡ്മിന്റൺ താരമാണ്. ദേശീയ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഉൾപ്പെടെ ദീപികയും പങ്കെടുത്തിട്ടുണ്ട്. പിന്നീടാണ് മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞത്. രൺവീറാകട്ടെ നിലവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്‌ബോളുമായും പ്രമുഖ ബാസ്റ്റക്കറ്റ് ബോൾ ലീഗായ എൻബിഎയായും ചേർന്നു പ്രവർത്തിക്കുന്നു. ഇരുവരും ഐപിഎൽ ടീം സ്വന്തമാക്കിയാൽ ലീഗിലെ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വർധിക്കും. നിലവിൽ പ്രീതി സിന്റ, ഷാറുഖ് ഖാൻ എന്നിവർ യഥാക്രമം പഞ്ചാബ് കിങ്‌സ്, കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ഉടമസ്ഥരിൽ ഒരാളാണ്.

പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കാൻ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്‌ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകൾ ഉൾപ്പെടെ രംഗത്തുണ്ട്. യുണൈറ്റഡിന്റെ ഉടമകളായ ഗ്ലെയ്‌സർ കുടുംബമാണ് മറ്റൊരു സ്വകാര്യ ഏജൻസി വഴി ബിസിസിഐയുടെ ടെൻഡർ അപേക്ഷയോടു പ്രതികരിച്ചത്. അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, അരബിന്ദോ ഫാർമ, ആർപിസഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ തുടങ്ങിയവരും പുതിയ ടീമുകൾക്കായി രംഗത്തുണ്ട്.

ഇന്ത്യൻ കമ്പനികൾക്കാണ് പ്രഥമ പരിഗണനയെന്ന് ബിസിസിഐയുടെ അടുത്തവൃത്തം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. അങ്ങനെയെങ്കിൽ ദീപികരൺവീർ ഉൾപ്പെടെയുള്ളവർ ടീം സ്വന്തമാക്കാൻ സാധ്യത ഏറെയാണ്. അഹമ്മദാബാദ്, ലക്‌നൗ എന്നീ ഫ്രാഞ്ചൈസികളാണ് പുതിയ രണ്ടു ടീമുകൾക്കായി മുൻപന്തിയിലെന്നാണ് പുറത്തുവരുന്ന സൂചന.

പുതിയ ടീമുകൾക്കായി റാഞ്ചി, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക്, ധരംശാല തുടങ്ങിയ നഗരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തിറക്കിയിരുന്നു. ഇതിലാണ് അഹമ്മദാബാദ്, ലക്‌നൗ ടീമുകൾക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. അദാനി ഗ്രൂപ്പാണ് അഹമ്മദാബാദ് ടീമിനായി പിടിമുറുക്കുന്നതെന്നും സൂചനയുണ്ട്. 2000 കോടി രൂപയാണ് ടീമിന്റെ അടിസ്ഥാന വിലയെന്നാണ് റിപ്പോർട്ട്. ഒരു ടീമിന് 7000 മുതൽ 10,000 കോടി രൂപവരെ ലേലത്തിലൂടെ ലഭിക്കുമെന്ന് ബിസിസിഐ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP