Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

കളിപ്രേമികളെ ചാടിത്തുള്ളിക്കുന്ന കിടിലൻ റൺചേസ്; ഈ ഐപിഎൽ സീസണിലെ ഏറ്റവും വലിയ സ്‌കോർ; മോർഗനും ത്രിപാഠിയും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നോർജെയുടെ വിരൽത്തുമ്പുകളിൽ ക്ലൈമാക്‌സ് നിശ്ചയിച്ചു; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിക്ക് 18 റൺസ് വിജയം; പൃഥ്വിഷാ കൊളുത്തിയ വെടിക്കെട്ട് പൂർത്തിയാക്കിയ അയ്യരും പന്തും ചേർന്ന് ഡൽഹിയെ നയിച്ചത് ഒന്നാം സ്ഥാനത്തേക്ക്

കളിപ്രേമികളെ ചാടിത്തുള്ളിക്കുന്ന കിടിലൻ റൺചേസ്; ഈ ഐപിഎൽ സീസണിലെ ഏറ്റവും വലിയ സ്‌കോർ; മോർഗനും ത്രിപാഠിയും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നോർജെയുടെ വിരൽത്തുമ്പുകളിൽ ക്ലൈമാക്‌സ് നിശ്ചയിച്ചു; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിക്ക് 18 റൺസ് വിജയം; പൃഥ്വിഷാ കൊളുത്തിയ വെടിക്കെട്ട് പൂർത്തിയാക്കിയ അയ്യരും പന്തും ചേർന്ന് ഡൽഹിയെ നയിച്ചത് ഒന്നാം സ്ഥാനത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

ഷാർജ: മൊത്തം 438 റൺസ്. ഈ ഐപിഎൽ സീസണിലെ ഏറ്റവും വലിയ സ്‌കോർ പിറന്ന മത്സരം. കിടിലൻ റൺ ചേസ് കണ്ട മത്സരത്തിൽ, ഡൽഹി ക്യാപ്പിറ്റൽസിന്് 18 റൺസ് ജയം. കൊൽക്കത്തയുടെ മോർഗനും ത്രിപാഠിയും പൊരുതിക്കയറിയെങ്കിലും ലക്ഷ്യത്തിനരികെ വീണുപോയി. 14 പന്തിൽ 35, രണ്ട് ഓവറിൽ 31, അവസാന ഓവറിൽ 26 റൺസ്, നാല് പന്തിൽ 21. മൂന്നു വിക്കറ്റുകൾ വീഴ്‌ത്തിയ നോർജെയാണ് കൊൽക്കത്തയ്ക്കും ജയത്തിനും ഇടയിൽ നിന്നത്. 18 പന്തിൽ 44 റൺസെടുത്ത മോർഗനെ പുറത്താക്കിയതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

രാഹുൽ ത്രിപാഠി (15 പന്തിൽ 36) മികച്ച പിന്തുണയാണ് മോർഗന് നൽകിയത്. നിതീഷ് റാണയും (58) ശുഭ്മാൻ ഗിലും (28) പുറത്തായശേഷം കാര്യമായ കൂട്ടുകെട്ടുകൾ പിറക്കാതിരുന്നതാണ് കോൽക്കത്തയ്ക്ക് ക്ഷീണമായത്. ആന്ദ്രെ റസൽ (13) വീണ്ടും നിരാശപ്പെടുത്തി. രണ്ടാം വിക്കറ്റിൽ ശുഭ്മാൻഗില്ലും, നിതീഷ് റാണയും ചേർന്ന് 64 റൺസെടുത്തിരുന്നു. ഡൽഹിക്കായി ആന്റിച്ച് നോർട്‌ജെ മൂന്നും ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റും വീഴ്‌ത്തി.ഡൽഹി ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 210 റൺസേ നേടാനായുള്ളു.

ഈ ഐപിഎൽ സീസണിലെ ഇതുവരെയുള്ള ഏറ്റവും വലിയ സ്‌കോർ എന്ന ക്രെഡിറ്റ് ഇനി ഡൽഹി ക്യാപ്പിറ്റൽസിനാണ്. കൊൽക്കത്തയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി അവസാന ഓവറുകളിൽ അക്ഷരാർഥത്തിൽ വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228. രാജസ്ഥാൻ റോയൽസിന്റെ 226 റൺസിനെയാണ് ഡൽഹി മറികടന്നത്.

ഇന്നിങ്‌സിന്റെ ആദ്യപകുതിയിൽ പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനമാണ്(66) ഡൽഹിക്ക് അടിത്തറയിട്ടത്. എന്നിരുന്നാലും അവസാന ഓവറുകളിൽ ശ്രേയസ് അയ്യരുടെ (38 പന്തിൽ 88) കിടിലൻ ബാറ്റിംഗാണ് ഡൽഹിയെ ടോപ് ഗിയറിൽ എത്തിച്ചത്. ആന്ദ്രേ റസൽ ഒഴിച്ചുള്ള എല്ലാ കൊൽക്കത്ത ബൗളർമാരും അടി വാങ്ങി.

ആദ്യ ഓവറുകളിൽ തന്നെ ഡൽഹിക്ക് കോൽക്കത്ത പ്രഹരം ഏൽപ്പിച്ചിരുന്നു. ടീം സ്‌കോർ 56ൽ എത്തിയപ്പോഴാണ് ഡൽഹിക്ക് ഓപ്പണർ ശിഖർ ധവാനെ(26) നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ നായകൻ അയ്യർ പൃഥ്വി ഷായെയും കൂട്ടുപിടിച്ച് ഡൽഹിയെ ഉയരങ്ങളിലെത്തിക്കുകയായിരുന്നു. 41 പന്തുകളിൽ നിന്നും 66 റൺസ് നേടിയാണ് ഷാ മടങ്ങിയത്. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രണ്ടാം വിക്കറ്റിൽ ഷായും അയ്യരും ചേർന്ന് 73 റൺസെടുത്തു.

പൃഥ്വി ഷാ പുറത്തായിട്ടും ശ്രേയസ് അയ്യർ തകർപ്പൻ ഷോട്ടുകളുമായി മുന്നോട്ടു കുതിച്ചു. ഋഷഭ് പന്തും അയ്യരും ചേർന്ന് അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. അതിനിടയിൽ അയ്യർ 26 പന്തുകളിൽ നിന്നും അർധ സെഞ്ചുറി നേടി.

ഋഷഭ് പന്തും ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്‌കോർ 200 കടന്നു. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ 17 പന്തുകളിൽ നിന്നും 38 റൺസെടുത്ത ഋഷഭ് പന്ത് പുറത്തായി. 38 പന്തിൽ 88 റൺസ് നേടി അയ്യർ പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ വരുൺ ചക്രവർത്തി, കംലേഷ് നാഗർകോട്ടി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി. റസൽ 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക് ഡൽഹിക്കെതിരെ ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP