Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോലിയും പൂജാരയും ക്രീസിൽ; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ പൊരുതുന്നു; രണ്ടാം ദിനം അവസാനിക്കുമ്പോൾ സന്ദർശകർക്ക് 70 റൺസിന്റെ ലീഡ്

കോലിയും പൂജാരയും ക്രീസിൽ; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ പൊരുതുന്നു; രണ്ടാം ദിനം അവസാനിക്കുമ്പോൾ സന്ദർശകർക്ക് 70 റൺസിന്റെ ലീഡ്

സ്പോർട്സ് ഡെസ്ക്

കേപ്ടൗൺ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തു.14 റൺസെടുത്ത് വിരാട് കോലിയും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയും പുറത്താവാതെ ക്രീസിലുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് 70 റൺസിന്റെ ലീഡായി.

ദക്ഷിണാഫ്രിക്ക 210 റൺസിന് ഓൾ ഔട്ടായതോടെ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 13 റൺസിന്റെ ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർമാരായ കെ.എൽ.രാഹുലിനെയും മായങ്ക് അഗർവാളിനെയുമാണ് നഷ്ടപ്പെട്ടത്.

ടീം സ്‌കോർ 20-ൽ നിൽക്കേ മായങ്ക് അഗർവാളാണ് ആദ്യം പുറത്തായത്. ഏഴ് റൺസ് മാത്രമെടുത്ത മായങ്കിനെ കഗിസോ റബാദ ഡീൻ എൽഗറുടെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ 10 റൺസെടുത്ത രാഹുലിനെ മടക്കി മാർക്കോ ജാൻസൺ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേകി. 10 റൺസെടുത്ത രാഹുൽ എയ്ഡൻ മാർക്രത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് വിക്കറ്റ് വീഴാതെ ഇന്ത്യയെ രണ്ടാം ദിനം കാത്തു.

72 റൺസെടുത്ത കീഗൻ പീറ്റേഴ്സണിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ചുവിക്കറ്റ് വീഴ്‌ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡൻ മാർക്രത്തെയാണ് ആദ്യം നഷ്ടമായത്. 22 പന്തുകളിൽ നിന്ന് എട്ട് റൺസ് മാത്രമെടുത്ത മാർക്രത്തെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കി.

പിന്നാലെ ടീം സ്‌കോർ 45-ൽ നിൽക്കേ 25 റൺസെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവ് ക്ലീൻബൗൾഡാക്കി. ഏകദിന ശൈലിയിലാണ് മഹാരാജ് ബാറ്റ് വീശിയത്. പിന്നീട് ക്രീസിലൊന്നിച്ച കീഗൻ പീറ്റേഴ്സണും റാസി വാൻ ഡെർ ഡ്യൂസനും ചേർന്ന് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ടീം സ്‌കോർ 100 കടത്തുകയും ചെയ്തു.

എന്നാൽ ഡ്യൂസനെ പുറത്താക്കി ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 21 റൺസെടുത്ത ഡ്യൂസനെ യാദവ് കോലിയുടെ കൈയിലെത്തിച്ചു. ഡ്യൂസന് പകരം തെംബ ബാവുമ പീറ്റേഴ്സണ് കൂട്ടായി ക്രീസിലെത്തി.ബാവുമയെ കൂട്ടുപിടിച്ച് പീറ്റേഴ്സൺ ടീം സ്‌കോർ ഉയർത്തി. ഒപ്പം അർധസെഞ്ചുറി നേടുകയും ചെയ്തു. ബാവുമയ്ക്കൊപ്പം 42 റൺസിന്റെ കൂട്ടുകെട്ടാണ് പീറ്റേഴ്സൺ പടുത്തുയർത്തിയത്. എന്നാൽ മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റൺസെടുത്ത ബാവുമയെ വിരാട് കോലിയുടെ കൈയിലെത്തിച്ച് ഷമി ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു. തകർപ്പൻ ക്യാച്ചിലൂടെയാണ് കോലി ബാവുമയെ പറഞ്ഞയച്ചത്.

പിന്നാലെ വന്ന വിക്കറ്റ് കീപ്പർ വെറെയ്നിന് പിടിച്ചുനിൽക്കാനായില്ല. നേരിട്ട രണ്ടാം പന്തിൽ തന്നെ ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് വെറെയ്ൻ മടങ്ങി. ഋഷഭ് പന്താണ് വെറെയ്നിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്ക 159 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.വെറെയ്നിന് പകരം വന്ന മാർക്കോ ജാൻസണും പിടിച്ചുനിൽക്കാനായില്ല. ഏഴ് റൺസ് മാത്രമെടുത്ത ജാൻസണെ ബുംറ ക്ലീൻ ബൗൾഡാക്കി.

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് തളരാതെ പിടിച്ചുനിന്ന പീറ്റേഴ്സൺ ഒടുവിൽ പുറത്തായി. ജസ്പ്രീത് ബുംറയുടെ പന്തിൽ ചേതേശ്വർ പൂജാരയ്ക്ക് ക്യാച്ച് നൽകിയാണ് പീറ്റേഴ്സൺ മടങ്ങിയത്. 166 പന്തുകൾ നേരിട്ട പീറ്റേഴ്സൺ 72 റൺസെടുത്തു. പിന്നീട് ക്രീസിലൊന്നിച്ച കഗിസോ റബാദയും ഡ്യൂവാൻ ഒലിവിയറും ചേർന്ന് ടീം സ്‌കോർ 200 കടത്തി. പക്ഷേ ഈ കൂട്ടുകെട്ടിന് അധികം ആയുസ്സുണ്ടായില്ല. 15 റൺസെടുത്ത റബാദയെ ബുംറയുടെ കൈയിലെത്തിച്ച് ശാർദുൽ ഠാക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ചു.

വൈകാതെ മൂന്ന് റൺസെടുത്ത ലുങ്കി എൻഗിഡിയെ മടക്കി ബുംറ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിന് തിരശ്ലീലയിട്ടു. ഈ വിക്കറ്റോടെ ബുംറ മത്സരത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.

23.3 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ബുംറ അഞ്ചുവിക്കറ്റ് നേടിയത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ശാർദൂൽ ഠാക്കൂർ ഒരു വിക്കറ്റ് സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP