Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

'ഡാഡീ ദയവുചെയ്ത് ഉടനെ വീട്ടിലേക്ക് വരൂ; ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു; സ്നേഹത്തോടെ ഐവിയും ഇൻഡിയും ഇസ്ലയും'; ഐപിഎൽ റദ്ദാക്കിയതിനു പിന്നാലെ മക്കളയച്ച സന്ദേശം പങ്കുവെച്ച് ഡേവിഡ് വാർണർ

'ഡാഡീ ദയവുചെയ്ത് ഉടനെ വീട്ടിലേക്ക് വരൂ; ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു; സ്നേഹത്തോടെ ഐവിയും ഇൻഡിയും ഇസ്ലയും'; ഐപിഎൽ റദ്ദാക്കിയതിനു പിന്നാലെ മക്കളയച്ച സന്ദേശം പങ്കുവെച്ച് ഡേവിഡ് വാർണർ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഐ.പി.എല്ലിന്റെ 14-ാം സീസൺ താത്കാലികമായി റദ്ദാക്കിയതിനു പിന്നാലെ വീട്ടിൽ നിന്ന് മക്കൾ തനിക്ക് സന്ദേശം പങ്കുവെച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ.

''ഡാഡീ ദയവുചെയ്ത് ഉടനെ വീട്ടിലേക്ക് വരൂ. ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, സ്നേഹത്തോടെ ഐവിയും ഇൻഡിയും ഇസ്ലയും'', എന്നായിരുന്നു വാർണർക്ക് മക്കളുടെ സന്ദേശം. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടികളയച്ച സന്ദേശം വാർണർ പങ്കുവെച്ചത്.

കൂടുതൽ താരങ്ങൾ രോഗബാധിതരായതോടെയാണ് ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കുന്നതായി ബി.സി.സിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചത്. പുതുതായി സൺറൈസേഴ്സ് ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി ക്യാപിറ്റൽസ് ബൗളർ അമിത് മിശ്രയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഐ.പി.എൽ 14-ാം സീസൺ താത്കാലികമായി നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായത് ഓസീസ് താരങ്ങളാണ്. ടൂർണമെന്റ് നിർത്തിവെച്ചതിനു പിന്നാലെ 14-ാം സീസണുമായി സഹകരിച്ച എല്ലാവരെയും അതത് നാടുകളിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കാൻ തങ്ങളെക്കൊണ്ട സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബി.സി.സിഐ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഓസീസ് താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കമന്റേറ്റർമാരുടെയും തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാണ്. കാരണം നേരത്തെ 14 ദിവസത്തോളം ഇന്ത്യയിൽ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് ഓസ്ട്രേലിയൻ സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവർ അഞ്ചു വർഷം വരെ ജയിലിൽ കഴിയേണ്ടി വരികയും കനത്ത പിഴയും നൽകേണ്ടി വരും.

ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്മാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്. മെയ്‌ മൂന്ന് മുതൽ ഈ വിലക്ക് പ്രാബല്യത്തിൽ വന്നു.

നേരത്തെ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പലരും മറ്റ് രാജ്യങ്ങൾ വഴി ഓസ്‌ട്രേലിയയിൽ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് ക്രമാധീതമായി വർധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്.

ഇതിനിടെ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എല്ലിൽ കളിക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങളെ ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നിലവിൽ പദ്ധതിയില്ലെന്ന് തലവൻ നിക്ക് ഹോക്ക്‌ലി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പതിനാലോളം ഓസ്ട്രേലിയൻ പൗരന്മാർ ഐ.പി.എല്ലിൽ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡൻ തുടങ്ങിയ മുൻ ഓസീസ് താരങ്ങളും വിവിധ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോർട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.

ഐ.പി.എല്ലിന്റെ ഭാഗമായിരുന്ന ആദം സാംപ, ആൻഡ്രു ടൈ, കെയ്ൻ റിച്ചാർഡ്‌സൺ എന്നിവർ ഈ നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP