Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202304Saturday

തുടക്കം മുതൽ സിഎസ്‌കെയുടെ ഒരേയൊരു മുഖം; ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച നായകൻ; 'തല' ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഉചിതമായ സമയത്ത്; ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് സിഇഒ കാശി വിശ്വനാഥൻ

തുടക്കം മുതൽ സിഎസ്‌കെയുടെ ഒരേയൊരു മുഖം; ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച നായകൻ; 'തല' ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഉചിതമായ സമയത്ത്; ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് സിഇഒ കാശി വിശ്വനാഥൻ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് മാമാങ്കം ഇന്ത്യയിലാദ്യമായി ഉടലെടുത്ത കാലം തൊട്ട് എം എസ് ധോനി ചെന്നൈയുടെ ഭാഗമാണ്. 2007-ൽ ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് വിജയിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ധോനിയെ ചെന്നൈ വിശ്വസിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനും ധോനിക്ക് സാധിച്ചു. 2008-ലെ ആദ്യ സീസണിൽ തന്നെ ഫൈനലിൽ ഇടം നേടി ചരിത്രം സൃഷ്ടിക്കാൻ ധോനിയുടെ മഞ്ഞപ്പടയ്ക്ക് സാധിച്ചു. ഫൈനൽ രാജസ്ഥാനോട് അടിയറവ് പറഞ്ഞെങ്കിലും ധോനിയെന്ന യോദ്ധാവ് തളരാൻ തയ്യാറല്ലായിരുന്നു.

ആദ്യ രണ്ടു സീസണുകൾക്ക് ശേഷം 2010-ൽ ചെന്നൈയെ കിരീട നേട്ടത്തിലെത്തിച്ച് ധോനി ആരാധകർക്ക് തന്നോടുള്ള വിശ്വാസം കാത്തു. 2011-ലും ചാമ്പ്യന്മാരായി ധോനി തുടർച്ചയായി രണ്ടാം തവണ കിരീടം ചെന്നൈയിലേക്ക് തന്നെ കൊണ്ടുവന്നു. 2011-ൽ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിയ ധോനി ഐ.പി.എൽ കിരീടത്തിലും മുത്തമിട്ട് ചരിത്രം സൃഷ്ടിച്ചു. 2010-ലും 2014-ലും ചാമ്പ്യൻസ് ലീഗ് ട്വന്റി 20 കിരീടം ചെന്നൈയ്ക്ക് നേടിക്കൊടുക്കാനും ധോനിക്ക് കഴിഞ്ഞു.

എന്നാൽ 2013-ൽ നടന്ന കോഴ വിവാദത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉടമകൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ടീം ഐ.പി.എല്ലിൽ നിന്ന് പുറത്തായി. ധോനി റൈസിങ് പുണെ ജയന്റ്സിലേക്ക് ചേക്കേറി. പിന്നീട് 2018-ലാണ് ചെന്നൈ തിരിച്ച് ഐ.പി.എല്ലിലേക്ക് രംഗപ്രവേശനം നടത്തിയത്. ആ വരവ് രാജകീയമായിത്തന്നെയായിരുന്നു. 2018-ൽ രണ്ടാം വരവിൽ കിരിടം നേടിക്കൊണ്ട് ധോനി ചെന്നൈ ആരാധകരുടെ നെഞ്ചിൽ ആവേശക്കോടി നാട്ടി.

ഇതോടെ നഷ്ടപ്പെട്ട ആരാധകരുടെ വീര്യം പതിന്മടങ്ങോടെ ഉയർന്നു. ചെന്നൈയുടെ മഞ്ഞ ജഴ്സിയും മഞ്ഞക്കൊടിയും ഐ.പി.എൽ സ്റ്റേഡിയങ്ങളെ പുളകം കൊള്ളിച്ചു. പിന്നീട് 2021-ലും കിരീടം നേടി ധോനി ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ പരാജയപ്പെടുത്തുമ്പോൾ വിക്കറ്റിന് പിറകിൽ ചെറിയൊരു ചിരിയുമായി ധോനിയുണ്ടായിരുന്നു.

പ്രായാധിക്യം ധോണിയെ തളർത്തിയെന്ന വിമർശനങ്ങൾ ഉയരുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കപ്പിത്താനെ തള്ളിക്കളയാൻ മഞ്ഞപ്പട തയ്യാറായില്ല. ധോനിയില്ലാതെ ചെന്നൈയില്ല, ചെന്നൈയില്ലാതെ ധോനിയും എന്ന് തുറന്നു പറഞ്ഞു ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളിലൊരാളായ എൻ.ശ്രീനിവാസൻ.2022 ഐ.പി.എൽ താരലേലത്തിന് മുൻപ് ധോനിയെ എന്തുകൊണ്ട് ടീമിൽ നിലനിർത്തി എന്നതിനുള്ള ഉത്തരം കൂടിയാണീ വാക്കുകൾ. എം.എസ്.ധോനി എന്ന കപ്പിത്താൻ ഈ മഞ്ഞക്കടലിന് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം. ഐ.പി.എൽ തുടങ്ങിയ കാലം തൊട്ട് ചെന്നൈ സൂപ്പർ കിങ്സിന് ഒരേയൊരു മുഖം മാത്രമേയുള്ളൂ. അത് മഹേന്ദ്ര സിങ് ധോനിയുടെതാണ്. ധോനിയുടെ കീഴിൽ ചെന്നൈ നേടിയ വിജയങ്ങൾ മറ്റൊരു ടീമിനും അവകാശപ്പെടാവുന്നതിനേക്കാൾ എത്രയോ മുകളിലാണ്.

ഐപിഎൽ സ്ഥിരതയാർന്ന പ്രകടനം എന്നും തുടർന്ന ചെന്നൈ സൂപ്പർ കിങ്‌സ് 2020 സീസണിൽ മാത്രമാണ് പ്ലേ ഓഫ് കാണാതെ പുറത്തായത് എന്ന് പറയുമ്പോൾ മനസ്സിലാകും അവരുടെ പ്രകടനത്തിന്റെ മികവ്.

ചെന്നൈ സൂപ്പർ കിങ്സിനെ ഇതുവരെ ഐ.പി.എല്ലിൽ 11 തവണ പ്ലേ ഓഫിലും ഒൻപത് തവണ ഫൈനലിലുമെത്തിക്കാൻ ധോനിക്ക് സാധിച്ചു. ഐ.പി.എല്ലിൽ മറ്റൊരു നായകനും അവകാശപ്പെടാനാവാത്ത അസൂയാവഹമായ നേട്ടം. രാജകീയമായി തന്നെയാണ് ധോനി ചെന്നൈയുടെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. 2020-ൽ തകർന്ന് തരിപ്പണമായ ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തിയായിരുന്നു ടീമിനെ വയസ്സൻപടയെന്ന് പരിഹസിച്ചവർക്ക് മുന്നിൽ 2021-ൽ കിരീടം നേടാൻ ധോനിയുടെ നായകമികവ് വഴിയൊരുക്കിയത്.

ധോനിയുടെ കീഴിൽ ചെന്നൈ 204 മത്സരങ്ങളിലാണ് കളിച്ചത്. അതിൽ 121 മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ധോനിക്ക് സാധിച്ചു. 59.60 ആണ് ധോനിയുടെ ഐ.പി.എല്ലിലെ വിജയശരാശരി.

2020 ഐപിഎൽ സീസണിന് തൊട്ടുമുമ്പ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച അതേ ധോണി പുതിയ ഐപിൽ സീസണിന് തുടക്കമിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ക്യാപ്റ്റൻസി തന്റെ പ്രിയപ്പെട്ട സഹതാരത്തിന് വച്ചുനീട്ടി മാറ്റത്തിന് വഴിതുറക്കുകയാണ്.

ചെന്നൈ സൂപ്പർ കിങ്സ് നായകപദവിയിൽ എം എസ് ധോണി യുഗത്തിന് വിരാമിട്ട് ക്യാപ്റ്റൻസി രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയായിരുന്നു സിഎസ്‌കെ. ധോണി ക്യാപ്റ്റൻ സ്ഥാനം കൈമാറാനെടുത്ത തീരുമാനത്തെ കുറിച്ച് വിശദീകരിച്ചിരച്ച് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ രംഗത്തെത്തിയിരുന്നു.

'ക്യാപ്റ്റൻസി മാറ്റത്തെ കുറിച്ച് എം എസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റൻ പദവി കൈമാറുന്ന ഏറ്റവും ഉചിതമായ സമയമാണിത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയെന്നും ധോണിക്കറിയാം. അതിനാൽ സിഎസ്‌കെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്' എന്നും കാശി വിശ്വനാഥൻ പറഞ്ഞതായി ഇഎസ്‌പിഎൻ ക്രിക്ഇൻഫോ പറഞ്ഞു.

'ജഡേജയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. കഴിഞ് വർഷം തന്നെ ഇങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു. എം എസ് ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് നമുക്കറിയാം. രാജ്യാന്തര ക്രിക്കറ്റിൽ വളർത്തിയെടുത്ത ശേഷം വിരാട് കോലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസി ധോണി കൈമാറിയതിന് സമാനമാണിത്. അതേപോലെ അനായാസം ക്യാപ്റ്റൻസി മാറ്റം ചെന്നൈ സൂപ്പർ കിങ്സിലും ധോണി ആഗ്രഹിച്ചിരുന്നു. ഫ്രാഞ്ചൈസിക്കായി മികവ് കാട്ടാൻ ജഡേജയ്ക്കാകും. മികച്ച ഓൾറൗണ്ടറാണ് അദേഹം. ടീമിനെ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കും. ധോണിയുടെ പിന്തുണ എപ്പോഴുമുണ്ടാകും' എന്നും സിഎസ്‌കെ സിഇഒ കൂട്ടിച്ചേർത്തു.

എം എസ് ധോണിക്കും സുരേഷ് റെയ്‌നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ൽ ധോണിയുടെ അഭാവത്തിൽ ചെന്നൈയെ റെയ്‌ന നാലു മത്സരങ്ങളിൽ നയിച്ചിരുന്നു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് രവീന്ദ്ര ജഡേജ.

2008ൽ ഐപിഎല്ലിലെ അരങ്ങേറ്റ സീസൺ മുതൽ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശർമ്മക്ക് ശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ നായകനാണ്.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയിൽ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP