Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുചരിത്രമെഴുതി ഓസ്‌ട്രേലിയ; കിവീസിനെ തകർത്ത് കങ്കാരുക്കൾക്ക് അഞ്ചാം ലോക കിരീടം; ഏകദിനത്തിൽ നിന്നുള്ള വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടി മൈക്കൽ ക്ലാർക്ക്; കണ്ണീരണിഞ്ഞ് ന്യൂസിലൻഡ്

പുതുചരിത്രമെഴുതി ഓസ്‌ട്രേലിയ; കിവീസിനെ തകർത്ത് കങ്കാരുക്കൾക്ക് അഞ്ചാം ലോക കിരീടം; ഏകദിനത്തിൽ നിന്നുള്ള വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടി മൈക്കൽ ക്ലാർക്ക്; കണ്ണീരണിഞ്ഞ് ന്യൂസിലൻഡ്

മെൽബൺ: 1983ൽ ഇന്ത്യക്കുണ്ടായതു പോലെ ഒരു കപിൽ ദേവോ മൊഹിന്ദർ അമർനാഥോ ന്യൂസിലൻഡിനുണ്ടായില്ല. ആദ്യ ലോകകിരീടമെന്ന ന്യൂസിലൻഡിന്റെ മോഹം തച്ചുതകർത്ത് ഓസ്‌ട്രേലിയ അഞ്ചാം കിരീടം സ്വന്തമാക്കി.

ന്യൂസിലൻഡ് ഉയർത്തിയ 183 എന്ന താരതമ്യേന ദുർബല ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഓസ്‌ട്രേലിയ 34-ാം ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.

സ്‌കോർ: ന്യൂസിലൻഡ് 183 (45 ഓവർ), ഓസ്‌ട്രേലിയ മൂന്നിന് 186 (33.1 ഓവർ)

രണ്ടാം ഓവറിൽ ആരോൺ ഫിഞ്ചിനെ പൂജ്യത്തിനു പുറത്താക്കി ട്രെന്റ് ബോൾട്ട് ന്യൂസിലൻഡിന് പ്രതീക്ഷനൽകിയെങ്കിലും ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഓസീസിനെ മത്സരം കൈവിട്ടുപോകുന്നതിൽ നിന്നു തടഞ്ഞു. സ്വന്തം പന്തിൽ ട്രെന്റ് ബോൾട്ട് പിടിച്ചാണ് ഫിഞ്ച് പുറത്തായത്.

ഒരറ്റത്ത് നിലയുറപ്പിച്ച ഡേവിഡ് വാർണർ 46 പന്തിൽ നിന്ന് 45 റൺ നേടി മാറ്റ് ഹെന്റിയുടെ പന്തിൽ പുറത്താകുമ്പോൾ തന്നെ ഓസ്‌ട്രേലിയ ജയം ഉറപ്പിച്ചിരുന്നു. വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും (72 പന്തിൽ 74) സ്റ്റീവൻ സ്മിത്തും (71 പന്തിൽ പുറത്താകാതെ 56) ഓസ്‌ട്രേലിയൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 32-ാം ഓവറിൽ ഹെന്റിയുടെ പന്തിൽ ബൗൾഡായി ക്ലാർക്ക് പുറത്താകുമ്പോൾ ഓസീസ് ജയം വെറും 9 റണ്ണകലെയായിരുന്നു. വിജയത്തിലേക്ക് സ്മിത്ത് ബൗണ്ടറി പായിക്കുമ്പോൾ ഷെയ്ൻ വാട്‌സൺ രണ്ടു റണ്ണുമായി മറുവശത്തുണ്ടായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ന്യൂസിലൻഡ് അഞ്ച് ഓവർ ബാക്കി നിൽക്കെയാണ് 183 റണ്ണിന് പുറത്തായത്. ബ്രൻഡൻ മക്കല്ലത്തിന്റെതുൾപ്പെടെ മൂന്നു വിക്കറ്റാണ് 13-ാം ഓവറിനുള്ളിൽ ന്യൂസിലൻഡിന് നഷ്ടമായത്. ഇതോടെ ന്യൂസിലൻഡ് പ്രതിരോധത്തിലായി.

ആദ്യ ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു മക്കല്ലം. റണ്ണൊന്നും നേടാതെയാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ പുറത്തായത്. ലോകകപ്പിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ന്യൂസിലൻഡ് താരമായ മാർട്ടിൻ ഗുപ്റ്റിൽ 15 റണ്ണിന് പുറത്തായി. പാർട്ട് ടൈം ബൗളർ ഗ്ലെൻ മാക്‌സ്‌വെലാണ് ഗുപ്റ്റിലിനെ ബൗൾഡാക്കിയത്. തൊട്ടുപിന്നാലെ മിച്ചൽ ജോൺസന്റെ പന്തിൽ കെയ്ൻ വില്യംസൺ 12 റണ്ണുമായി പുറത്തായി.

മൂന്നിന് 39 എന്ന നിലയിൽ നിന്ന ന്യൂസിലൻഡിനെ ഗ്രാന്റ് എലിയട്ടും റോസ് ടെയ്‌ലറും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് വൻതകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. എന്നാൽ, നാലാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിൽ കരകയറിയ ന്യൂസിലൻഡ് മധ്യനിരയുടെ കൂട്ടപ്പൊരിച്ചിൽ വീണ്ടും തളർന്നു വീണു. 83 റണ്ണെടുത്ത ഗ്രാന്റ് എലിയട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. 40 റണ്ണെടുത്ത് റോസ് ടെയ്‌ലറും അൽപ്പനേരം ക്രീസിൽ ഉറച്ചുനിന്നു. ടെയ്‌ലർ പുറത്തായതിനു പിന്നാലെ എത്തിയ കോറി ആൻഡേഴ്‌സണും ലൂക്ക് റോഞ്ചിയും അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോൾ ന്യൂസിലൻഡ് വീണ്ടും തകർച്ചയിലേക്കു വീണു.

ഫോക്‌നറുടെ പന്തിൽ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ടെയ്‌ലറെ പിടികൂടിയാണ് നാലാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 111 റണ്ണിന്റെ കൂട്ടുകെട്ട് പൊളിച്ച സന്തോഷത്തിൽ ആഞ്ഞടിച്ച ഓസ്‌ട്രേലിയ വെടിക്കെട്ടു വീരൻ കോറി ആൻഡേഴ്‌സന്റേതുൾപ്പെടെ രണ്ടു വിക്കറ്റുകൾ കൂടി തുടരെ വീഴ്‌ത്തി. ആൻഡേഴ്‌സൺ ഫോക്‌നറുടെ പന്തിൽ ബൗൾഡാകുകയായിരുന്നു. പിന്നാലെ എത്തിയ ലൂക്ക റോഞ്ചിക്ക് വെറും രണ്ടു റൺ മാത്രമായിരുന്നു ആയുസ്. സ്റ്റാർക്കിന്റെ പന്തിൽ ക്യാപ്റ്റൻ ക്ലാർക്ക് പിടിച്ചാണ് റോഞ്ചി പുറത്തായത്. പിന്നാലെ ഒമ്പതു റണ്ണെടുത്ത ഡാനിയൽ വെട്ടോറിയെ മിച്ചൽ ജോൺസൺ ബൗൾഡാക്കി.

ഇതിനു പിന്നാലെ എലിയട്ടും പുറത്തായി. ഫോക്‌നർ തന്നെയാണ് എലിയട്ടിനെ പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഹാഡിനു ക്യാച്ച് സമ്മാനിച്ചാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ മടങ്ങിയത്. 82 പന്തിൽ ഒരു സിക്‌സും ഏഴു ഫോറുമുൾപ്പെടെയാണ് എലിയട്ട് 83 റണ്ണെടുത്തത്. പിന്നാലെ മാറ്റ് ഹെൻട്രി പൂജ്യത്തിന് പുറത്തായി. ജോൺസന്റെ പന്തിൽ സ്റ്റാർക്ക് പിടിച്ചാണ് ഹെൻട്രി പുറത്തായത്. 11 പന്തിൽ 11 റണ്ണെടുത്ത ടിം സൗത്തി റണ്ണൗട്ടായതോടെ ന്യൂസിലൻഡ് ഇന്നിങ്‌സിനു തിരശീല വീണു. നാലു പേരാണ് ന്യൂസിലൻഡ് ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായത്.

ഓസ്‌ട്രേലിയക്കായി മിച്ചൽ ജോൺസണും ജെയിംസ് ഫോക്‌നറും മൂന്നു വിക്കറ്റു വീതം വീഴ്‌ത്തി. സ്റ്റാർക്ക് രണ്ടും മാക്‌സ്‌വെൽ ഒരു വിക്കറ്റുമെടുത്തു. ഗ്രാന്റ് എലിയട്ട്, റോസ് ടെയ്‌ലർ, കോറി ആൻഡേഴ്‌സൺ എന്നിവരെ പുറത്താക്കി ന്യൂസിലൻഡിന്റെ കുതിപ്പിന് തടയിട്ട ജെയിംസ് ഫോക്‌നറാണ് മാൻ ഓഫ് ദ മാച്ച്.

രണ്ടു ടീമുകളും സെമി ഫൈനൽ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങളൊന്നും വരുത്താതെയാണ് ഫൈനലിന് ഇറങ്ങിയത്. മെൽബണിലെ വലിയ ഗ്രൗണ്ടിനോട് പൊരുത്തപ്പെടാൻ ന്യൂസിലൻഡിനു കഴിയാത്തതാണ് കുറഞ്ഞ സ്‌കോറിൽ അവർ ഒതുങ്ങാൻ കാരണം.

ഇന്ത്യ 1983ലെ ലോകകപ്പിൽ 183 റണ്ണിന് പുറത്തായ ചരിത്രമാണ് ന്യൂസിലൻഡ് അതേ സ്‌കോറിന് പുറത്തായപ്പോൾ ആരാധകർ ഓർത്തത്. അന്ന് 184 എന്ന വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 140 റണ്ണിന് പുറത്താകുകയായിരുന്നു. കപിൽ ദേവിന്റെ ഉജ്വല ഫീൽഡിങ്ങും മൊഹിന്ദർ അമർനാഥിന്റെ ഓൾ റൗണ്ട് മികവുമെല്ലാം ഇന്നും ക്രിക്കറ്റ് ആരാധകർ നെഞ്ചോടു ചേർത്തിരിക്കുന്ന ഓർമകളാണ്. ഇന്ന് ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ഒരു കപിൽ ദേവും അമർനാഥും ന്യൂസിലൻഡ് നിരയിൽ പിറവിയെടുക്കാത്തതിൽ നിരാശരാണ് ന്യൂസിലൻഡിലെ കളിപ്രേമികൾ.

ഏകദിനത്തിൽനിന്ന് വിരമിക്കുന്ന മൈക്കൽ ക്ലാർക്കിന് ലോകകിരീടം സമ്മാനിച്ച് അവിസ്മരണീയ വിടവാങ്ങലാണ് സഹതാരങ്ങൾ നൽകിയത്. എന്നാൽ അവസാന മത്സരം കളിച്ച ന്യൂസിലൻഡ് താരം ഡാനിയൽ വെട്ടോറിക്ക് ഇതു കണ്ണീരിൽ കുതിർന്ന വിടപറയലായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP