Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കംഗാരുക്കളെ നിലംപരിശാക്കി ഇന്ത്യൻ വിജയം; ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ഏഴ് വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി; ലോക റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

കംഗാരുക്കളെ നിലംപരിശാക്കി ഇന്ത്യൻ വിജയം; ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ഏഴ് വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി; ലോക റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

 നാഗ്പൂർ: ഓസ്‌ട്രേലിയയെ നിലംപരിശാക്കി ഇന്ത്യൻ വിജയം. ഓസീസിന് എതിരായ അവസാന ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ വീണ്ടും വിജയവഴിയിൽ എത്തിയത്. ഇതോടെ ലോകറാങ്കിംഗിൽ ഇന്ത്യ വീണ്ടും ഒന്നാമതായി. അഞ്ചാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓസീസ് ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 43 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം വീട്ടുനൽകി ഇന്ത്യ മറികടന്നു. 109 പന്തിൽ 125 റൺസ് നേടി രോഹിത് ശർമ ഒരിക്കൽ കൂടി കംഗാരുക്കൾക്കെതിരെ ഉറഞ്ഞാടിയപ്പോൾ ഇന്ത്യൻ വിജയം അനായാസമാവുകയായിരുന്നു.

243 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ അജിൻക്യ രഹാനെയും രോഹിത് ശർമയും മിന്നുന്ന തുടക്കമാണ് നൽകിയത്. അടുത്തടുത്ത് അർധ സെഞ്ച്വറി നേടിയ ഇരുവരും എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. 22.3 ഓവറിൽ 124 റൺസിന്റെ മികച്ച അടിത്തറയിട്ട ശേഷം അജിൻക്യ രഹാനെയാണ് ആദ്യം പുറത്തായത്. 74 പന്തിൽ 61 റൺസായിരുന്നു രഹാനെയുടെ സംഭാവന. കോൾട്ടർ നൈലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രഹാനെ പുറത്തായത്.

രണ്ടാം വിക്കറ്റിൽ രോഹിതിന് കൂട്ടായി വിരാട് കോഹ്‌ലി എത്തിയതോടെ ഇന്ത്യ കൂടുതൽ നിലയുറപ്പിച്ചു. മെല്ലെ തുടങ്ങിയ കോഹ്‌ലി അടിച്ചുപരത്താനുള്ള ചുമതല രോഹിതിന് കൈമാറി. കഴിഞ്ഞ കളികളിൽ മികച്ചു കളിച്ചിട്ടും സെഞ്ച്വറി തികയ്ക്കാൻ കഴിയാതെ പോയ പിഴവ് ആവർത്തിക്കാതിരിക്കാൻ കരുതലോടെയുമായിരുന്നു രോഹിതിന്റെ ആക്രമണം. അഞ്ച് സിക്‌സറുകളും 11 ബൗണ്ടറിയുമായി 109 പന്തിൽ 125 റൺസെടുത്ത രോഹിത് ആദം സംപയുടെ പന്തിൽ കോൾട്ടർ നെയ്ൽ പിടിച്ചു പുറത്താകുമ്പോൾ ഇന്ത്യൻ വിജയം 61 പന്തിൽ 20 റൺസിന് അരികിലായിരുന്നു. പതിവിൽനിന്നു മാറി 55 പന്തിൽ 39 റൺസുമായി നങ്കൂരമിട്ടു കളിച്ച കോഹ്‌ലി അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായെങ്കിലും ഓസീസിന് പ്രതീക്ഷക്ക് വകയൊന്നുമില്ലായിരുന്നു.

തുടർന്ന് വിജയിക്കാനാവശ്യമായ 16 റൺസ് വിക്കറ്റൊന്നും പാഴാക്കാതെ കേദാർ ജാദവും മനീഷ് പാണ്ഡെയും ചേർന്ന് അടിച്ചെടുത്തതോടെ 43ാമത്തെ ഓവറിലെ അവസാന പന്തിൽ വിജയവും ഒന്നാം റാങ്കും ഇന്ത്യൻ വരുതിയിലായി. ആദ്യത്തെ മൂന്നു ഏകദിനത്തിലും വിജയിച്ച് പരമ്പര നേരത്തേ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യക്ക് ബംഗളൂരു ഏകദനിത്തിലെ തോൽവി രണ്ടാം റാങ്കിലേക്ക് താഴ്‌ത്തിയിരുന്നു. നാഗ്പൂർ ഏകദനിത്തിലെ ജയത്തോടെ വീണ്ടും ഇന്ത്യ ഒന്നാമതായി.

നേരത്തെ ടോസ് ഭാഗ്യം കനിഞ്ഞ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആരോൺ ഫിഞ്ച് (32), ഡേവിഡ് വാർണർ (53), ട്രാവസ് ഹെഡ് (42), മാർകസ് സ്റ്റോയിനിസ് (44) എന്നിവരാണ് ആസ്‌ട്രേലിയയുടെ സ്‌കോററർമാർ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 16 റൺസെടുത്ത് പുറത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP