Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിമ്മൺസും ചാൾസും റസലും രക്ഷകരായി; ഇന്ത്യ ഉയർത്തിയ 192 റൺസിന്റെ വിജയ ലക്ഷ്യം അവസാന ഓവറിൽ മറികടന്ന് കരീബിയൻ കരുത്ത്; ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസ്-ഇംഗ്ലണ്ട് പോരാട്ടം; കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സ് വെറുതെയായി

സിമ്മൺസും ചാൾസും റസലും രക്ഷകരായി; ഇന്ത്യ ഉയർത്തിയ 192 റൺസിന്റെ വിജയ ലക്ഷ്യം അവസാന ഓവറിൽ മറികടന്ന് കരീബിയൻ കരുത്ത്; ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസ്-ഇംഗ്ലണ്ട് പോരാട്ടം; കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സ് വെറുതെയായി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വാങ്കഡെയിലെ റൺസൊഴുകുന്ന പിച്ചിൽ അവസാന ഓവർ എറിയാനെത്തിയത് വിരാട് കോലി. അതു മാത്രമായിരുന്നു വിജയം നൽകാനുള്ള ഏക മാർഗ്ഗമെന്ന് ക്യാപ്ടൻ ധോണി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അവസാന ഓവറിൽ വിജയ മാജിക്ക് ബൗളിങ്ങിൽ പുറത്തെടുക്കാൻ കോലിക്ക് ആയില്ല. ലെൻഡൽ സിമ്മൺസിന്റേയും ആൻേ്രഡ റസലിന്റേയും പോരാട്ടമികവിന് മുന്നിൽ ഇന്ത്യ തോൽവി സമ്മതിച്ചു. ട്വന്റി ട്വന്റി ലോകകപ്പിൽ ആതിഥേയർ ഫൈനൽ കാണാതെ പുറത്തായി. ക്രിസ് ഗെയിൽ അഞ്ച് റൺസുമായി പുറത്തായെങ്കിൽ കരീബിയൻ കരുത്ത് തന്നെ മുബൈയിൽ ജയിച്ചു. 51 പന്തിൽ 83 റൺസുമായി പുറത്താകാതെ നിന്ന സിമ്മൺസ് ഇന്ത്യയുടെ മോഹങ്ങളെ തല്ലിക്കെടുത്തി. കൂട്ടിന് 20 പന്തിൽ 43 റൺസുമായി റസ്സലും

സ്‌കോർ

വെസ്റ്റ് ഇൻഡീസ്-196/3(ഓവർ 19.4)
ഇന്ത്യ-192/2(20)

വിരാട് കോലിയും ക്രിസ് ഗെയിലുമായുള്ള പോരാട്ടെമെന്നാണ് സെമിയെ ഏവരും വിശേഷിപ്പിച്ചത്. ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ സാക്ഷി നിർത്തി ബാറ്റിങ്ങിൽ കോലി വിരാട് രൂപം പുറത്തെടുത്തു. ക്രിസ് ഗെയിൽ വേഗത്തിൽ മടങ്ങിയതോടെ ഏവരും ഇന്ത്യൻ വിജയം മുന്നിൽ കണ്ടും. എന്നാൽ സിമ്മൺസിന്റെ വിശ്വരൂപത്തിന് മുന്നിൽ ഇന്ത്യൻ ബൗളിങ്ങിന്റെ ജ്വാല അണഞ്ഞു. 36 പന്തിൽ 52 റൺസെടുത്ത ജോൺസൺ ചാൾസ്, പിന്നെ റസ്സലും. ഈ മൂവരും ചേർന്ന് ധോണിപ്പടയുടെ ഫൈനൽ മോഹം തല്ലി തകർത്തു. അശിനും ജഡേജയും അടക്കമുള്ള ബൗളർമാർ തീർത്തും നിരാശപ്പെടുത്തിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നേരത്തെ റണ്ണൊഴുകുന്ന വാങ്കഡെ പിച്ചിൽ ഇന്ത്യൻ ബാറ്റിങ് എല്ലാ അർത്ഥത്തിലും കരുത്ത് കാട്ടിയിരുന്നു. ലോകകപ്പിലെ മൂന്നാം അർധസെഞ്ചുറിയും പൂർത്തിയാക്കി റൺമെഷീൻ വിരാട് കോലി മുന്നിൽനിന്നു നയിച്ചപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ 192 റൺസെടുത്തത്. കോലി 47 പന്തിൽനിന്നു 11 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 89 റൺസ് നേടി. ട്വന്റി 20യിൽ കോലിയുടെ ഉയർന്ന സ്‌കോറാണിത്. രോഹിത് ശർമ്മയും അജിങ്ക്യ രഹാനയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.

സ്‌കോർ 62ൽ നിൽക്കെ രോഹിത് പുറത്തായെങ്കിലും (31 പന്തിൽ 43) കോലി എത്തിയതോടെ ഇന്ത്യ വീണ്ടും ആധിപത്യം നേടി. ഡബിളുകളും ഇടയ്ക്ക് ബൗണ്ടറികളുമായി മുന്നേറിയ സംഘം രണ്ടാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. രഹാനെ (35 പന്തിൽ 40) സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കൂറ്റനടിക്കു ശ്രമിച്ചു പുറത്താകുകയായിരുന്നു. തുടർന്ന് കോലിക്കൊപ്പമെത്തിയ നായകൻ ധോണിയും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തി. തുടക്കത്തിൽ രണ്ടുതവണ കോലി റൺഔട്ടിൽനിന്നു രക്ഷപ്പെട്ടിരുന്നു. 9 പന്തിൽ 15 റൺസുമായി ധോണി പുറത്താകാതെനിന്നു.

നേരത്തെ, ടോസ് നേടിയ വിൻഡീസ് നായകൻ ഡാരൻ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണർ ശിഖർ ധവാനെയും പരിക്കേറ്റ യുവരാജ് സിംഗിനെയും പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും ഇവർക്കു പകരം ടീമിലെത്തി. വെസ്റ്റിൻഡീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. കഴിഞ്ഞ കളിയിൽ വിശ്രമമനുവദിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ലും ഒപ്പം ലണ്ടൽ സിമ്മൺസും ടീമിലെത്തിയപ്പോൾ എവിൻ ലൂയിസും പരിക്കേറ്റ ഫ്ളാറും പുറത്തായി.

ട്വന്റി ട്വന്റി ലോകകപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ എത്തിക്കഴിഞ്ഞു. ഒന്നാം സെമിഫൈനലിൽ ന്യൂസീലൻഡിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ കടന്നത്. അതുകൊണ്ട് തന്നെ വിൻഡീസ്-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിനാണ് ഇത്തവണ വേദിയൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP