Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകേഷ് രാഹുലിനെ മോശം ഫോമിലും മാറ്റാൻ ടീം മാനേജ്‌മെന്റിന് താൽപ്പര്യമില്ല; സ്ഥിര പരാജയമായിട്ടും ഋഷഭ് പന്തിന് വേണ്ടി മുറവിളികളും സജീവം; വിക്കറ്റ് കീപ്പറായും മൂന്നാം നമ്പർ ബാറ്റ്‌സ്മാനായും സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത വിരളം; മലയാളി താരത്തിന് രണ്ടാം ട്വിന്റി ട്വന്റിയിലും പുറത്തിരിക്കേണ്ടി വരും; ഇന്ന് ഇന്ത്യ തോറ്റാൽ പരമ്പര ബംഗ്ലാദേശിന്; രാജ്‌കോട്ടിൽ 'മഹാ' ചുഴലി യഥാർത്ഥ വില്ലൻ

ലോകേഷ് രാഹുലിനെ മോശം ഫോമിലും മാറ്റാൻ ടീം മാനേജ്‌മെന്റിന് താൽപ്പര്യമില്ല; സ്ഥിര പരാജയമായിട്ടും ഋഷഭ് പന്തിന് വേണ്ടി മുറവിളികളും സജീവം; വിക്കറ്റ് കീപ്പറായും മൂന്നാം നമ്പർ ബാറ്റ്‌സ്മാനായും സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത വിരളം; മലയാളി താരത്തിന് രണ്ടാം ട്വിന്റി ട്വന്റിയിലും പുറത്തിരിക്കേണ്ടി വരും; ഇന്ന് ഇന്ത്യ തോറ്റാൽ പരമ്പര ബംഗ്ലാദേശിന്; രാജ്‌കോട്ടിൽ 'മഹാ' ചുഴലി യഥാർത്ഥ വില്ലൻ

മറുനാടൻ മലയാളി ബ്യൂറോ

രാജ്കോട്ട്: രാജ്കോട്ടിൽ 'മഹ' ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയാണ്. ഇവിടെയാണ് ഇന്ത്യയും ബംഗ്ലാദേശും ഇന്ന് രണ്ടാം ട്വന്റി ട്വന്റിക്കായി കാത്തിരിക്കുന്നത്. മഴ കളിയെ ബാധിക്കുമെന്നാണ് ആശങ്ക സജീവമാണ്. ഇന്ന് ഉച്ചയോടെ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് ഇടിമിന്നലിന് സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അതുകൊണ്ട് തന്നെ ഈ മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യതാണ്. 10നാണ് അവസാന മത്സരം. ഈ കളിയിൽ സഞ്ജു വി സാംസൺ കളിക്കുമോ എന്നതാണ് മലയാളി ഉറ്റു നോക്കുന്നത്. എന്നാൽ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. ക്യാപ്ടൻ രോഹിത് ശർമ്മ നൽകുന്ന സൂചനയും ഇതു തന്നെയാണ്.

ഡൽഹിയിലെ വായു മലിനീകരണ ഭീഷണി മറികടന്നാണ് ഇന്ത്യയും ബംഗ്ലാദേശും ആദ്യ മത്സരം പൂർത്തിയാക്കിയത്.ആദ്യകളിയിൽ ബംഗ്ലാദേശിനോട് എല്ലാ മേഖലയിലും ഇന്ത്യ പരാജയപ്പെട്ടു. താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കീഴിൽ ഇറങ്ങിയ യുവസംഘം നിരാശപ്പെടുത്തി. ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ മലയാളി താരം സഞ്ജു സാംസണ് ഇന്ന് പുറത്തിരിക്കേണ്ടിവരും. മറിച്ച് ലോകേഷ് രാഹുലിനെയോ ശിവം ദുബെയെയോ ഒഴിവാക്കുകയാണെങ്കിൽ സഞ്ജുവിന് അവസരം കിട്ടും. ആദ്യ മത്സരത്തിലെ തോൽവിയുടെ പേരിൽ ടീം പൊളിച്ചുപണിയരുത് എന്ന നിലപാടാണ് മുൻ താരം വി.വി എസ്. ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ പങ്കുവയ്ക്കുന്നത്. ഇതാണ് സഞ്ജുവിനും മറ്റും വിനയായി മാറുന്നത്.

ടീമിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ലോകേഷ് രാഹുലിനു പകരം സഞ്ജു കളിച്ചേക്കുമെന്ന സൂചനകൾ സജീവമാണ്. ആദ്യ മത്സരത്തിൽ നിറംമങ്ങിയ സാഹചര്യത്തിലാണ് രാഹുലിനു പകരം സഞ്ജുവിനു വഴിതെളിയുന്നത്. ഡൽഹിയിലെ ഒന്നാം ട്വന്റി20യിൽ അവസാന ഓവറുകളിൽ ഒട്ടേറെ റൺസ് വിട്ടുകൊടുത്ത ഖലീൽ അഹമ്മദിനെ പുറത്തിരുത്തണമെന്ന വികാരവും സജീവമാണ്. 19ാം ഓവറിൽ തുടർച്ചയായി നാലു ഫോറുകൾ വഴങ്ങിയ ഖലീലിന്റെ 'പ്രകടനമാണ്' മത്സരം ഇന്ത്യയിൽനിന്ന് തട്ടിയകറ്റിയത്. അർധസെഞ്ചുറിയുമായി പൊരുതിയ മുഷ്ഫിഖുർ റഹിമിന്റെ മികവിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് അവരുടെ ആദ്യ ട്വന്റി20 വിജയവും കുറിച്ചു.

ശിവം ദുബെ ഓൾറൗണ്ടറെന്ന നിലയിൽ ടീമിൽ സ്ഥാനം നിലനിർത്താനാണ് സാധ്യത. നിർണായകമായൊരു ക്യാച്ച് കൈവിട്ടെങ്കിലും ബാറ്റിങ്ങിലും ബോളിങ്ങിലും വിശ്വസിക്കാവുന്ന താരമെന്ന നിലയിൽ ക്രുനാൽ പാണ്ഡ്യയും ടീമിൽ തുടർന്നേക്കും. യുവതാരം ഋഷഭ് പന്തിനെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ തഴയാൻ സാധ്യതയില്ല. പ്രത്യേകിച്ചും മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി സിലക്ടർമാർ പന്തിനെ വിശ്വസിക്കുന്ന സാഹചര്യത്തിൽ. ഇതും സഞ്ജുവിന് വിനയായണ്. ബാറ്റ്‌സ്മാനായി മാത്രമേ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കൂവെന്നാണ് സൂചന.

ചുരുക്കത്തിൽ അത്ര ഫോമിലല്ലാത്ത കെ.എൽ. രാഹുലിനെ പുറത്തിരുത്താൻ തീരുമാനിച്ചാൽ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. ഖലീൽ അഹമ്മദിനു പകരം ഷാൽദുൽ താക്കൂറും ടീമിലെത്തിയേക്കും. ഋഷഭ് പന്തിനു പകരം സഞ്ജുവിനെ രണ്ടാം മത്സരത്തിൽ കളിപ്പിക്കണം എന്ന ആവശ്യവുമായി മുൻ താരം സഹീർ ഖാൻ ഉൾപ്പെടെയുള്ളവരും രംഗത്തുണ്ട്. ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയുടെ 100ാം ട്വന്റി20 മത്സരമാകും രാജ്‌കോട്ടിലേത്. രാജ്യാന്തര ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറും.

മഹാ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനിൽക്കെയും ഇന്ത്യൻ ടീം പരിശീലനം നടത്തി. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മത്സരത്തെ തടസപ്പെടുത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരത്തിന് തലേന്ന് ആറാം തിയതി ചുഴലിക്കാറ്റ് ഗുജറാത്തിൽ ദ്വാരകയ്ക്കും ദിയുവിനും ഇടയിൽ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. അതിനാൽ തീവ്രമോ അതിതീവ്രമോ ആയ മഴ ഈ പ്രദേശത്ത് പെയ്‌തേക്കുമെന്നാണ് നിരീക്ഷണങ്ങൾ. അതിനാൽ രാജ്‌കോട്ട് ടി20 നടക്കാൻ സാധ്യതകൾ വിരളമാണ് നിലവിലെ സാഹചര്യത്തിൽ. മത്സരം നടക്കാതെ വന്നാൽ അവസാന ടി20 ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാകും.

മഴ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീം പരിശീലനം നടത്തി. ക്യാപ്റ്റൻ രോഹിത് ശർമ, ശ്രേയാസ് അയ്യർ, സഞ്ജു സാംസൺ എന്നിവർ സ്പ്രിന്റിൽ ഏർപ്പെട്ടു. സഞ്ജുവിന് പ്ര്ത്യേക ബാറ്റിങ് പരിശീലനം ഏർപ്പാടാക്കിയിരുന്നു. കെ എൽ രാഹുലും ബാറ്റിങ്ങിൽ ശ്രദ്ധിച്ചു. വാഷിങ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ എന്നിവർ നെറ്റ്സിൽ പന്തെറിഞ്ഞു.

ടീം: ഇന്ത്യ--രോഹിത് ശർമ, ശിഖർ ധവാൻ, സഞ്ജു സാംസൺ/ ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുണാൾ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, ശർദുൾ താക്കൂർ/ഖലീൽ അഹമ്മദ്

ബംഗ്ലാദേശ്-- ലിട്ടൺ ദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് നയിം, മുഹമ്മദ് മിഥുൻ, മുഷ്ഫിക്കർ റഹീം, മഹ്മദുള്ള, മൊസദെക് ഹുസൈൻ, അഫിഫ് ഹുസൈൻ, മുസ്താഫിസുർ റഹ്മാൻ, അമിനുൾ ഇസ്ലാം, അൽ അമീൻ ഹുസൈൻ/ അറാഫത് സണ്ണി, ഷഫിയുൾ ഇസ്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP