Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

ഭാഗ്യമെത്തിയത് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് വഴി; ആദ്യ ട്വന്റി ട്വന്റിയിൽ താരമായി യുസ്വേന്ദ്ര ചാഹലും; നിയമത്തെ വിമർശിച്ച് ഓസ്ട്രേലിയ; തിരിച്ചടിച്ച് ഇന്ത്യയും; മാച്ച് റഫറിക്കെതിരെ ജസ്റ്റിൻ ലാങ്ങറും ഓസീസ് കോച്ചിനെതിരെ വീരേന്ദർ സേവാഗും; കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമം വിവാദമാകുമ്പോൾ

ഭാഗ്യമെത്തിയത് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് വഴി; ആദ്യ ട്വന്റി ട്വന്റിയിൽ താരമായി യുസ്വേന്ദ്ര ചാഹലും; നിയമത്തെ വിമർശിച്ച് ഓസ്ട്രേലിയ; തിരിച്ചടിച്ച് ഇന്ത്യയും; മാച്ച് റഫറിക്കെതിരെ ജസ്റ്റിൻ ലാങ്ങറും ഓസീസ് കോച്ചിനെതിരെ വീരേന്ദർ സേവാഗും; കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമം വിവാദമാകുമ്പോൾ

അശ്വിൻ പി.ടി

തിരുവനന്തപുരം: ഒരു സാധാരണ മത്സരത്തേക്കാളുപരി ചർച്ചകളിൽ നിറയുകയാണ് ഇന്ത്യ
ഓസ്‌ട്രേലിയ ആദ്യ ട്വന്റി ട്വന്റി മത്സരം. മത്സരം ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യക്ക് തുണയായെത്തിയ ഐസിസിയുടെ നിയമത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുകയാണ്. ഇത് സംബന്ധിച്ച് ഇരു ടീമിന്റെയും മുതിർന്ന താരങ്ങൾ തമ്മിൽ വാഗ്വാദവും ശക്തമാവുകയാണ്. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡാർസി ഷോർട്ടും നന്നായി ബാറ്റ് ചെയ്യവെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി എത്തിയ സ്പിന്നർ യൂസ്വേന്ദ്ര ചാഹലാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്.

നാല് ഓവറിൽ 25 റൺസ് വഴങ്ങിയ ചാഹൽ മൂന്നു വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ബാറ്റിങ്ങിനിടെ ഹെൽമറ്റിൽ പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് ചാഹൽ കളത്തിലിറങ്ങിയത്. ചാഹലിന്റെ പ്രകടനം മത്സരഫലത്തിൽ നിർണായകമായതോടെ ഇന്ത്യയുടെ ഈ നീക്കത്തിനെതിരെയും സബ്സ്റ്റിറ്റിയൂട്ട് അനുമതി നൽകിയ മാർച്ച് റഫറിക്കെതിരെ ഓസീസ് കോച്ച് ജസ്റ്റിൻ ലാങ്ങർ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ലാങ്ങറിന് മറുപടിയുമായി ഇന്ത്യൻ താരം വീരേന്ദർ സേവാഗും രംഗത്ത് വന്നു. തലയ്ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിലാണ് കാണപ്പെടുക. അതിനാൽ തന്നെ ജഡേജയ്ക്ക് പകരക്കാരനെ ഇറക്കിയ ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 'കൺകഷൻ സബ്സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഗുണഭോക്താക്കൾ ഓസ്‌ട്രേലിയ ആയതിനാൽ അവർ ഇക്കാര്യത്തിൽ പരാതി പറയാൻ പാടില്ല. പണ്ട് കളിക്കിടെ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് പന്തുകൊണ്ടപ്പോൾ മാർനസ് ലബുഷെയ്ൻ പകരക്കാരനായി ഇറങ്ങി റൺസടിച്ചു. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഭാഗത്തുനിന്ന് ഇത് ശരിയായ തീരുമാനമായിരുന്നു, കാരണം രവീന്ദ്ര ജഡേജയ്ക്ക് കളിക്കുക സാധ്യമല്ലായിരുന്നു. അതുപോലെ പന്തെറിയാനും സാധിക്കില്ലായിരുന്നു.'' - സെവാഗ് ചൂണ്ടിക്കാട്ടി.

വാഗ്വാദങ്ങൾ മുറുകുമ്പോൾ കണക്ഷൻ സബസ്റ്റിറ്റിയൂട്ട് എന്ന നിയമവും വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. സബ്സ്റ്റിറ്റിയൂട്ട് സംവിധാനം പണ്ടുമുൽക്കെ ക്രിക്കറ്റിൽ ഉണ്ടായിരുന്നെങ്കിലും ഫീൽഡിങ്ങിൽ മാത്രമാണ് ഇത് ഉപയോഗപ്പെടുത്താൻ പറ്റിയിരുന്നത്. എന്നാൽ അതിന് പകരമായ കണക്ഷൻ സബ്സ്റ്റിറ്റിയൂട്ട് എന്ന സംവിധാനം നിലവിൽ വരുന്നത് 2019 ലെ ആഷസ് പരമ്പരയിലാണ്.

എന്താണ് കണക്ഷൻ സബസ്റ്റിറ്റിയൂട്ട്?

മാച്ചിനിടെ ഒരു താരത്തിനു പരിക്കേറ്റാൽ പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ഇറക്കാൻ അനുവാദം നൽകുന്ന നിയമമാണിത്. വനിത പുരുഷ ക്രിക്കറ്റിലും കൂടാതെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഇത് അനുവദിച്ചിട്ടുണ്ട്. ഒരു കളിക്കാരനെ മാറ്റി പകരം കളിക്കാരനെ ഇറക്കുമ്പോൾ 'ലൈക്ക് ഫോർ ലൈക്ക്' എന്ന രീതിയിലാവണം മാറ്റം വരുത്താൻ എന്നതാണ് നിയമം. അതായത് പരിക്കേൽക്കുന്നത് ഒരു ബാറ്റ്‌സ്മാനാണെങ്കിൽ ടീം പകരക്കാരനായി ഇറക്കേണ്ടത് ഒരു ബാറ്റിങ് താരത്തെ തന്നെയായിരിക്കണം. മറിച്ച് ഒരു ഓൾ റൗണ്ടറെയാണ് ഇറക്കുന്നതെങ്കിൽ ഇദ്ദേഹത്തെ ബോൾ ചെയ്യുന്നതിൽ നിന്നും വിലക്കാനുള്ള അധികാരം അംപയർക്കുണ്ട്

ഈ നിയമം കൊണ്ട് പ്രധാനമായും രണ്ട് ഗുണങ്ങളാണുള്ളത് ഒന്ന് ഒരാൾ പരിക്കേറ്റു പിന്മാറുന്നതുകൊണ്ടുള്ള നഷ്ടം ടീമിന് ഒഴിവാകും. മറ്റൊന്ന് പരിക്കേറ്റാലും റിസ്‌ക് എടുത്ത് ടീമിനുവേണ്ടി കളിക്കാൻ കളിക്കാരൻ നിർബന്ധിതനാവുകയില്ല. പരിക്കേൽക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാൻ കഴിയുന്നതാണ് ഈ നിയമം. ബാറ്റ്സ്മാന് പരിക്കേൽക്കുകയാണെങ്കിൽ ബാറ്റ്സ്മാനെയും ബൗളർക്ക് പരിക്കേൽക്കുകയാണെങ്കിൽ ബൗളറെയും ഇനി മുതൽ കളിപ്പിക്കാൻ കഴിയും. കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങുന്ന കളിക്കാരന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും.

അൽപ്പം ചരിത്രം

2014ൽ ആഭ്യന്തര മത്സരത്തിനിടെ ബൗൺസർ തലയിൽക്കൊണ്ട് ഓസീസ് താരം ഫിൽ ഹ്യൂസ് മരണമടഞ്ഞതിനെത്തുടർന്ന് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് എന്ന സംവിധാനത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിച്ചു തുടങ്ങിയിരുന്നു. 2016-2017 സീസൺ മുതൽ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും ഓസ്‌ട്രേലിയ ഈ പരിഷ്‌കാരം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ ഐ.സി.സി അംഗീകരിക്കാതിരുന്നതിനാൽ ഷെഫീൽഡ് ഷീൽഡിൽ ഈ പരിഷ്‌കാരം വരുത്തിയിരുന്നില്ല. തുടർന്ന് 2018 ൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ആഭ്യന്തര മത്സരങ്ങളിൽ ഈ നിയമം പരീക്ഷിച്ചു നോക്കി. ഇവിടെയും ഇത് വിജയമാണെന്നു കണ്ടതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതു നടപ്പിലായത്.

2019 ലെ ആഷസ് പരമ്പറയിൽ ആഷസ് ടെസ്റ്റിൽ പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരം ലെബുഷെയ്ൻ ബാറ്റിംഗിനിറങ്ങിയതാണ് ആദ്യത്തെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്.പകരക്കാരനായി ഇറങ്ങിയ ലംബുഷെയ്ൻ നിർണ്ണായക ഘട്ടത്തിൽ 59 റൺസടിച്ചത് ടെസ്റ്റിൽ സമനില പിടിക്കുവാൻ ഓസീസിനെ സഹായിച്ചു. മാത്രമല്ല സമനിലയിലൂടെ പരമ്പരയിലെ മുൻതൂക്കം നിലനിർത്താനുമായി. ആദ്യ നീക്കത്തിൽ തന്നെ ഈ നിയമം ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP