Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ബ്രിസ്‌ബേൻ ടെസ്റ്റിനായി അധിക ക്വാറന്റൈൻ; ക്വീൻസ്‌ലാൻഡ് ഭരണകൂടത്തിന്റെ നിർദ്ദേശത്തിൽ ബിസിസിഐക്ക് കടുത്ത അതൃപ്തി; നാലാം ടെസ്റ്റ് ബഹിഷ്‌കരിക്കുന്നത് പരിഗണനയിൽ

ബ്രിസ്‌ബേൻ ടെസ്റ്റിനായി അധിക ക്വാറന്റൈൻ; ക്വീൻസ്‌ലാൻഡ് ഭരണകൂടത്തിന്റെ നിർദ്ദേശത്തിൽ ബിസിസിഐക്ക് കടുത്ത അതൃപ്തി; നാലാം ടെസ്റ്റ് ബഹിഷ്‌കരിക്കുന്നത് പരിഗണനയിൽ

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: സിഡ്‌നിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശേഷം നാലാം ടെസ്റ്റിനായി ബ്രിസ്‌ബേനിലെത്തിയാൽ ഇന്ത്യൻ ടീം വീണ്ടും 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന ക്വീൻസ്‌ലാൻഡിലെ പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശത്തിൽ കടുത്ത എതിർപ്പ് തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ബ്രിസ്‌ബേനിലേക്കു വരേണ്ടതില്ലെന്ന ക്വീൻസ്‌ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രതികരണമാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായയ്ക്ക് ഭംഗമേൽപ്പിക്കുന്നതാണ് ക്വീൻസ്‌ലാൻഡ് മന്ത്രിയുടെ പരാമർശമെന്ന് ബിസിസിഐ വിലയിരുത്തി. ഈ സാഹചര്യത്തിൽ ബ്രിസ്‌ബേനിൽ നടക്കേണ്ട നാലാം ടെസ്റ്റിൽനിന്ന് പിന്മാറുന്ന കാര്യവും ഇന്ത്യ പരിഗണിക്കുന്നതായാണ് വിവരം. നിലവിൽ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ രണ്ടു ടെസ്റ്റുകൾ പൂർത്തിയായി. സിഡ്‌നിയിൽ ഏഴിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റു കൂടി കളിച്ചശേഷം നാട്ടിലേക്കു മടങ്ങുന്ന കാര്യമാണ് ഇന്ത്യൻ ടീം പരിഗണിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ബിസിസിഐ പൂർണമായും സഹകരിച്ചുപോരുന്ന സാഹചര്യത്തിൽ, ബെയ്റ്റ്‌സിന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന വികാരമാണ് ബിസിസിഐ ഭരണകർത്താക്കളുടേതെന്ന് പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് ഇന്ത്യൻ ടീം അവിടെ കളിക്കാൻ വരണമെന്ന് താൽപര്യമില്ലാത്തത് വേദനാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിന് നിയമങ്ങൾ പാലിക്കാൻ താൽപര്യമില്ലെന്ന മട്ടിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പരമ്പരയ്ക്കിടെ ഓസ്‌ട്രേലിയയിലെത്തിയ രോഹിത് ശർമ വരെയുള്ളവർ കൃത്യമായി 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് ടീമിനൊപ്പം ചേർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഓസ്‌ട്രേലിയയിലെ ഒരു ജനപ്രതിനിധി നടത്തിയ ആ പ്രസ്താവന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായ മോശമാക്കുന്നതാണ്. ഓസ്‌ട്രേലിയയിലെ നിയമങ്ങളുമായി സഹകരിക്കാൻ ഇന്ത്യൻ ടീമിന് യാതൊരു വൈമുഖ്യവുമില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. ഏറ്റവും ഒടുവിൽ ടീമിനൊപ്പം ചേർന്ന് രോഹിത് ശർമ വരെയുള്ളവർ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയത് ഓർമിക്കുന്നത് നന്ന്. ഇന്ത്യൻ ടീം നിയമങ്ങൾ പാലിക്കാൻ തയാറല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശരിയല്ല. ആ ജനപ്രതിനിധി നടത്തിയ പരാമർശം വിദ്വേഷം വമിപ്പിക്കുന്നതും വംശീയമായ അർഥ തലങ്ങളുള്ളതുമാണ്. അതുകൊണ്ടുതന്നെ നാലാം ടെസ്റ്റിൽ കളിക്കണമോ എന്ന കാര്യത്തിൽ ബിസിസിഐ പുനർവിചിന്തനം നടത്തുന്നതിൽ അദ്ഭുതമില്ല' - അദ്ദേഹം പറഞ്ഞു.

ഈ മാസം ഏഴിനു തുടങ്ങുന്ന 3-ാം ടെസ്റ്റിനു വേദിയൊരുക്കുന്ന സിഡ്‌നി, കോവിഡ് ഹോട്‌സ്‌പോട്ടായ ന്യൂ സൗത്ത് വെയ്ൽസിലാണ്. 4-ാം ടെസ്റ്റിനു വേദിയാകേണ്ട ബ്രിസ്‌ബെയ്ൻ മറ്റൊരു സംസ്ഥാനമായ ക്വീൻസ്‌ലൻഡിലാണ്. റോഡ് മാർഗമുള്ള അതിർത്തികൾ ക്വീൻസ്ലൻഡ് അടച്ചിട്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയ്ൽസിൽനിന്ന് ആകാശമാർഗം ക്വീൻസ്ലൻഡിൽ എത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്നതു സർക്കാർ നയമാണ്. 'ഹോട്‌സ്‌പോട്ടിൽനിന്നു വരുന്നവർ ആരായാലും ക്വാറന്റൈൻ നിർബന്ധം. ആ വ്യവസ്ഥയ്ക്കു മാറ്റമില്ല' - ക്വീൻസ്ലൻഡിലെ ചീഫ് ഹെൽത്ത് ഓഫിസർ ഡോ. ജീനെറ്റ് യങ് കഴിഞ്ഞ ദിവസവും പറഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയയിൽ വന്നയുടൻ രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞതിനാൽ ഇനിയൊരിക്കൽക്കൂടി ക്വാറന്റൈൻ പറ്റില്ലെന്ന് ഇന്ത്യൻ ടീം തീരുമാനിക്കാനിടയുണ്ടെന്നും ടെസ്റ്റ് ബ്രിസ്‌ബെയ്‌നിൽ നടക്കുന്ന കാര്യം സംശയത്തിലാണെന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, 3-ാം ടെസ്റ്റ് സിഡ്‌നിയിൽനിന്നു ബ്രിസ്‌ബെയ്‌നിലേക്കു മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, പിന്നീടു സിഡ്‌നിയിൽതന്നെ ഉറപ്പിച്ചു. പുതിയ സാഹചര്യത്തിൽ അവസാന ടെസ്റ്റ് ബ്രിസ്‌ബെയ്‌നു പകരം സിഡ്‌നിയിൽതന്നെ നടക്കാനും സാധ്യതയുണ്ട്. 15നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP