Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഐപിഎൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത് ബിസിസിഐയുടെ പിഴവ്; പതിനാലാം സീസണും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശം തള്ളി; തിരിച്ചടിയായത് ബയോ സെക്യുർ ബബ്ൾ ചോർച്ച; തീരാത്ത പണക്കൊതി സൗരവ് ഗാംഗുലിയേയും സംഘത്തേയും പ്രതിക്കൂട്ടിലാക്കുമ്പോൾ

ഐപിഎൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത് ബിസിസിഐയുടെ പിഴവ്; പതിനാലാം സീസണും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശം തള്ളി; തിരിച്ചടിയായത് ബയോ സെക്യുർ ബബ്ൾ ചോർച്ച; തീരാത്ത പണക്കൊതി സൗരവ് ഗാംഗുലിയേയും സംഘത്തേയും പ്രതിക്കൂട്ടിലാക്കുമ്പോൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കവെ തുടക്കമിട്ട ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ നിർത്തേണ്ടിവന്നത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പിഴവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഐപിഎൽ സീസണിന് സമാനമായി 14ാം സീസണും യുഎഇയിൽത്തന്നെ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശത്തോട് ബിസിസിഐ മുഖം തിരിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

ഐപിഎൽ രണ്ടു മാസത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ആയതിനാൽ, ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടായാൽ കാര്യങ്ങൾ ബിസിസിഐയുടെ നിയന്ത്രണത്തിൽനിന്ന് പോകുമെന്ന് ബ്രിജേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഐപിഎൽ ഭരണസമിതി ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന് ഭരണസമിതി നിർദ്ദേശം വച്ചതും.

പുതിയ സീസൺ ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇത്തവണയും ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതാണ് നല്ലതെന്ന് ഐപിഎൽ ഭരണ സമിതി നിർദ്ദേശം വച്ചത്. എന്നാൽ, ഈ നിർദ്ദേശം തള്ളിയ ബിസിസിഐ, ബയോ സെക്യുർ ബബ്ൾ സംവിധാനം രൂപീകരിച്ച് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ സീസൺ യുഎഇയിൽത്തന്നെ നടത്തുന്നതായിരുന്നു നല്ലതെന്ന് ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ആദം സാംപയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുകയും ബയോ സെക്യുർ ബബ്‌ളിലുള്ള താരങ്ങൾക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഐപിഎൽ 14ാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഐപിഎൽ ഭരണസമിതി ഈ സീസണിലെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന് നിർദ്ദേശം വച്ചിരുന്നതായും ബിസിസിഐ ഇത് തള്ളിയതാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇത്തവണ ഐപിഎൽ യുഎഇയിൽ നടത്തുന്നതാണ് നല്ലതെന്ന് നിലപാടെടുത്ത നാല് ഫ്രാഞ്ചൈസികളും ഉണ്ടായിരുന്നു. ഐപിഎൽ 13ാം സീസൺ യുഎഇയിൽ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് 14ാം സീസണും അവിടത്തന്നെ നടത്താമെന്ന് ഐപിഎൽ ഭരണസമിതിയും വിവിധ ഫ്രാഞ്ചൈസികളും നിലപാടെടുത്തത്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായാണ് ഐപിഎൽ 13ാം സീസൺ നടന്നത്. അതിനിടെ, അടിയന്തര സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞാൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ യുഎഇയിൽ നടത്താനും ബിസിസിഐ തീരുമാനിച്ചിരുന്നു.

ഈ വർഷം ഐപിഎൽ നടത്താൻ ഭരണസമിതിയുടെ മുന്നിലുണ്ടായിരുന്ന ആദ്യ ഓപ്ഷൻ യുഎഇ തന്നെയായിരുന്നു. ഐപിഎൽ 14ാം സീസൺ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപും ടൂർണമെന്റ് യുഎഇയിൽ നടത്താമെന്ന് ഭരണസമിതി ബിസിസിഐയെ അറിയിച്ചിരുന്നു. മാറ്റം പെട്ടെന്നായാൽപ്പോലും ടൂർണമെന്റ് നടത്താൻ തയാറാണെന്ന് യുഎഇ ക്രിക്കറ്റ് ബോർഡും അറിയിച്ചിരുന്നു. പക്ഷേ, ഇതിനു ചെവി കൊടുക്കാൻ തയാറാകാതിരുന്ന ബിസിസിഐ, ടൂർണമെന്റ് ഇന്ത്യയിൽത്തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെക്രട്ടറി ജയ് ഷാ എന്നിവരടക്കമുള്ള നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.  സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഇന്ത്യയിൽ വേദിയൊരുക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. മത്സരം മുടങ്ങിയതോടെ ദീർഘവീഷണമില്ലാത്ത ബിസിസിഐയുടെ നിലപാടുകൾ വരും ദിവസങ്ങളിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയേക്കും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ സ്പിന്നർ വരുൺ ചക്രവർത്തി, മലയാളി പേസർ സന്ദീപ് വാരിയർ എന്നിവർ കോവിഡ് പോസിറ്റീവായതിനാൽ അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം രാത്രി നടക്കേണ്ടിയിരുന്ന കൊൽക്കത്ത റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം മാറ്റിവച്ചിരുന്നു.

ഇതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കാശി വിശ്വനാഥൻ, ബോളിങ് പരിശീലകൻ എൽ.ബാലാജി എന്നിവരുൾപ്പെടെ 3 ടീം സ്റ്റാഫിനു കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

കഴിഞ്ഞ 4 ദിവസത്തിനിടെ നടത്തിയ 3ാമത്തെ ടെസ്റ്റിലാണു വരുണും സന്ദീപും പോസിറ്റീവായതെന്നു കൊൽക്കത്ത ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് നിർത്തിവച്ചത്. സാഹയ്ക്കും മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ, ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയാത്ത ബയോ സെക്യൂർ ബബ്ൾ സംവിധാനത്തിലാണ് ഐപിഎൽ താരങ്ങളെല്ലാം കഴിഞ്ഞിരുന്നത്. മത്സരത്തിനും പരിശീലനത്തിനുമായല്ലാതെ ബബ്ൾ സംവിധാനത്തിലെ ഹോട്ടൽ വിട്ടുപോകാൻ താരങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. തോളിലെ വേദനയെത്തുടർന്നു പരിശോധനയ്ക്കായി വരുൺ പുറത്തുപോയിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണു താരത്തിനു കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനിടയിലാണു ചെന്നൈ ടീം ക്യാംപിലും കോവിഡ് ഉണ്ടെന്ന് ഒരു സ്പോർട്സ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തത്. കാശിക്കും ബാലാജിക്കും പുറമേ ടീമിനൊപ്പമുള്ള ഒരു ബസ് ജീവനക്കാരനാണു കോവിഡ് പിടിപെട്ടെന്നാണു റിപ്പോർട്ട്. ആദ്യ കോവിഡ് ഫലം ശരിയാണോയെന്ന് ഉറപ്പിക്കാൻ രണ്ടാമതൊരു പരിശോധനയ്ക്കുകൂടി ഇന്നലെ 3 പേരും വിധേയരായി.

ഓസ്‌ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്ൻ റിച്ചഡ്‌സൻ എന്നിവരും ഇന്ത്യൻ താരം ആർ.അശ്വിനും കോവിഡ് സാഹചര്യം മൂലം ലീഗിൽനിന്നു പിന്മാറിയിരുന്നു. അംപയർ നിതിൻ മേനോൻ, മാച്ച് റഫറി മനു നയ്യാർ എന്നിവരും പിന്മാറി. എന്നാൽ കോവിഡിനിടയിലും ഐപിഎൽ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബിസിസിഐയുടെ കണക്കുകൂട്ടൽ. ബയോ സെക്യുർ ബബ്ളിനുള്ളിൽ കഴിഞ്ഞ താരങ്ങൾ കോവിഡ് പോസിറ്റീവായതിനെപ്പറ്റി ബിസിസിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബിസിസിഐ പ്രസ്താവനയുടെ പൂർണരൂപം

'ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഭരണസമിതിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള് ബോർഡും (ബിസിസിഐ) ചേർന്നുള്ള അടിയന്തര യോഗത്തിൽ ഐപിഎൽ 14ാം സീസൺ ഉടനടി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കളിക്കാരുടെയും പരിശീലക സംഘാംഗങ്ങളുടെയും ടൂർണമെന്റുമായി സഹകരിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല എന്നതാണ് ബിസിസിഐയുടെ നിലപാട്. ഐപിഎലിന്റെ എല്ലാ സഹകാരികളുടെയും സുരക്ഷയും ആരോഗ്യവും ക്ഷേമവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.'

'ഈ പ്രതിസന്ധി ഘട്ടത്തിൽ, പ്രത്യേകിച്ചും ഇന്ത്യയിൽ, വിനോദത്തിന്റെ ചില നിമിഷങ്ങൾ സമ്മാനിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ടൂർണമെന്റ് നിർത്തിവയ്ക്കാതെ രക്ഷയില്ല. താരങ്ങൾ ഉൾപ്പെടെ ടൂർണമെന്റുമായി സഹകരിച്ചിരുന്ന എല്ലാവരും നാടുകളിലേക്ക് മടങ്ങി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കട്ടെ.'

'ഐപിഎൽ 14ാം സീസണുമായി സഹകരിച്ച എല്ലാവരെയും നാടുകളിലേക്ക് ഏറ്റവും സുരക്ഷിതമായി മടക്കിയെത്തിക്കാൻ ബിസിസിഐയെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യും. ഇത്രയും വെല്ലുവിളി നിറഞ്ഞ കാലത്തും ഐപിഎൽ സംഘടിപ്പിക്കാൻ സഹകരിച്ച ആരോഗ്യപ്രവർത്തകർ, സംസ്ഥാന അസോസിയേഷനുകൾ, താരങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, ഫ്രാഞ്ചൈസികൾ, സ്‌പോൺസർമാർ, പാർട്ണർമാർ, മറ്റ് സഹകാരികൾ എന്നിവർക്കെല്ലാം ഹൃദ്യമായ നന്ദി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP