Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഹിതിനും കോലിക്കും വിശ്രമം; ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ രാഹുൽ നയിക്കും; ഉംറാൻ മാലിക്കും അർഷദീപ് സിങും പുതുമുഖങ്ങൾ; സഞ്ജു പുറത്ത്; ദിനേശ് കാർത്തികും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തി; പുജാര ടെസ്റ്റ് ടീമിൽ

രോഹിതിനും കോലിക്കും വിശ്രമം; ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ രാഹുൽ നയിക്കും; ഉംറാൻ മാലിക്കും അർഷദീപ് സിങും പുതുമുഖങ്ങൾ; സഞ്ജു പുറത്ത്; ദിനേശ് കാർത്തികും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തി; പുജാര ടെസ്റ്റ് ടീമിൽ

സ്പോർട്സ് ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയിൽ നടക്കുന്ന പരമ്പരയ്ക്കുള്ള 18 അംഗ ടീമിനേയാണ് തിരഞ്ഞെടുത്തത്.

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാൻ കിഷൻ, വെറ്ററൻ താരം ദിനേശ് കാർത്തിക് എന്നിവർ ടീമിലെത്തി. പേസ് സെൻസേഷൻ ഉംറാൻ മാലിക്, ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിങ് എന്നിവാണ് ടീമിലെ പുതുമുഖങ്ങൾ.

ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് പേസ് ബൗളർമാരായ ഉംറാൻ മാലിക്കിനും അർഷദീപ് സിങ്ങിനും ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും ഫിറ്റ്നെസും ഫോമും വീണ്ടെടുത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ടീമിൽ തിരിച്ചെത്തി. കാർത്തിക്കിനൊപ്പം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. അതേസമയം, മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല.

ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ചെന്നൈയുടെ യുവ ഓപ്പണർ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആർ ബിഷ്ണോയ് എന്നിവർ സ്പിന്നാർമാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വർമ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ കെ.എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക. മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കെല്ലാം ട്വന്റി 20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോലി, പേസ് ബൗളർ ജസ്പ്രീത് ബുംറ എന്നിവർക്കാണ് വിശ്രമം നൽകിയിരിക്കുന്നത്.

ജൂൺ ഒമ്പതിനാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ചു ട്വന്റി-20 മത്സരങ്ങൾ അടങ്ങിയ പരമ്പര തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ 16 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെംബ ബവുമയാണ് അവരുടെ ക്യാപ്റ്റൻ.

ഇംഗ്ലണ്ടിനെതിരേ ബെർമിങ്ഹാമിൽ ജൂലൈ ഒന്നിനാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. കഴിഞ്ഞ വർഷം നടന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ് മൂലം മാറ്റിയിരുന്നു. ആ ടെസ്റ്റ് മത്സരമാണ് ബെർമിങ്ഹാമിൽ നടക്കുക.

ടെസ്റ്റിനായി ഇന്ത്യ 17 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ചേതേശ്വർ പൂജാര ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക.

ജൂലൈ ഒന്നിനാണ് ടെസ്റ്റ് നടക്കുന്ന്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂൺ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ലെസ്റ്റർഷെയറിനെതിരെ ചതുർദിന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീം അയർലൻഡിലേക്ക് യാത്ര തിരിക്കും. രണ്ട് ടി20 അവിടെ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.

പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെംബ ബവൂമയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലിൽ കളിക്കുന്ന ക്വിന്റൺ ഡി കോക്ക്, ഏയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ആന്റിച്ച് നോർക്യ, കാഗിസോ റബാഡ, മാർക്കോ ജാൻസൺ, റാസി വാൻഡർ ഡസ്സൻ, ട്രൈസ്റ്റൻ സ്റ്റബ്സ് എന്നിവരുമുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ ട്രൈസ്റ്റൻ സ്റ്റബ്സ് ആണ് ടീമിലെ പുതുമുഖം.

പരിക്കുമൂലം ഏറെ നാളായി ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന പേസർ ആന്റിച്ച് നോർക്യ ടീമിൽ തിരിച്ചെത്തിയപ്പോൾ റീസാ ഹെൻഡ്രിക്സും ഹെന്റിച്ച് ക്ലാസനും ഇടവേളക്കുശേഷം ടീമിലെത്തി. വെറ്ററൻ ഓൾ റൗണ്ടർ വെയ്ൻ പാർനൽ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്സണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാർനൽ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്.

ടി20 ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), റിതുരാജ് ഗെയ്കവാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, അർഷ്ദീപി സിങ്, ഉംറാൻ മാലിക്.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്കൻ ടീം: തെംബ ബവൂമ, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, വെയ്ൻ പാർനൽ, ഡ്വെയ്ൻ പ്രിട്ടോറ്യൂസ്, കഗിസോ റബാദ, തബ്രൈസ് ഷംസി, ട്രിസ്റ്റൺ സ്റ്റബ്സ്, റാസി വാൻ ഡർ ഡസ്സൻ, മാർകോ ജാൻസൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP