Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരൊരാളുണ്ടെൻ കുതിരയെ കെട്ടുവാൻ...കീഴടക്കാൻ പോന്നവരില്ലെന്ന ശരീരഭാഷയോടെ ഡിവില്ലിയേഴ്‌സ് കുതിച്ചുപാഞ്ഞപ്പോൾ ആവനാഴിയിലെ അമ്പുകൾ പോരാഞ്ഞ് രാജസ്ഥാൻ താരങ്ങൾ; കളിയുടെ പകുതിയിൽ പതറിയ ബാംഗ്ലൂരിനെ സിക്‌സുകളുടെ പെരുമഴയോടെ ജയത്തിലേക്ക് നയിച്ച് ദക്ഷിണാഫ്രിക്കൻ താരം; ഏഴ് വിക്കറ്റ് ജയത്തോടെ ബാംഗ്ലൂരിന് മൂന്നാം സ്ഥാനം; രാജസ്ഥാൻ ആറാം തോൽവിയുമായി ഏഴാമതും

ആരൊരാളുണ്ടെൻ കുതിരയെ കെട്ടുവാൻ...കീഴടക്കാൻ പോന്നവരില്ലെന്ന ശരീരഭാഷയോടെ ഡിവില്ലിയേഴ്‌സ് കുതിച്ചുപാഞ്ഞപ്പോൾ ആവനാഴിയിലെ അമ്പുകൾ പോരാഞ്ഞ് രാജസ്ഥാൻ താരങ്ങൾ; കളിയുടെ പകുതിയിൽ പതറിയ ബാംഗ്ലൂരിനെ സിക്‌സുകളുടെ പെരുമഴയോടെ ജയത്തിലേക്ക് നയിച്ച് ദക്ഷിണാഫ്രിക്കൻ താരം; ഏഴ് വിക്കറ്റ് ജയത്തോടെ ബാംഗ്ലൂരിന് മൂന്നാം സ്ഥാനം; രാജസ്ഥാൻ ആറാം തോൽവിയുമായി ഏഴാമതും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: 'ഇന്ന് എന്റെ ദിവസം'- ഇക്കാര്യം മനസ്സിലുറപ്പിച്ചുകൊണ്ടാമെന്ന് തോന്നുന്നു എ.ബി.ഡിവില്ലിയേഴ്‌സ് കളിക്കളത്തിൽ ഇറങ്ങിയത്. രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവിശ്വസനീയ വിജയം. 22 പന്തിൽ 55 റൺസുമായി ഡിവില്ലിയേഴ്്‌സ് തകർത്താടിയപ്പോൾ അതിൽ ആറ് സിക്‌സുണ്ടായിരുന്നു. 178 ആയിരുന്നു വിജയലക്ഷ്യം. വിരാട് കോഹ്ലി പുറത്തുപോയതിന് ശേഷം 14 ാമത് ഓവറിൽ മൂന്നുവിക്കറ്റിന് 102 റൺസ് എന്ന നിലയിൽ പതറുമ്പോഴായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വരവ്. ജയ്‌ദേവ് ഉനദ്കട്ടിനെതിരെ തുടർച്ചയായ മൂന്നു സിക്‌സുകൾ. അവസാന 12 പന്തിൽ 35 റൺസായിരുന്നു ബാംഗ്ലൂരിന് വേണ്ടത്. ആ ഓവറിൽ 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ 10 റൺസായിരുന്നു രണ്ട് പന്തുകൾ ബാക്കി ജോഫ്ര ആർച്ചറിനെ വീശിയടിച്ച് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചതും ഡിവില്ലിയേഴ്‌സ്. ഏഴ് വിക്കറ്റ് ജയം.

രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ 19.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജയത്തോടെ 12 പോയിന്റുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനം നിലനിർത്തി. ആറാം തോൽവിയേറ്റു വാങ്ങി രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്. മറുപടി ബാറ്റിംഗിൽ ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേർന്നു മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. എന്നാൽ നാലാം ഓവറിൽ 14 റൺസെടുത്ത ഫിഞ്ചിനെ ശ്രേയസ് ഗോപാൽ പുറത്താക്കി. പിന്നാലെയെത്തിയ കോഹ്ലിക്കൊപ്പം പടിക്കൽ ബാംഗ്ലൂർ സ്‌കോർ 100 കടത്തി. പിന്നീട് ആക്രമിച്ച് കളിക്കാൻ ശ്രമിച്ച ദേവ്ദത്ത് പടിക്കലിനെ(35) രാഹുൽ തെവാത്തിയ പുറത്താക്കി. പിന്നാലെ 32 പന്തുകളിൽ നിന്നും 43 റൺസെടുത്ത് ക്യാപ്റ്റനും പുറത്തായതോടെ ബാംഗ്ലൂർ പരുങ്ങലിലായി. ക്രീസിൽ ഡിവില്ലിയേഴ്‌സും ഗുർകീരതും ഒന്നിച്ചു. എന്നാൽ രാജസ്ഥാൻ ബൗളർമാർ പിടിമുറുക്കിയതോടെ ബംഗ്ലൂർ സ്‌കോർ ഉയർത്താൻ കഴിഞ്ഞില്ല. അവസാന മൂന്നോവറിൽ ബാംഗ്ലൂരിന് ജയിക്കാൻ 45 റൺസായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവറുകളിൽ ഡിവില്ലേഴ്‌സ് കത്തികയറിയതോടെ ബാംഗ്ലൂർ ജയം നേടിയെടുത്തു.

നേരത്തെ, ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ്(36 പന്തിൽ 57) ടോപ് സ്‌കോറർ. മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ഓപ്പണിങ് സ്ഥാനത്തെത്തിയ റോബിൻ ഉത്തപ്പ കത്തിക്കയറിയതോടെ 5.2 ഓവറിൽ ടീം സ്‌കോർ 50 കടന്നു.

അതിനു തൊട്ടുപിന്നാലെ ബെൻ സ്റ്റോക്‌സിനെ (19 പന്തിൽ 15) ക്രിസ് മോറിസ് പുറത്താക്കി. 22 പന്തിൽ ഒരു സിക്‌സും ഏഴും ഫോറും സഹിതം 41 റൺസെടുത്ത ഉത്തപ്പയെ എട്ടാം ഓവറിൽ ചാഹലും ഔട്ടാക്കി. മലയാളി താരം സഞ്ജു സാംസൺ( ആറ് പന്തിൽ ഒമ്പത്) കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങി. ചാഹലിനായിരുന്നു സഞ്ജുവിന്റെ വിക്കറ്റും ലഭിച്ചത്.

പിന്നീട് ക്രിസീൽ ഒത്തുചേർന്ന സ്മിത്ത്-ജോസ് ബട്‌ലർ കൂട്ടുക്കെട്ടാണ് രാജസ്ഥാനെ മാന്യമായ സ്‌കോറിൽ എത്തിച്ചത്. 25 പന്തിൽ 24 റൺസെടുത്ത ബട്‌ലലറെ പതിനാറാം ഓവറിൽ മോറിസ് പുറത്താക്കി. 19.2 ഓവറിൽ സ്മിത്ത് പുറത്താകുമ്പോൾ രാജസ്ഥാൻ മികച്ച സ്‌കോറിൽ എത്തിയിരുന്നു. 36 പന്തിൽ ഒരു സിക്‌സും ആറു ഫോറും സഹിതം 57 റൺസെടുത്താണ് സ്മിത്ത് മടങ്ങിയത്. രാഹുൽ തെവാട്ടിയ(11 പന്തിൽ 19) പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP