Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെഞ്ച്വറിയുമായി വാർണറും തകർത്തടിച്ച് മാക്‌സ്‌വെലും നിറഞ്ഞപ്പോൾ അഫ്ഗാൻ മുട്ടുമടക്കിയത് 275 റണ്ണിന്; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറും വലിയ വിജയ മാർജിനും കങ്കാരുക്കൾക്കു സ്വന്തം

സെഞ്ച്വറിയുമായി വാർണറും തകർത്തടിച്ച് മാക്‌സ്‌വെലും നിറഞ്ഞപ്പോൾ അഫ്ഗാൻ മുട്ടുമടക്കിയത് 275 റണ്ണിന്; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറും വലിയ വിജയ മാർജിനും കങ്കാരുക്കൾക്കു സ്വന്തം

പെർത്ത്: ഇന്ത്യയുടെ പേരിലുണ്ടായിരുന്ന ലോകകപ്പിലെ രണ്ടു റെക്കോർഡുകൾ സ്വന്തമാക്കി ഓസ്‌ട്രേലിയ കുതിച്ചപ്പോൾ തകർന്നത് പാവം അഫ്ഗാനിസ്ഥാൻ. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറും ഏറ്റവും വലിയ വിജയമാർജിനും ഇന്നത്തെ ജയത്തോടെ ഓസീസ് സ്വന്തമാക്കി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ നേടിയത് ആറിന് 417 റണ്ണാണ്. 37.3 ഓവറിൽ 142 റണ്ണിന് അഫ്ഗാൻ ബാറ്റു താഴ്‌ത്തിയപ്പോൾ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് 275 റൺ ജയം. ഒരു ടൂർണമെന്റിൽ മൂന്നാം തവണ 400നു മുകളിൽ റൺ എന്ന റെക്കോർഡും ഇന്നത്തെ മത്സരത്തിൽ പിറന്നു.

ഏകദിനത്തിൽ തന്റെ ഏറ്റവുമുയർന്ന സ്‌കോർ കണ്ടെത്തിയ ഓപ്പണർ ഡേവിഡ് വാർണറിന്റെയും(133 പന്തിൽ 178), വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും (39 പന്തിൽ 88), 95 റണ്ണെടുത്തു പുറത്തായ സ്റ്റീവൻ സ്മിത്തിന്റെയും മികവിലാണ് ഓസീസ് അഫ്ഗാനെ തരിപ്പണമാക്കിയത്.

ബർമുഡയ്‌ക്കെതിരെ 2007 ലോകകപ്പിൽ ഇന്ത്യ കുറിച്ച 413 റൺസിന്റെ റെക്കോർഡാണ് ഓസ്‌ട്രേലിയ തകർത്തത്. അതേ മത്സരത്തിൽ ഇന്ത്യയും ഈ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയും നേടിയ 257 റൺ എന്ന വിജയമാർജിനും ഇന്ന് ഓസ്‌ട്രേലിയ മറികടന്നു.

അവസാന ഓവറുകളിൽ നിർണായകമായ വിക്കറ്റുകൾ വീഴ്‌ത്തിയതാണ് 417 റണ്ണിലെങ്കിലും ഓസ്‌ട്രേലിയയെ ഒതുക്കാൻ അഫ്ഗാന് സാധിച്ചത്. ടൂർണമെന്റിൽ ആദ്യ രണ്ടുവട്ടവും 400 കടന്ന ടീം ദക്ഷിണാഫ്രിക്കയാണ്.

ഓസ്‌ട്രേലിയക്ക് ഓപ്പണർ ആരോൺ ഫിഞ്ചിനെ വെറും നാലു റണ്ണിനാണ് നഷ്ടമായത്. എന്നാൽ, പിന്നീടെത്തിയ സ്മിത്ത് വാർണർക്കൊപ്പം ഓസ്‌ട്രേലിയയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച വാർണറെ വ്യക്തിഗത സ്‌കോർ 178ൽ നിൽക്കെ ഷപൂർ സർദാൻ വീഴ്‌ത്തി. പിന്നീടെത്തിയ മാക്‌സ്‌വെൽ ആറു ബൗണ്ടറിയും 7 സിക്‌സും ഉൾപ്പെടെയാണ് 88 റണ്ണെടുത്തത്.

അഫ്ഗാൻ നിരയിൽ ഏറ്റവുമധികം തല്ലു കൊണ്ടത് ദൗലത് സദ്‌രാനാണ്. 10 ഓവറിൽ 101 റണ്ണാണ് സദ്‌രാൻ വഴങ്ങിയത്. രണ്ടുവിക്കറ്റും സദ്‌രാൻ നേടി. ഷപൂർ സദ്‌രാനും രണ്ടുവിക്കറ്റെടുത്തു. ഹമീദ് ഹസനും നവ്‌റോസ് മംഗലും ഓരോ വിക്കറ്റു വീഴ്‌ത്തി.

33 റണ്ണെടുത്ത നവ്‌റോസ് മംഗലാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്കായി മിച്ചൽ ജോൺസൺ നാലു വിക്കറ്റു വീഴ്‌ത്തി. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും രണ്ടുവിക്കറ്റുവീതം വീഴ്‌ത്തിയപ്പോൾ മൈക്കൽ ക്ലാർക്കും ഗ്ലെൻ മാക്‌സ്‌വെലും ഓരോ വിക്കറ്റ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP