Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർധ സെഞ്ചുറിയുമായി മികച്ച തുടക്കമിട്ട് കാമറോൺ ഗ്രീൻ; കൂട്ടുകെട്ട് ഒരുക്കി സ്റ്റീവൻ സ്മിത്ത്; വിജയം ഉറപ്പാക്കി ഡേവിഡ്- വെയ്ഡ് സഖ്യം; 209 റൺസ് വിജയലക്ഷ്യം മറികടന്നത് നാലു പന്ത് ശേഷിക്കെ; ആദ്യ ട്വന്റി 20-യിൽ ഇന്ത്യയെ നാല് വിക്കറ്റിന് തകർത്ത് ഓസീസ്

അർധ സെഞ്ചുറിയുമായി മികച്ച തുടക്കമിട്ട് കാമറോൺ ഗ്രീൻ; കൂട്ടുകെട്ട് ഒരുക്കി സ്റ്റീവൻ സ്മിത്ത്; വിജയം ഉറപ്പാക്കി ഡേവിഡ്- വെയ്ഡ് സഖ്യം; 209 റൺസ് വിജയലക്ഷ്യം മറികടന്നത് നാലു പന്ത് ശേഷിക്കെ; ആദ്യ ട്വന്റി 20-യിൽ ഇന്ത്യയെ നാല് വിക്കറ്റിന് തകർത്ത് ഓസീസ്

സ്പോർട്സ് ഡെസ്ക്

മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഓസ്ട്രേലിയക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ ആറു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ഓസീസിന് ജയമൊരുക്കിയത്.

മൊഹാലിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസീസ് 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 30 പന്തിൽ 61 റൺസ് നേടിയ കാമറോൺ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറർ. മാത്യു വെയ്ഡ് (21 പന്തിൽ പുറത്താവാതെ 45) വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി ക്യാപ്റ്റൻ ഫിഞ്ച് ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. ഫിഞ്ച് - കാമറൂൺ ഗ്രീൻ കൂട്ടുകെട്ട് തകർപ്പൻ തുടക്കം ഓസീസിന് സമ്മാനിച്ചു. 13 പന്തിൽ നിന്ന് 22 റൺസെടുത്ത ഫിഞ്ചിനെ നാലാം ഓവറിൽ മടക്കി അക്ഷർ പട്ടേലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. എന്നാൽ ഫിഞ്ച് പുറത്തായ ശേഷം ഗ്രീൻ തന്റെ തനിസ്വരൂപം പുറത്തെടുത്തു.

ഉമേഷ് യാദവിന്റെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി നാലു ബൗണ്ടറികൾ അടിച്ച് തുടങ്ങിയ താരം സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഓസീസ് സ്‌കോർ 100 കടത്തി. രണ്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ടും അക്ഷറാണ് പൊളിച്ചത്. 30 പന്തിൽ നിന്ന് നാലു സിക്സും എട്ട് ഫോറുമടക്കം 61 റൺസെടുത്ത ഗ്രീനിനെ അക്ഷറിന്റെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതിനിടെ രണ്ടു തവണ ഗ്രീനിനെ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞത് ടീമിന് തിരിച്ചടിയായി.

ഗ്രീൻ പുറത്തായതിനു പിന്നാലെ സ്റ്റീവ് സ്മിത്ത് (24 പന്തിൽ 35), ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ് (17) എന്നിവരെ പുറത്താക്കി ഇന്ത്യ ഓസീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ടിം ഡേവിഡ് - മാത്യു വെയ്ഡ് സഖ്യം ഇന്ത്യയിൽ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു. ഹർഷൽ പട്ടേലെറിഞ്ഞ 18-ാം ഓവറിൽ മൂന്ന് സിക്സടക്കം 22 റൺസും ഭുവനേശ്വർ കുമാർ എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് ബൗണ്ടറിയയടക്കം 16 റൺസും അടിച്ചെടുത്ത ഈ സഖ്യമാണ് കളി ഓസീസിന് അനുകൂലമാക്കി തിരിച്ചത്. 21 പന്തുകൾ നേരിട്ട വെയ്ഡ് രണ്ടു സിക്സും ആറ് ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു. 14 പന്തുകൾ നേരിട്ട ടിം ഡേവിഡ് 18 റൺസെടുത്തു. ഇന്ത്യയ്ക്കായി നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേൽ മാത്രമാണ് ബൗളിങ്ങിൽ തിളങ്ങിയത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോർബോർഡിൽ 35 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശർമ (11) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസൽവുഡ് എല്ലിസിന്റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്റെ പന്തിൽ കാമറോൺ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന രാഹുൽ- സൂര്യ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ഇരുവരും 68 റൺസ് കൂട്ടിചേർത്തു. എന്നാൽ രാഹുലിനെ പുറത്താക്കി ഹേസൽവുഡ് ഓസീസിന് ബ്രേക്ക് ത്രൂ നൽകി. നാല് ഫോറും മൂന്ന് സിക്സും ഉൾപ്പടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. അധികം വൈകാതെ സൂര്യയും മടങ്ങി. ഗ്രീനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച്. തുടർന്നെത്തിയ അക്സർ പട്ടേൽ (6), ദിനേശ് കാർത്തിക് (6) എന്നിവർ നിരാശപ്പെടുത്തി. ഇതിനിടെ ഹാർദിക് അർധ സെഞ്ചുറി പൂർത്തിയാക്കി. 30 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിങ്സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP