Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോലിയുടെ 'സമ്മർദ തന്ത്രങ്ങൾ' പൊളിക്കാൻ ബിസിസിഐ; അനിൽ കുംബ്ലെയെ പരിശീലകനാക്കി തെറ്റു തിരുത്താനുറച്ച് സൗരവ് ഗാംഗുലി; വി വി എസ് ലക്ഷ്മണും പരിഗണനയിൽ; 'അച്ചടക്കം' കടുപ്പിക്കും; ഇന്ത്യൻ ക്രിക്കറ്റ് 'മുഖച്ഛായ' മാറ്റുന്നു

കോലിയുടെ 'സമ്മർദ തന്ത്രങ്ങൾ' പൊളിക്കാൻ ബിസിസിഐ; അനിൽ കുംബ്ലെയെ പരിശീലകനാക്കി തെറ്റു തിരുത്താനുറച്ച് സൗരവ് ഗാംഗുലി; വി വി എസ് ലക്ഷ്മണും പരിഗണനയിൽ; 'അച്ചടക്കം' കടുപ്പിക്കും; ഇന്ത്യൻ ക്രിക്കറ്റ് 'മുഖച്ഛായ' മാറ്റുന്നു

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയാകുന്നതിനൊപ്പം ഇന്ത്യൻ ക്രിക്കറ്റിന്റെ 'മുഖച്ഛായ' അടിമുടി മാറ്റാനുറച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും രവി ശാസ്ത്രിയും ട്വന്റി 20 ടീം നായക സ്ഥാനത്ത് നിന്നും വിരാട് കോലിയും പടിയിറങ്ങുമ്പോൾ കരുത്തുറ്റ നേതൃത്വത്തെ പകരക്കാരായി നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

നായകൻ വിരാട് കോലിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പരിശീലക സ്ഥാനം ഒഴിയേണ്ടി വന്ന അനിൽ കുംബ്ലയെ വീണ്ടും പരിശീലകനായി തിരികെ കൊണ്ടുവരാനാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോർഡ് തയ്യാറെടുക്കുന്നത്.

മുൻ താരവും ഇന്ത്യൻ പ്രിമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ് പരിശീലകനുമായ അനിൽ കുംബ്ലെയെ തിരികെയെത്തിക്കാൻ വേണ്ട നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോലിയുടെ സമ്മർദത്തിന് വഴങ്ങി കുംബ്ലെയെ തഴഞ്ഞത് തെറ്റായ മാതൃക സൃഷ്ടിച്ചെന്ന തിരിച്ചറിവിലാണ് തെറ്റു തിരുത്തലിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്.

പരിശീലക ജോലിക്കായി അപേക്ഷിക്കാൻ ആവശ്യപ്പെട്ട് ബിസിസിഐ പ്രതിനിധികൾ അനിൽ കുംബ്ലെയെ സമീപിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐയുമായി ഇടഞ്ഞുനിൽക്കുന്ന കോലിക്ക് കുംബ്ലെ വീണ്ടും പരിശീലകനായി എത്തുന്നത് കൂടുതൽ കുരുക്കായേക്കും. ഏറെ വൈകാതെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനവും വിരാട് കോലിക്ക് ഒഴിയേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തൽ.

2016 17 കാലഘട്ടത്തിലാണ് അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചത്. ബിസിസിഐ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ച്, സച്ചിൻ തെൻഡുൽക്കർസൗരവ് ഗാംഗുലിവി. വി എസ്. ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ഉപദേശക സമിതിയാണ് വിശദമായ അഭിമുഖത്തിലൂടെ കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുത്തത്.

ഏറെ പ്രതീക്ഷയോടെയാണ് ചുമതലയേറ്റതെങ്കിലും, ഇന്ത്യൻ നായകനായി വിരാട് കോലി വന്നതോടെ ഇരുവരും തമ്മിൽ അസ്വാരസ്യം ഉടലെടുത്തു. തമ്മിൽ ചേർന്നുപോകാനാകാതെ വന്നതോടെ ഒരു വർഷത്തിനുശേഷം കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റതിനു പിന്നാലെയായിരുന്നു രാജി.

പിന്നാലെ സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മൺ എന്നിവർ അടങ്ങുന്ന സമിതി രവി ശാസ്ത്രിയിലേക്കെത്തുകയായിരുന്നു. ശാസ്ത്രിയെ പരിശീലകനാക്കുകയെയന്ന് സച്ചിന്റെ നിർബന്ധമായിരുന്നു. ശാസ്ത്രി പോവുമ്പോൾ ഒരിക്കൽകൂടി കുംബ്ലെയെ കൊണ്ടുവരാൻ ബിസിസിഐ നിർബന്ധിതരാവുകയാണ്. രാഹുൽ ദ്രാവിഡ്, മുൻ ശ്രീലങ്കൻ താരം മഹേല ജയവർധനെ എന്നിവരെ സമീപിച്ചെങ്കിലും ഇരുവരും പിന്മാറുകയായിരുന്നു.

കോലിയുടെ വാക്കുകൾക്ക് ചെവികൊടുത്ത് കുംബ്ലെയെ കൈവിട്ടത് ഇന്ത്യൻ ക്രിക്കറ്റിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്ന തിരിച്ചറിവിലാണ് വീണ്ടും കുംബ്ലെയെ കൊണ്ടുവരാനുള്ള നീക്കം. അന്ന് കുംബ്ലെയെ പരിശീലക ജോലിക്കായി തിരഞ്ഞെടുത്ത ബിസിസിഐ ഉപദേശക സമിതി അംഗമായ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാണെന്നതും ശ്രദ്ധേയം.

കുംബ്ലെയ്ക്ക് ഒപ്പം മുൻ താരം വി.വി എസ്. ലക്ഷ്മണിനോടും പരിശീലക ജോലിക്കായി അപേക്ഷിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കായി നൂറിലധികം ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരങ്ങളാണ് കുംബ്ലെയും ലക്ഷ്മണും. ഐപിഎലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററാണ് ലക്ഷ്മൺ. ഇദ്ദേഹം കളത്തിലിറങ്ങിയാലും ബിസിസിഐ മുൻഗണന നൽകുന്നത് കുംബ്ലെയ്ക്കു തന്നെയാണ്.

'അന്ന് അനിൽ കുംബ്ലെയെ കൈവിട്ട തെറ്റ് തിരുത്താൻ സമയമായി. കോലിയുടെ സമ്മർദ്ദത്തിന് വഴങ്ങി കുംബ്ലെയെ കൈവിട്ട തീരുമാനം അത്ര നല്ല മാതൃകയല്ല സമ്മാനിച്ചത്. കുംബ്ലെയും ലക്ഷ്മണും ജോലിക്ക് അപേക്ഷിക്കാൻ സന്നദ്ധരാണോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ട്വന്റി20 ലോകകപ്പിനുശേഷം ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുംബ്ലെയെ തിരികെയെത്തിക്കാനുള്ള നീക്കം ബിസിസിഐ സജീവമാക്കിയതെന്നതും ശ്രദ്ധേയം. നിലവിലെ സാഹചര്യത്തിൽ വിദേശ പരിശീലകനേക്കാൾ നല്ലത് സ്വദേശി പരിശീലകൻ തന്നെയാണെന്ന ബിസിസിഐ വിലയിരുത്തലും ഇരുവരുടെയും സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ മുഖ്യ പരിശീലകനായേക്കുമെന്ന അഭ്യൂഹങ്ങളേക്കുറിച്ചും ബിസിസിഐ പ്രതിനിധി പ്രതികരിച്ചു.

'റാത്തോറിന് വേണമെങ്കിൽ മുഖ്യ പരിശീലക ജോലിക്കായി അപേക്ഷിക്കാം. പക്ഷേ, അദ്ദേഹത്തിന് ഇന്ത്യൻ സീനിയർ ടീമിന്റെ മുഖ്യ പരിശീലകനാകാൻ മാത്രം യോഗ്യതയുണ്ടോ എന്ന് സംശയമുണ്ട്. സഹപരിശീലക വേഷമാകും അദ്ദേഹത്തിന് കൂടുതൽ ഉചിതം. എങ്കിലും അദ്ദേഹത്തിനും അപേക്ഷിക്കാൻ തടസ്സമില്ല' ബിസിസിഐ പ്രതിനിധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP