Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുന്നൂറാം മത്സരത്തിൽ നായക കുപ്പായം അണിഞ്ഞ ധോണി; രോഹിത്തിനും ശിഖറിനും വിശ്രമം അനുവദിച്ചതോടെ ദുർബലമായ ഇന്ത്യൻ ബാറ്റിങ്; ക്യാപ്ടൻ ഷഹ്‌സാദിന്റെ അഞ്ചാം സെഞ്ച്വറിയിൽ ആവേശം കൊണ്ട അഫ്ഗാനുകാർ; അവസാന ഓവറിലെ എട്ട് റൺസിനെ ബൗണ്ടറിയോടെ അടുപ്പിച്ച ജഡേജ; കൈവിട്ട വിജയത്തെ സമനിലയിലേക്ക് എത്തിച്ച റാഷിദ് ഖാനും; ഇന്ത്യയെ ടൈയിൽ തളച്ച് വിരോചിത മടക്കവുമായി അഫ്ഗാനിസ്ഥാൻ; ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ ഇന്നറിയാം

ഇരുന്നൂറാം മത്സരത്തിൽ നായക കുപ്പായം അണിഞ്ഞ ധോണി; രോഹിത്തിനും ശിഖറിനും വിശ്രമം അനുവദിച്ചതോടെ ദുർബലമായ ഇന്ത്യൻ ബാറ്റിങ്; ക്യാപ്ടൻ ഷഹ്‌സാദിന്റെ അഞ്ചാം സെഞ്ച്വറിയിൽ ആവേശം കൊണ്ട അഫ്ഗാനുകാർ; അവസാന ഓവറിലെ എട്ട് റൺസിനെ ബൗണ്ടറിയോടെ അടുപ്പിച്ച ജഡേജ; കൈവിട്ട വിജയത്തെ സമനിലയിലേക്ക് എത്തിച്ച റാഷിദ് ഖാനും; ഇന്ത്യയെ ടൈയിൽ തളച്ച് വിരോചിത മടക്കവുമായി അഫ്ഗാനിസ്ഥാൻ; ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ ഇന്നറിയാം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയെ ടൈയിൽ പിടിച്ച് അഫ്ഗാനിസ്ഥാൻ. സ്‌കോർ: അഫ്ഗാനിസ്ഥാൻ 50 ഓവറിൽ എട്ടിന് 252. ഇന്ത്യ49.5 ഓവറിൽ 252നു പുറത്ത്. ഓപ്പണർ മുഹമ്മദ് ഷഹ്‌സാദിന്റെ സെഞ്ചുറിയാണ് (124)അഫ്ഗാൻ ഇന്നിങ്‌സിനു കരുത്തായത്. ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയെ തകർത്ത അഫ്ഗാൻ ഏഷ്യയിലെ പുതിയ ക്രിക്കറ്റ് കരുത്തരാണ് തങ്ങളെന്ന് തെളിയിക്കുകയായിരുന്നു. 'അപ്രധാന' മൽസരത്തിൽ അഞ്ചു മാറ്റങ്ങളോടെയിറങ്ങിയ ഇന്ത്യയെ ഷഹ്‌സാദ് തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇന്ന് ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലാണ് മത്സരം. ഈ കളിയിൽ ജയിക്കുന്നവർ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുമായി ഏറ്റുമുട്ടും.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച അഫ്ഗാൻ ഇന്ത്യയെയും വിറപ്പിക്കുന്നകാഴ്ചയാണ് കണ്ടത്. വിജയലക്ഷ്യമായ 253 അനായാസം ഇന്ത്യ മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അഫ്ഗാന്റെ ഉശിരൻ പ്രകടനത്തിനു മുന്നിൽ ഇന്ത്യ തകർന്നു. ഒരു ഘട്ടത്തിൽ അഫ്ഗാൻ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യസമനില നേടി വൻ നാണക്കേടിൽ നിന്നു രക്ഷപെടുകയായിരുന്നു. രോഹിത് ശർമയ്ക്കു പകരം എം.എസ്. ധോണിയാണ് ഇന്ത്യയുടെ നായകനായത്.

ഇരുനൂറാമത്തെ മത്സരത്തിലാണു ധോണി ഇന്ത്യയെ നയിക്കുന്നത്. സ്ഥാനം ഒഴിഞ്ഞു ഒരു വർഷം പിന്നിട്ടപ്പോഴാണു ധോണിയെത്തേടി ഈ നിയോഗമെത്തിയത്. നായകൻ രോഹിത് ശർമയ്ക്കും ഉപനായകൻ ശിഖർ ധവാനും വിശ്രമം അനുവദിച്ചതോടെയാണു ടീമിനെ നയിക്കാനുള്ള ചുമതല ധോണിക്കായത്. 200 ഏകദിനങ്ങളിൽ നായകനാകാതെ ധോണി കരിയർ അവസാനിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകർ. കണക്കുകളിൽ താൽപര്യമില്ലെന്നായിരുന്നു ഇരുനൂറാം ഏകദിനത്തെക്കുറിച്ചു ധോണി പ്രതികരിച്ചത്.

അഫ്ഗാനെതിരെ ഓപ്പണർമാരായ കെ.എൽ രാഹുൽ (60), അമ്പാട്ടി റായുഡു (57), ദിനേഷ് കാർത്തിക് (44) എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (25) ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും റാഷിദ് ഖാന്റെ അവസാന ഓവറിലെ അഞ്ചാം പന്തിൽ നജിബുല്ല സദ്രാന്റെ കയ്യിലൊതുങ്ങി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. സ്റ്റാർ സ്പിന്നർ റാഷിദ് ഖാനായിരുന്നു അവസാന ഓവർ എറിയാനെത്തിയ അഫ്ഗാൻ ബൗളർ. ആദ്യ പന്തിൽ റൺസെടുക്കാൻ ജഡേജയ്ക്കായില്ല.

രണ്ടാം പന്ത് ബൗണ്ടറി കടത്തി ഇന്ത്യൻ പ്രതീക്ഷ വാനോളം ഉയർത്തി ജഡേജ. നിർഭാഗ്യം കൊണ്ട് സിക്‌സർ നഷ്ടമായ പന്ത്. അടുത്തത് ഒരു റൺ. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ മൂന്ന് പന്തിൽ രണ്ട് റൺസ്. ഖലീൽ അഹമ്മദ് വീണ്ടും റൺസെടുത്തു. ക്രീസിൽ ജഡേജയും വേണ്ടത് രണ്ട് പന്തിൽ ഒരു റൺസും. ഇന്ത്യ വിജയം ഉറപ്പിച്ചു. എന്നാൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ജഡേജ ക്യാച്ച് നൽകി പുറത്തായി. അപ്പോൾ സ്‌കോർ ഒപ്പത്തിനൊപ്പം. വിജയത്തിന് സമാനമായ ആഘോഷത്തിലേക്ക് അഫ്ഗാനും.

ഷഹ്‌സാദിന്റെ ഇന്നിങ്‌സിന്റെ മികവിൽ (116 പന്തിൽ 124, 11 ഫോർ, ഏഴ് സിക്‌സ്) വമ്പൻ സ്‌കോറിലേക്കു കുതിച്ച അഫ്ഗാനെ അവസാന ഓവറുകളിലെ ചിട്ടയായ ബോളിങ്ങിലൂടെയാണ് ഇന്ത്യ പിടിച്ചു നിർത്തിയത്. മുഹമ്മദ് നബിയും (56 പന്തിൽ 64) തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ജഡേജയും രണ്ടു വിക്കറ്റെടുത്ത കുൽദീപുമാണ് ബോളിങ്ങിൽ മികച്ചുനിന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ ഓവർ മുതൽ തകർത്തടിച്ചു. അരങ്ങേറ്റക്കാരൻ ദീപക് ചാഹർ എറിഞ്ഞ നാലാം ഓവറിൽ 17 റൺസാണു ഷഹ്‌സാദ് നേടിയത്. തുടരെ വിക്കറ്റെടുത്ത ഇന്ത്യ കളി വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ഷഹ്‌സാദ് തകർത്തടിച്ചു മുന്നേറി.

29ാം ഓവറിൽ ചഹാറിനെ ബൗണ്ടറിയടിച്ച് ഷഹ്‌സാദ് ഏകദിനത്തിലെ തന്റെ അഞ്ചാം സെഞ്ചുറിയും തികച്ചു. വേണ്ടിവന്നത് 88 പന്തുകൾ. പിന്നീട് മുഹമ്മദ് നബിയും റൺസ് നേടിത്തുടങ്ങിയതോടെ 44 ഓവറിൽ ആറു വിക്കറ്റിന് 226 റൺസ് എന്ന സ്‌കോറിൽ അഫ്ഗാനിസ്ഥാൻ എത്തിയതാണ്. എന്നാൽ നബിയെ മടക്കിയ ഖലീൽ അഹമ്മദ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. അവസാന ഓവറുകളിൽ റാഷിദ് ഖാന് റൺസ് നേടാനാകതെവന്നതോടെ അഫ്ഗാൻ സ്‌കോർ 252ൽ അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP