Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്; ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് താരം

ഓസ്ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്; ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് താരം

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ഓസ്ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകൻ ആരോൺ ഫിഞ്ച് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഫിഞ്ച് ടെസ്റ്റിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു. ഇതോടെ ഓസ്‌ട്രേലിയയുടെ മഞ്ഞക്കുപ്പായത്തിൽ ഫിഞ്ചിന്റെ രാജ്യാന്തര കരിയർ അവസാനിച്ചു. ഓസ്‌ട്രേലിയയുടെ ട്വന്റി 20 ടീമിന്റെ നായകനായ ഫിഞ്ച് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ടി20യിൽ ഓസീസിന് പുതിയ നായകനെ കണ്ടെത്തേണ്ടിവരും.

ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഫിഞ്ച് അറിയിച്ചു. അപകടകാരിയായ ഓപ്പണറായ ഫിഞ്ച് ഓസ്ട്രേലിയയ്ക്ക് വേണ്ടി 2021-ൽ ദുബായിൽ വെച്ച് നടന്ന ട്വന്റി 20 കിരീടം ടീമിന് നേടിക്കൊടുത്ത് ചരിത്രം കുറിച്ചു. 2015-ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീം അംഗം കൂടിയാണ് ഫിഞ്ച്.

ഈ വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ഓസ്‌ട്രേലിയക്ക് സമീപകാലത്തൊന്നും ടി20 മത്സരങ്ങളില്ലെന്നതും വിരമിക്കൽ വേഗത്തിലാക്കാൻ ഫിഞ്ചിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ ഈ സീസണിൽ മെൽബൺ റെനെഗെഡ്‌സിനായി 428 റൺസടിച്ച് ഫിഞ്ച് തിളങ്ങിയിരുന്നു. 2024 ടി20 ലോകകപ്പ് വരെ താൻ കളി തുടരാൻ സാധ്യതയില്ലാത്തതിനാലും ഓസ്‌ട്രേലിയക്ക് അടുത്തൊന്നും ടി20 പരമ്പര കളിക്കേണ്ടതില്ലാത്തതിനാലും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഫിഞ്ച് പറഞ്ഞു.

തന്റെ കുടുംബാംഗങ്ങൾക്കും പ്രത്യേകിച്ച് ഭാര്യ ആമിക്കും ക്രിക്കറ്റ് വിക്ടോറിയക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ഓസ്‌ട്രേലിയൻ ടീമിലെ സഹതാരങ്ങൾക്കും നന്ദി പറയുന്നുവെന്നും ഫിഞ്ച് പറഞ്ഞു. 2021ലെ ടി20 ലോകകപ്പ് ജയവും 2015ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിൽ കിരീടം നേടിയതുമാണ് കരിയറിലെ അവിസ്മരണീയ മുഹൂർത്തങ്ങളെന്നും ഫിഞ്ച് വ്യക്തമാക്കി. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ കീഴടക്കി ഓസ്‌ട്രേലിയ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയത് ഫിഞ്ചിന് കീഴിലാണ്.

ടി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതൽ റൺസടിച്ച താരമാണ് ഫിഞ്ച്. 34.28 ശരാശരിയിൽ 142.53 പ്രഹരശേഷിയിൽ 3120 റൺസാണ് ടി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി ഫിഞ്ച് അടിച്ചെടുത്തത്. 2018ൽ ഫിഞ്ച് സംബാബ്വെക്കെതിരെ നേടിയ 172 റൺസാണ് ഇപ്പോഴും രാജ്യാന്തര ടി20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. 2013ൽ ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഫിഞ്ച് 156 റൺസടിച്ചിട്ടുണ്ട്. രാജ്യാന്തര ടി20യിൽ നിന്ന് വിരമിച്ചുവെങ്കിലും മെൽബൺ റെനെഗെഡ്‌സ് ആഗ്രഹിക്കുന്നുവെങ്കിൽ ബിഗ് ബാഷിൽ തുടർന്നും കളിക്കുമെന്ന് ഫിഞ്ച് പറഞ്ഞു.

ഫിഞ്ചിന് പകരം ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓസ്‌ട്രേലിയ ടെസ്റ്റ്, ഏകദിന ടീം നായകൻ പാറ്റ് കമിൻസിന് പരിഗണിക്കില്ലെന്നാണ് സൂചന. മാത്യു വെയ്ഡിന് സാധ്യത ഉണ്ടെങ്കിലും പ്രായം വെല്ലുവിളിയാണ്. ജോഷ് ഹേസൽവുഡ്, ആദം സാംപ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് രണ്ട് താരങ്ങൾ. സമീപകാലത്ത് ബിഗ് ബാഷിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനം സ്റ്റീവ് സ്മിത്തിനും സാധ്യത നൽകുന്നു. ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഓസ്‌ട്രേലിയയുടെ അടുത്ത ടി20 പരമ്പര. ഇതിന് മുമ്പ് പുതിയ നായകനെ പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP