Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് കപിൽ പറഞ്ഞു, 'നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുക്കുക; ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്' എന്ന്; പിന്നീട് ലോർഡ്‌സിൽ കണ്ടതെല്ലാം ചരിത്രം; ഇന്ത്യയുടെ ആദ്യ വിശ്വകിരീടത്തിന് 39 വയസ്

അന്ന് കപിൽ പറഞ്ഞു, 'നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുക്കുക; ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്' എന്ന്; പിന്നീട് ലോർഡ്‌സിൽ കണ്ടതെല്ലാം ചരിത്രം; ഇന്ത്യയുടെ ആദ്യ വിശ്വകിരീടത്തിന് 39 വയസ്

സ്പോർട്സ് ഡെസ്ക്

ഇന്ത്യൻ ക്രിക്കറ്റിനെ ജീവവായുവായി കാണുന്ന ആരാധകർക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂൺ 25. ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റിൻഡീസിനു മുന്നിൽ ഇന്ത്യ തല ഉയർത്തിപ്പിടിച്ച് വിശ്വകിരീടം ഏറ്റുവാങ്ങിയ ദിവസം. ഇന്ത്യൻ ക്രിക്കറ്റിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് സച്ചിനും ഗാംഗുലിയും ദ്രാവിഡും ധോണിയും കോലിയും രോഹിത്തും ഒക്കെ നേട്ടങ്ങളിലേക്ക് നടന്നു കയറിയത്.

1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങൾക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിൻഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളുടെ മുൻപന്തിയിൽ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയൻ പട തന്നെയായിരുന്നു. താരതമ്യേന ദുർബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തിട്ടു പോലുമുണ്ടായിരുന്നില്ല.

ഫൈനലിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. അതോടെ വരാനിരിക്കുന്നത് അവരുടെ ബൗളിങ് നിരയുടെ കടന്നാക്രമണമായിരിക്കുമെന്ന് ഇന്ത്യൻ ടീമും ആരാധകരും ഉറപ്പിച്ചു. പേടിച്ചതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ജോയൽ ഗാർനറും മാൽക്കം മാർഷലും ആൻഡി റോബർട്ട്‌സും മൈക്കൾ ഹോൾഡിങ്ങും ആഞ്ഞടിച്ചപ്പോൾ 54.4 ഓവറിൽ 183 റൺസിന് ഇന്ത്യ കൂടാരം കയറി. 38 റൺസ് എടുത്ത കെ. ശ്രീകാന്തും 26 റൺസ് എടുത്ത അമർനാഥും 27 റൺസ് എടുത്ത സന്ദീപ് പാട്ടിലും മാത്രമാണ് വിൻഡീസ് ബൗളിങ്ങിനെതിരെ അൽപമെങ്കിലും പിടിച്ചുനിന്നത്.

ഇന്ത്യയുടെ പരാജയം എത്ര നേരത്തെയാകും എന്നായിരുന്നു അന്ന് ലോർഡിലെത്തിയ കാണികൾ കണക്കുകൂട്ടിയത്. എന്നാൽ ഇന്നിങ്‌സ് ബ്രേക്കിനിടെ കപിൽ തന്റെ ടീമിനെ അടുത്തുവിളിച്ചു, എന്നിട്ട് പറഞ്ഞു. അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ചു കളിക്കുക. പ്രത്യേകം ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നതെന്ന്

ആ വാക്കുകൾ ടീമിനെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ കളത്തിലിറങ്ങിയപ്പോഴാണ് കണ്ടത്. ഗ്രീനിഡ്ജിനെയും ഹെയ്ൻസിനെയും തുടക്കത്തിലേ പുറത്താക്കി സന്ധുവും മദൻലാലും മികച്ച തുടക്കം നൽകി. എന്നാൽ വിൻഡീസിന് കരുത്ത് ചോർന്നില്ല. ക്രീസിലെത്തിയ സാക്ഷാൽ വിവിയൻ റിച്ചാർഡ്സിന്റെ ശരീരഭാഷയിൽ തന്നെയുണ്ടായിരുന്നു വിൻഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. വന്നപാടേ റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്ന് ഷോട്ടുകൾ ഓരോന്നായി ബൗണ്ടറി കടന്നു.

ഇന്ത്യൻ ബൗളിങ്ങിനെ റിച്ചാർഡ്സ് കശാപ്പു ചെയ്യുന്ന സമയത്ത് മദൻ ലാൽ കപിലിനടുത്തെത്തി. '' നിങ്ങളെനിക്ക് പന്തു തരൂ. ഞാൻ മുൻപ് റിച്ചാർഡ്സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കൽക്കൂടി എനിക്ക് അതിന് സാധിക്കും.'' ഒരോവറിൽ മൂന്ന് ബൗണ്ടറികൾ അതിനു മുമ്പ് മദൻ ലാൽ വഴങ്ങിയിരുന്നു. അദ്ദേഹത്തെ മാറ്റാൻ കപിൽ ആലോചിക്കുമ്പോഴാണ് ഒരു ഓവർ കൂടി ആവശ്യപ്പെട്ട് മദൻ ലാൽ എത്തുന്നത്.

മറ്റ് ബൗളർമാരും റിച്ചാർഡ്സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാൽ കപിലിന് മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. 27 പന്തിൽ നിന്ന് ഏഴു ഫോറുകളടക്കം 33 റൺസെടുത്ത റിച്ചാർഡ്സിന് 28-ാം പന്തിൽ പിഴച്ചു. മദൻ ലാലിന്റെ ഷോർട്ട് ബോളിൽ പുൾഷോട്ടിനു ശ്രമിച്ച റിച്ചാർഡ്‌സിന്റെ ബാറ്റിൽ നിന്നും പന്ത് മിഡ് വിക്കറ്റിലേക്ക് ഉയർന്നുപൊങ്ങി.

മിഡ്വിക്കറ്റ് ഏരിയയിൽ ഫീൽഡർമാരൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാണികൾ ശ്വാസമടക്കി കാത്തിരുന്നു. പലരും പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചു. എന്നാൽ കപിൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഷോർട്ട് മിഡ് വിക്കറ്റിൽ നിന്ന് കപിൽ കുതിച്ചു. മറ്റൊരു ഭാഗത്തു നിന്ന് യശ്പാൽ ശർമയും.

ഇതുകണ്ട് ശർമയോട് ഓട്ടം നിർത്താൻ മദൻ ലാൽ അലറി. അവിശ്വസനീയമായി കപിൽ ആ ക്യാച്ച് കൈപ്പിടിയിലാക്കുമ്പോൾ അദ്ദേഹം 18 മീറ്റർ പിന്നിട്ടിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന്, ഒപ്പം വിജയത്തിലേക്കുള്ള ഇന്ത്യയുടെ വഴി തുറന്നുകിട്ടുകയായിരുന്നു.

ക്ലൈവ് ലോയ്ഡും ലാറി ഗോമസും ബാച്ചുസുമെല്ലാം ചെറുത്തുനിൽപ്പില്ലാതെ മടങ്ങി. പക്ഷേ വീണ്ടും ഇന്ത്യയെ ഞെട്ടിച്ച് ജെഫ് ഡുജോണും മാൽക്കം മാർഷലും പിടിച്ചുനിന്നു. എന്നാൽ അമർനാഥ് അവിടെ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 73 പന്തുകൾ നേരിട്ട് 25 റൺസെടുത്ത ഡുജോണിന്റെ കുറ്റി പിഴുത അമർനാഥ് 51 പന്തിൽ നിന്ന് 18 റൺസെടുത്തിരുന്ന മാർഷലിനെ ഗാവസ്‌ക്കറുടെ കൈകളിലെത്തിച്ചു.

പിന്നീട് എല്ലാം ചടങ്ങുകൾ മാത്രം. ഹോൾഡിങ്ങിനെതിരായ അമർനാഥിന്റെ എൽ.ബി. അപ്പീലിന് അംപയർ ഡിക്കി ബേർഡിന്റെ വിരലുയരുമ്പോൾ ഇന്ത്യ ചരിത്രത്തിലേക്ക് നടന്നു കയറി. അപ്പോൾ ആരാധകർ ലോർഡ്‌സിലെ മൈതാനത്തേക്കുള്ള കുതിപ്പ് ആരംഭിച്ചിരുന്നു. 52 ഓവറിൽ വിൻഡീസ് 140 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് 43 റൺസ് ജയവും പ്രഥമ ലോകകിരീടവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP