Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനായാസം സ്വർണകീരിടം അണിഞ്ഞു വേഗത്തിന്റെ രാജകുമാരൻ വിടപറയുന്നത് കാണാൻ കാത്തിരുന്ന ആരാധകർ പൊട്ടിക്കരഞ്ഞു; മസിൽ വരിഞ്ഞു മുറുകി ഓട്ടം പൂർത്തിയാകാനാവാതെ ട്രാക്കിൽ തളർന്നു വീണ് ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ മത്സരം; 100 മീറ്ററിലെ നിരാശാജനകമായ വെങ്കലത്തിന് ശേഷം മെഡൽ ഒന്നുമില്ലാതെ കളിക്കളത്തിന് പുറത്തേക്ക്

അനായാസം സ്വർണകീരിടം അണിഞ്ഞു വേഗത്തിന്റെ രാജകുമാരൻ വിടപറയുന്നത് കാണാൻ കാത്തിരുന്ന ആരാധകർ പൊട്ടിക്കരഞ്ഞു; മസിൽ വരിഞ്ഞു മുറുകി ഓട്ടം പൂർത്തിയാകാനാവാതെ ട്രാക്കിൽ തളർന്നു വീണ് ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ മത്സരം; 100 മീറ്ററിലെ നിരാശാജനകമായ വെങ്കലത്തിന് ശേഷം മെഡൽ ഒന്നുമില്ലാതെ കളിക്കളത്തിന് പുറത്തേക്ക്

മറുനാടൻ ഡെസ്‌ക്ക്

ലണ്ടൻ: വേഗത്തിന്റെ രാജകുമാരൻ ഉസൈൻ ബോൾട്ട് കണ്ണീരണിഞ്ഞ് ട്രാക്കിനോട് വിട പറഞ്ഞു. കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ അദ്ദേഹം അനായാസം ഓടിക്കയറി സ്വർണ്ണമണിയും എന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി സ്വയം ഒരു ദുരന്തമായാണ് ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം യാത്രയായത്. മെഡൽ അണിയാൻ കാത്തിരുന്നവരെ നിരാശരാക്കി 4-100 മീറ്റർ റിലേയിൽ അവസാന ലാപ്പിലോടിയ ബോൾട്ട് പേശിവലിവിനെ തുടർന്ന് മത്സരം പൂർത്തിയാക്കാനാവാതെ ട്രാക്കിൽ വീണപ്പോൾ ലോകം തന്നെ നിശബ്ദമായി. ബോൾട്ടിന്റെ പിന്മാറ്റത്തോടെ ആതിഥേയരായ ബ്രിട്ടൻ റിലേയിൽ സ്വർണമിഞ്ഞു. 37.47 സെക്കൻഡിൽ ഓടിയെത്തിയതാണ് ബ്രിട്ടന്റെ സ്വർണം നേട്ടം.

100 മീറ്ററിലെ സ്വർണ, വെള്ളി മെഡൽ ജേതാക്കളെ അണിനിരത്തിയ അമേരിക്ക 37.52 സെക്കൻഡിൽ വെള്ളി നേടി. 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലം നേടി. വനിതാ വിഭാഗം 4-100 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്ക സ്വർണം നേടി. ആതിഥേയരായ ബ്രിട്ടൻ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി.

വിടവാങ്ങൽ മൽസരത്തിൽ ബോൾട്ടിനും ടീമിനും സ്വർണം ഉറപ്പെന്ന് വിധിയെഴുതിയ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടാണ് മത്സരം അവസാനിച്ചത്. വിധി സൂപ്പർതാരത്തിനായി കരുതിവച്ചത് തീർത്തും അപ്രതീക്ഷിതമായൊരു വിടവാങ്ങലായിരുന്നു. അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കൻ ടീം. ബോൾട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയർത്തി കുതിക്കുന്നു.

ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയിൽ ബോൾട്ട് സ്വർണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ആരാധകർ കാത്തിരിക്കവെ, പ്രതീക്ഷയ്‌ക്കൊത്ത് ബോൾട്ട് കുതിക്കാനാരംഭിച്ചു. എന്നാൽ, അൽപദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടിയതോടെ ആരാധകരുടെ മനസിൽ വെള്ളിടി വെട്ടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങൾ മെഡലിലേക്ക് ഓടിക്കയറുമ്പോൾ ബോൾട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു. ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്‌ത്തി ബോൾട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികൾക്ക് നൊമ്പര കാഴ്‌ച്ചയായി.

കരിയറിലെ അവസാന മൽസരത്തിനിറങ്ങിയ ഉസൈൻ ബോൾട്ടിന്റെ മികവിലാണ് ജമൈക്ക ഫൈനലിൽ കടന്നത്. സീസണിൽ തങ്ങളുടെ ഏറ്റവും മികച്ച സമയം (37.95 സെക്കൻഡ്) കുറിച്ചാണ് ജമൈക്ക സെമിഫൈനൽ ഹീറ്റ്‌സിൽ ഒന്നാമതെത്തിയത്. അവസാന ലാപ്പ് ഓടിയ ബോൾട്ട് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ഫ്രാൻസ്, ചൈന എന്നിവരാണ് പിന്നിലായത്. ഈ വർഷത്തെ മികച്ച സമയം കുറിച്ചാണ് അമേരിക്കയും ഫൈനലിലെത്തിയത്. 100 മീറ്ററിൽ ബോൾട്ടിനു മുന്നിൽ വെള്ളി നേടിയ ക്രിസ്റ്റ്യൻ കോൾമാൻ ഉൾപ്പെട്ട ടീം 37.70 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി. 37.76 സെക്കൻഡോടെ രണ്ടാമതെത്തിയ ബ്രിട്ടനൊപ്പം ഫ്രാൻസ് (38.03), ചൈന (38.20), ജപ്പാൻ (38.21), തുർക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിൽ മാറ്റുരയ്ക്കാനെത്തി.

എന്നാൽ, ഫൈനലിൽ ജമൈക്കൻ ടീമിനെ കാത്തിരുന്നത് തീർത്തും നിരാശ നിറഞ്ഞ കാര്യമായിരുന്നു. മെഡലുകൾ വാരിക്കൂട്ടി, ഒരു റെക്കോർഡിൽ നിന്ന് അടുത്തതിലേക്ക് ഓടിക്കയറിയ ബോൾട്ട് ട്രാക്കിലെ ആരവങ്ങൾക്ക് നടുവിൽ ഇനിയുണ്ടാകില്ലെന്ന യാഥാർഥം അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ആരാധകർ പൊട്ടിക്കരയുകയായിരുന്നു.

നേരത്തെ നൂറ് മീറ്റർ ഫൈനലിലു ബോൾട്ട് ദുരന്തമായി മാറുകയായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച സ്പ്രിന്റർ ജമൈക്കയുടെ ഉസൈൻ ബോൾട്ട് 100 മീറ്ററിൽ തന്റെ അവസാന പോരാട്ടത്തിൽ തോറ്റിരുന്നു. അമേരിക്കയുടെ ജസ്റ്റിൻ ഗാട്ലിനു മുന്നിൽ പതറിയ ബോൾട്ട് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. 9.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗാട്ലിൻ ഒന്നാമതെത്തിയത്. ബോൾട്ടിനു ഫിനിഷ് ചെയ്യാൻ വേണ്ടി വന്നത് 9.95 സെക്കൻഡും. 9.94 സെക്കൻഡിൽ ഓടിയെത്തിയ അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ കോൾമാനാണ് വെള്ളി. കഴിഞ്ഞ രണ്ട് ലോകചാമ്പ്യൻഷിപ്പുകളിലും ഗാട്ലിനെ തറപറ്റിച്ച ബോൾട്ട് അവസാന മത്സരത്തിൽ വീഴുകയായിരുന്നു. തുടക്കം പതറിയതാണ് ബോൾട്ടിനു വിനയായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP