Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറും 21 കിലോ മാത്രം ഭാരം വെച്ച് ട്രാക്കിൽ നഗ്നപാദയായി ഓടി ആദ്യ നേട്ടം കൊയ്തു; ഇല്ലായ്മയോടു പടവെട്ടി ട്രാക്കിൽ മിന്നൽ പോരാട്ടം കാഴ്‌ച്ച വച്ച വേഗതയുടെ 'ചിത്രശലഭത്തിന്' രാജ്യത്തിന്റെ നിറകയ്യടി; ജോലിയെന്ന സ്വപ്‌നം റെയിൽവേയിലെ ക്ലാർക്ക് എന്ന പദവി വഴി സ്വന്തമായെങ്കിലും തന്നെ വളർത്തിയ ട്രാക്കിനെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു; ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കം സ്വന്തമാക്കിയ പി.യു ചിത്രയെന്ന പടക്കുതിര ഇനിയും കുതിക്കും

വെറും 21 കിലോ മാത്രം ഭാരം വെച്ച് ട്രാക്കിൽ നഗ്നപാദയായി ഓടി ആദ്യ നേട്ടം കൊയ്തു; ഇല്ലായ്മയോടു പടവെട്ടി ട്രാക്കിൽ മിന്നൽ പോരാട്ടം കാഴ്‌ച്ച വച്ച വേഗതയുടെ 'ചിത്രശലഭത്തിന്' രാജ്യത്തിന്റെ നിറകയ്യടി; ജോലിയെന്ന സ്വപ്‌നം റെയിൽവേയിലെ ക്ലാർക്ക് എന്ന പദവി വഴി സ്വന്തമായെങ്കിലും തന്നെ വളർത്തിയ ട്രാക്കിനെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു; ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കം സ്വന്തമാക്കിയ പി.യു ചിത്രയെന്ന പടക്കുതിര ഇനിയും കുതിക്കും

മറുനാടൻ ഡെസ്‌ക്‌

ദോഹ: വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ട്രാക്കിൽ വേഗതയുടെ അഗ്നിയായി ജ്വലിച്ചപ്പോൾ മലയാളക്കരയിൽ നിന്നും ഭാരതത്തിന്റെ അഭിമാനമായി മാറിയ പി.യു ചിത്രയെന്ന മിടുമിടുക്കി ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കമാണ് നേടിയത്. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ 4.14.56 സെക്കണ്ടിൽ ഫിനിഷ് ചെയ്ത ചിത്ര ഒന്നാം സ്ഥാനം കരങ്ങളിൽ ഉയർത്തി ഇന്ത്യയ്ക്കായി ഒരു സ്വർണ മെഡൽ കൂടി നേടിയിരിക്കുന്നു. അവസാന മുന്നൂറ് മീറ്ററിലെ കുതിപ്പ് വഴി ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വർണം നേടിയ ചിത്രയ്ക്ക് ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4: 13:58 സെക്കണ്ട് എന്ന റെക്കോർഡ് ആവർത്തിക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമായിരുന്നു ഒരു ചെറിയ കുറവ്.

എന്നാൽ പോരാട്ട വീര്യത്തിന്റെ തീച്ചൂളയിൽ ചിത്ര നേടിയെടുത്ത സ്വർണത്തിന് ചെങ്കനലിന്റെ തിളക്കമുണ്ട്. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വർണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കൻഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ചിത്രയെന്ന കൊച്ചുമിടുക്കിയുടെ ജീവിതം തന്നെ നോക്കിയാൽ നിലനിൽപിനായുള്ള ഓട്ടമായിരുന്നു ഓരോ ദിനവും താരം നടത്തിയിരുന്നത്.

പതിനൊന്ന് വർഷം മുൻപാണ് ചിത്രയെന്ന ട്രാക്കിലെ മിന്നൽ പിണരിനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 2008 നവംബർ 27ന് മുട്ടികുളങ്ങര കെ.എ.പി മൈതാനത്ത് നടന്ന റവന്യു ജില്ലാ സ്‌കൂൾ മീറ്റിലാണ് മുണ്ടൂർ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആ പെൺകുട്ടി ട്രാക്കിൽ വിസ്മയം തീർത്തത്. 1500 മീറ്ററിൽ പറളിയുടെ അന്തർദേശീയ താരം വി.വി ശോഭയെ വിസ്മയിപ്പിക്കുന്ന വേഗം കൊണ്ട് തോൽപിച്ച ആ നാലരയടി ഉയരക്കാരിക്ക് നിറ കണ്ണുകളോടെ അന്ന് മലയാളക്കര കൈയടി നൽകി. 3000 മീറ്ററിലും 800 മീറ്ററിലും വിജയം കൊയ്ത ശോഭ അന്ന് 1500 മീറ്റർ മത്സരത്തിന്റെ ആദ്യ ലാപിലും മുന്നിലായിരുന്നു. എന്നാൽ രണ്ടാം ലാപു മുതൽ വീറോടെ മുന്നേറിയ ആ മെലിഞ്ഞ പെൺകുട്ടിയെ കാണികൾ ശ്രദ്ധിക്കാൻ തുടങ്ങിയ സെക്കണ്ട് മുതലുള്ള കരഘോഷങ്ങൾ അവളുടെ മുന്നേറ്റത്തിന് ഇന്ധനമായി മാറി.

ട്രാക്കിൽ മിന്നൽപിണരിനെ തോൽപിക്കുന്ന വേഗത്തിൽ അവൾ പാഞ്ഞു. മുന്നിലുള്ളത് മത്സരമല്ല താൻ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ജീവിതമാണ് എന്ന ചിന്തയിൽ പാഞ്ഞ ചിത്ര തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച വിജയ നിമിഷത്തെ അന്ന് സൃഷ്ടിച്ചെടുത്തു. വെറും 21 കിലോ മാത്രം ഭാരമുണ്ടായിരുന്ന ആ 22കാരിക്ക് സ്‌പൈക്ക് ധരിക്കാൻ സാധിച്ചിരുന്നില്ല. നഗ്നപാദയായി ഓടിയ ആ പാച്ചിൽ വെറുതേയായില്ല. കായിക ലോകത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആ ചിത്രശലഭം പറന്നുയരുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിന് മുൻപ് ചിത്രയെ വാർത്തകളിൽ നിറച്ച മത്സരമായിരുന്നു 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്ക് മീറ്റ്.

മത്സരത്തിന്റെ ആരംഭം മുതൽ അഞ്ചാമതായിരുന്ന ചിത്ര മത്സരം അവസാനിക്കാൻ 200 മീറ്റർ മാത്രം ദൂരം മുന്നിൽ നിന്ന വേളയിൽ മിന്നൽ പിണർ തോൽക്കുന്ന വേഗതയിൽ ട്രാക്കിൽ പാഞ്ഞു. രണ്ടാമത്തെ രാജ്യാന്തര സ്വർണം നേടി ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടിയ ആ വിജയ നിമിഷം ഇന്നും കായിക പ്രേമികൾ മറന്നിട്ടില്ല. ബഹ്‌റൈനിന്റെയും ചൈനയുടേയും താരങ്ങളുടെ വരെ വേഗതയെ നിമിഷ നേരം കൊണ്ട് തോൽപിച്ച് മുന്നേറുന്ന ചിത്രയെന്ന പ്രതിഭ കടന്നു വന്ന വഴി കനലിൽ തീർത്ത പാതയാണ്. മുണ്ടൂർ ഹൈസ്‌കൂളിൽ തന്റെ കായിക അദ്ധ്യാപകനായിരുന്നു എൻ.എസ് സിജിന്റെ ശിക്ഷണത്തിൽ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചിത്ര 2009 മുതൽ തുടർച്ചയായി അഞ്ചുവർഷം 1,500ൽ സംസ്ഥാന, ദേശീയ സ്‌കൂൾ മീറ്റുകളിൽ ജേതാവാണ് ചിത്ര. 3,000, 5,000 മീറ്ററുകളിലും ജേതാവാണ്.

2013ലെ ഏഷ്യൻ സ്‌കൂൾ അത്‌ലറ്റിക്‌സിൽ 1,500ൽ സ്വർണം, രണ്ടുതവണ അന്തർ സർവകലാശാലാ മീറ്റിൽ ജേതാവ്, കഴിഞ്ഞ സാഫ് ഗെയിംസിൽ സ്വർണം. ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ തന്റെ ഏറ്റവുംമികച്ച സമയവുമായി (4മിനിറ്റ് 17.92 സെക്കൻഡ്) സ്വർണവും നേടി. ചിത്രയുടെ വീട്ടിലേക്ക് നടപ്പുവഴി മാത്രമുള്ളപ്പോഴാണ് യു.പി.യിൽ നടന്ന ദേശീയസ്‌കൂൾ മീറ്റിൽ മികച്ചതാരത്തിനുള്ള നാനോ കാർ ലഭിക്കുന്നത്. കാർ നാട്ടിലെത്തുന്നതിനുമുമ്പേ നാട്ടുകാർചേർന്ന് അതിവേഗം റോഡ് നിർമ്മിച്ചിരുന്നു. സ്ഥലം എംഎ‍ൽഎ.യായ വി എസ്. അച്യുതാനന്ദൻ റോഡിന് പണവും അനുവദിച്ചിരുന്നു.

കൂലിപ്പണിയെടുത്ത് തന്നെ പോറ്റി വളർത്തിയ അച്ഛനമ്മമാർ

വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴും ചിത്ര ഇപ്പോഴും സ്മരിക്കുന്നത് തന്റെ അച്ഛനമ്മമാരുടെ കഷ്ടപ്പാടാണ്. വിജയത്തിന്റെ കൊടുമുടി കീഴടക്കുമ്പോഴും അതിന്റെ തിളക്കം മുഴുവനും അവർക്ക് സമർപ്പിക്കുകയാണ് താരം. പ്രോത്സാഹനത്തോടൊപ്പം മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണ് മകൾക്ക് വേണ്ടതെന്ന തിരിച്ചറിവ് മാതാപിതാക്കളെ ഒരുകാലത്ത് ആശങ്കപ്പെടുത്തിയിരുന്നത് എന്ന കാര്യം നാം മാധ്യമങ്ങളിലൂടെ മുൻപ് നിറകണ്ണുകളോടെ വായിച്ച വാർത്തകളാണ്.

2017ൽ ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ 44 വർഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞപ്പോൾ അതിൽ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്. മകളുടെ മുഖം ടിവിയിൽ തെളിഞ്ഞപ്പോൾ ആ അമ്മയുടെ ഉള്ളു പിടഞ്ഞു. അന്ന് ആ അമ്മയുടെ കരച്ചിലിനൊപ്പം മലയാളക്കരയും തേങ്ങിയിരുന്നു. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ മകൾക്ക് വേണ്ടതെല്ലാം നൽകാൻ മത്സരിച്ചപ്പോൾ ഒഡീഷയിലെ കലിംഗത്തിൽ ഈ പാലക്കാട്ടുകാരി അന്ന് നടത്തിയത് യഥാർത്ഥത്തിൽ കലിംഗ യുദ്ധം തന്നെയായിരുന്നെന്നു വേണം പറയാൻ. ഒന്നും ഇല്ലായ്മയിൽ നിന്നാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി.

1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ സ്വർണ മെഡൽ നേട്ടം ഇതാദ്യമായല്ല. കേരള സംസ്ഥാന സ്‌കൂൾ കായിക മേളയിലും ദേശിയ സ്‌കൂൾ കായിക മേളയിലുമായി മുൻപ് ആറ് വട്ടം സ്വർണ മെഡൽ നേടിയിട്ടുണ്ട്. സ്‌കൂൾ മീറ്റിലെ മികച്ച പ്രകടനത്തിന് യുപി സർക്കാരും കേരള സർക്കാരും നാനോ കാർ സമ്മാനമായി നൽകിയും ചിത്രയെ ആദരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ വസന്തകുമാരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ചിത്ര.

ജോലിയെന്ന സ്വപ്‌നം പൂവണിഞ്ഞത് റെയിൽവേയിലെ നിയമനത്തിലൂടെ

കായികതാരം പി.യു. ചിത്ര ഇനി റെയിൽവേ ജീവനക്കാരിയായി എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് കേരളം ഏതാനും മാസങ്ങൾക്ക് മുൻപ് കേട്ടത്. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ ഓഫീസിൽ സീനിയർ ക്ലാർക്കായിട്ടായിരുന്നു ചിത്രയുടെ നിയമനം. നിയമനോത്തരവ് ഡി.ആർ.എം. പ്രതാപ് സിങ് ഷമി ചിത്രയ്ക്ക് കൈമാറി. ഇതിനിടെ ഒളിമ്പ്യൻ പ്രീജാ ശ്രീധരൻ അഭിനന്ദനവുമായെത്തിയിരുന്നു.

കേരളത്തിനും രാജ്യത്തിനുംവേണ്ടി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടും ഏറെക്കാലമായി ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സ്‌കൂൾ അത്‌ലറ്റിക് മീറ്റിലൂടെ കായികരംഗത്ത് ശ്രദ്ധനേടിയ ചിത്ര പടിപടിയായി അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്നു. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടി.

ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  1500 മീറ്ററിൽ സ്വർണം നേടിയ പി യു ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ദോഹയിൽ നാല് മിനിറ്റ് 14.56 സെക്കൻഡിലാണ് മലയാളിതാരം ദൂരം പൂർത്തിയാക്കിയത്. തുടർച്ചയായി രണ്ട് ഏഷ്യൻ മീറ്റുകളിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ചിത്ര. ലോക ചാമ്പ്യൻഷിപ്പിനും ചിത്ര യോഗ്യത നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP