Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിഹാസ ശരങ്ങൾക്ക് മുൻപിൽ ദ്യുതി മറുപടി നൽകിയത് ട്രാക്കിൽ വിജയക്കൊടി പാറിച്ച് ; ആണോ പെണ്ണോ എന്ന് തെളിയിക്കാൻ ഡോക്ടർമാരുടെ വഷളൻ ചോദ്യങ്ങൾക്ക് മുന്നിലും പരിശോധനയ്ക്ക് മുന്നിലും തളർന്നു പോയ ദിനങ്ങൾ മുതലുള്ള വാശി; ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ മിന്നൽ വേഗത്തിൽ വെള്ളി നേടിയ ദ്യുതിയുടെ കഥ ഇങ്ങനെ

പരിഹാസ ശരങ്ങൾക്ക് മുൻപിൽ ദ്യുതി മറുപടി നൽകിയത് ട്രാക്കിൽ വിജയക്കൊടി പാറിച്ച് ; ആണോ പെണ്ണോ എന്ന് തെളിയിക്കാൻ ഡോക്ടർമാരുടെ വഷളൻ ചോദ്യങ്ങൾക്ക് മുന്നിലും പരിശോധനയ്ക്ക് മുന്നിലും തളർന്നു പോയ ദിനങ്ങൾ മുതലുള്ള വാശി; ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ മിന്നൽ വേഗത്തിൽ വെള്ളി നേടിയ ദ്യുതിയുടെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത : ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ പോരാട്ട വീര്യം കൈവിട്ട് പോകാതെ ദ്യുതി ഓടിയത് ജീവിത വിജയം പിടിച്ചടക്കാനായിരുന്നു. അവിടെ ഗ്യാലറിയിലെ അഭിനന്ദനാരവങ്ങളായിരുന്നില്ല നാലു വർഷം മുൻപ് താൻ അനുഭവിച്ച അപമാന ശരങ്ങളായിരുന്നു ആ വിജയ പ്രയാണത്തിന് ഇന്ധനമായി നിലനിന്നത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഡോക്ടർമാർ തുണിയുരിയുന്ന രീതിയിലുള്ള ചോദ്യങ്ങൾ തന്നോട് ചോദിച്ചപ്പോഴും ആണോ പെണ്ണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തിയപ്പോഴും താൻ അനുഭവിച്ച ഇരട്ടി വേദന എന്തായിരുന്നുവെന്ന് ദ്യുതി ഓരോ നിമിഷവും ഓർത്തുകൊണ്ടിരുന്നു. ആ തീജ്വാലയാണ് ദ്യുതിയെ വിജയത്തിലേക്ക് കുതിച്ചു കയറാൻ സഹായിച്ചത്. തന്നിലുള്ളത് പെണ്ണിന്റെയല്ല, ആണിന്റെ അംശങ്ങളാണ് കൂടുതലെന്ന് അവർ വിധിയെഴുതി. തന്റെ ജീവശ്വാസമായ ട്രാക്കിന്റെ വാതിൽ എന്നന്നേക്കുമായി അവർ അടച്ചു. സ്പോർട്സ് അഥോറിറ്റിയുടെ മുന്നിൽ തളർന്നു പോയ ആ മനസിലെ അണയാത്ത കനലായിരുന്നു ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ആളിക്കത്തിയത്. വേദനകൾക്ക് മറുപടിയായി ദ്യുതി മിന്നിൽ വേഗത്തിൽ ട്രാക്കിലൂടെ ഓടി.


ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന 2014ലായിരുന്നു അത്. 2013 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി, ലോക യൂത്ത് ചാമ്പ്യൻഷിപ്പിന്റെ സ്പ്രിന്റ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി സ്വന്തമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ വാഴുന്ന കാലം. ഈ പതിനെട്ടുകാരിയിൽ ഇന്ത്യ ഒരു ഒളിമ്പിക് സ്പ്രിന്റ് മെഡൽ സ്വപ്നം കണ്ട കാലം. യൂജിനിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് സ്പൈക്സ് കെട്ടി ഒരുങ്ങുന്ന കാലം. ഗ്ലാസ്ഗോയിൽ കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങാൻ നിർദ്ദേശം ലഭിച്ച കാലം.ഈ സ്വപ്നങ്ങളെ തന്റെ കാലുകളിൽ വേഗതയായി നിറച്ച് കഴിയുന്ന കാലത്താണ് ഒരു ദിവസം പെട്ടന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നൊരു കത്ത് വരുന്നത്. ഉടനെ ബെംഗളൂരുവിൽ പരിശോധനയ്ക്ക് എത്തണം. അസാധാരണമായ ഈ ഉത്തരവ് കണ്ട് ദ്യുതി ഒന്ന് ഞെട്ടി. പതിവ് ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പകരമുള്ള ഈ പരിശോധന എന്തിനെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല ദ്യുതിക്ക്. എന്നാൽ, തന്നെ കാത്തിരിക്കുന്നത് ജീവിതത്തിലെ കറുത്ത ദിനങ്ങളാണെന്ന് ദ്യുതി അറിഞ്ഞിരുന്നില്ല.

ഇതിനെക്കുറിച്ച് ദ്യുതി തന്നെ പിന്നീട് മനസ്സ് തുറന്നിരുന്നു. ഒരു പുരുഷ ഡോക്ടർ എന്നെ എല്ലാ അർഥത്തിലും അപമാനിക്കുകയായിരുന്നു. എന്റെ ശരീരത്തിലെ രോമങ്ങളെക്കുറിച്ചും മാസമുറയെക്കുറിച്ചും ശസ്ത്രക്രിയയുടെ ചരിത്രത്തെക്കുറിച്ചും എന്റെ വിനോദങ്ങളെക്കുറിച്ചുമെല്ലാം മോശമായ രീതിയിൽ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഒരു സംഘം ഡോക്ടർമാർ എന്റെ ജനനേന്ദ്രിയത്തിൽ വിശദമായ പരിശോധന നടത്തി. എല്ലാം സഹിച്ച്, വേദനയും അപമാനവും കടിച്ചമർത്തി സഹിക്കാതെ മറ്റ് പോംവഴികളുണ്ടായിരുന്നില്ല എനിക്ക്. എന്നാൽ, ദ്യുതിയെ എല്ലാ അർഥത്തിലും ഞെട്ടിച്ചത് ഈ പരിശോധനകളുടെ ഫലമായിരുന്നു. സായിയുടെ സയന്റിഫിക് ഓഫീസർ ഡോ. എസ്.ആർ. സരള തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ദ്യുതിക്ക് കോമൺവെൽത്ത് ഗെയിംസിൽ മാറ്റുരയ്ക്കാനാവില്ല. കാരണം, ദ്യുതിയിൽ സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകളായിരുന്നു കൂടുതൽ. ഒരുപാട് കാലം സ്വപ്നം കണ്ട കോമൺവെൽത്ത് ഗെയിംസിന് പത്ത് ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഇത്.

റിപ്പോർട്ടിലെ ഫലം വിശ്വസിക്കാൻ കഴിഞ്ഞില്ല ദ്യുതിക്ക്. പുരുഷ ഹോർമോണോ... അതെങ്ങനെ... ദ്യുതി ചോദിച്ചു. എന്തിനാണ് പരിശോധനയുടെ ഉദ്ദേശ്യം എന്താണെന്ന് അതിന് വിധേയയായ ആളെ അറിയിക്കുക എന്ന സാമാന്യമര്യാദ പോലും സായി പാലിച്ചില്ല എന്നതാണ് അത്ഭുതം.ഇതിന് മുൻപ് അത്ലറ്റിക് ഫെഡറേഷനും ദ്യുതിയെ സമാനമായ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡോ. അരുൺ കുമാർ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു പരിശോധന നടത്തിയത്. എന്തെങ്കിലും രോഗം ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു പരിശോധന എന്നായിരുന്നു വിശദീകരണം. രക്തപരിശോധന നടത്തി, അൾട്രാ സൗണ്ട് സ്‌കാൻ ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ അത്ലറ്റിക് ഫെഡറേഷനാണ് സായിയോട് രേഖാമൂലം ഇത്തരമൊരു പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. എന്തായാലും പരിശോധനയ്ക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ദ്യുതിയുടെ പേര് വെട്ടിമാറ്റപ്പെട്ടു. ലോകവേദിയിൽ ഇന്ത്യയുടെ മാനം പോകാതിരിക്കാനെന്ന അത്ലറ്റിക് ഫെഡറേഷന്റെ വാദം അതിനെ സാധൂകരിക്കുകയും ചെയ്തു.

ദ്യുതി ലിംഗ പരിശോധനയിൽ പരാജയപ്പെട്ടു എന്നായിരുന്നു സായി ആദ്യം വാർത്താക്കുറിപ്പ് ഇറക്കിയത്. അബദ്ധം തിരിച്ചറിഞ്ഞ അന്നത്തെ സായി ഡയറക്ടർ ജനറൽ ജിജി തോംസൺ ഉടനെ തിരുത്തി. ലിംഗ പരിശോധനയല്ല, ശരീരത്തിലെ ആൻഡ്രോജന്റെ അളവ് പരിശോധിക്കുക മാത്രമാണുണ്ടായത് എന്നായിരുന്നു രണ്ടു ദിവസത്തിനുശേഷമുള്ള തിരുത്ത്. ആൻഡ്രോജന്റെ അളവ് കുറച്ചാൽ വേണമെങ്കിൽ പെണ്ണുങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാമെന്നൊരു ഔദാര്യവും.അപ്പൊഴേയ്ക്കും വൈകി. ഒരു പതിനെട്ടുകാരിയുടെ സ്വകാര്യത പൊതുജനമധ്യത്തിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. അവളുടെ വ്യക്തിത്വം പിച്ചിച്ചീന്തപ്പെട്ടു. രാജ്യത്തിന് മെഡൽ സമ്മാനിക്കാനായി ഊണുമുറക്കവും ഉപേക്ഷിച്ച് കഠനമായി പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തംവിട്ടു. ആദ്യം ഉത്തേജക മരുന്ന് പരിശോധനയാണെന്ന് വിചാരിച്ചു. പിന്നെ എല്ലാവരുടെയും ചർച്ച അവളുടെ ലിംഗത്തെക്കുറിച്ചായി. മാനസികമായി തളരാൻ അതു തന്നെ ധാരാളമായിരുന്നു.

പെൺകുട്ടിയല്ല, താനൊരു ആണാണെന്ന് വിധിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തോറ്റു കൊടുക്കാൻ ഒരുക്കമായിരുന്നില്ല അവൾ. അന്താരാഷ്ട്ര അതലറ്റിക് ഫെഡേറേഷനെ സമീപിച്ചു. സ്പോർട്സിന്റെ പരമോന്നത നീതിപീഠമായ അപ്ലെറ്റ് ട്രിബ്യൂണലിൽ തന്റെ നിരപരാധിത്വം നിരത്തി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സി.എ.എസ്) ദ്യുതിക്കൊപ്പം നിന്നു. ദ്യുതിയെ ലിംഗപരിശോധനയ്ക്ക് വിധേയമാക്കിയതിനെ നഖശിഖാന്തം വിമർശിച്ചു. അത് അപമാനകരമാണെന്ന് വിധിച്ചു. അങ്ങനെ ദ്യുതി വീണ്ടും ട്രാക്കിലെത്തി. തന്നെ അപമാനിച്ചവർക്ക് മുന്നിൽ തന്നെ രാജ്യത്തിന് അഭിമാനമായി തിളങ്ങുന്നൊരു വെള്ളി മെഡൽ സമ്മാനിക്കുകയും ചെയ്തു.അത്രയെളുപ്പം ആർക്കും തോറ്റു കൊടുക്കുന്നതല്ല ദ്യുതിയുടെ പ്രകൃതം. എല്ലാ അർഥത്തിലും തീയിൽ കുരുത്തവളാണ് അവൾ. സമ്പന്നതയിലല്ല, ദാരിദ്ര്യത്തെ ഓടിത്തോൽപിച്ചാണ് അവൾ വളർന്നത്.

ട്രാക്ക് സ്യൂട്ട് വാങ്ങാൻ കാശില്ലാത്തതിനാൽ കുട്ടിയുടുപ്പും ധരിച്ചാണ് അവൾ വർഷങ്ങളോളം ഓടി സമ്മാനങ്ങൾ നേടിയത്. ആറ് പെൺമക്കളും ഒരു മകനുമുള്ള ചക്രധർ എന്ന നെയ്ത്തുകാരന് മകൾക്കു വേണ്ടതൊന്നും വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. നെയ്ത്തുശാലയിൽ എത്ര വിയർത്താലും ദിവസവും ഒരു നൂറു രൂപ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. വൈകി വീട്ടിലെത്തുമ്പാൾ വിശന്ന വയറുമായി അച്ഛൻ കൊണ്ടുവരുന്ന ഭക്ഷണം കാത്തിരിക്കുന്ന മക്കളുടെ ദയനീയമായ മുഖമായിരുന്നു അയാളുടെ മനസ്സിൽ. കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയാണ് അയാൾ മക്കളുടെ വയറു നിറഞ്ഞത്. വീട്ടിൽ ആകെയുണ്ടായിരുന്നത് മങ്ങിക്കത്തുന്നൊരു ബൾബ്. അതിന്റെ ഇത്തിരിവെട്ടത്തിൽ ഇരുന്ന് വേണം എല്ലാവർക്കും പഠിക്കാനും കഴിക്കാനും. ചക്രധർ കൊണ്ടുവരുന്ന സാധനങ്ങൾ ഭാര്യ അഖുജി പാകം ചെയ്തു വരുമ്പൊഴേയക്കും പാതിരാത്രിയാവും.ഇവരെ അയൽക്കാരൊന്നും വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ ക്ഷണിക്കാറില്ലായിരുന്നു. പക്ഷേ, ബാക്കി വരുന്ന ഭക്ഷണം കൃത്യമായി കാലത്തു തന്നെ വീട്ടിലെത്തിക്കും. അപമാനിതരായെങ്കിലും ഇത് കഴിക്കാതെ വേറെ തരമില്ലായിരുന്നു അവർക്ക്.

ഇല്ലായ്മയും പട്ടിണിയും അതിനേക്കാളേറെ അപമാനവും സഹിച്ച് മടുത്ത മൂത്ത സഹോദരി സരസ്വതിയാണ് ഓടാനും അതുവഴി ഒരു പുതിയ ജീവിതവും കണ്ടെത്താൻ ദ്യുതിയെ പ്രേരിപ്പിച്ചത്. ഓടി പരിശീലിക്കുന്ന പെൺകുട്ടികളെ അത്ര പിടിച്ചില്ല നാട്ടുകാർക്ക്. അവർ കുട്ടിയുടുപ്പും ട്രൗസറുമൊക്കെ ഇടുന്നതും രസിച്ചില്ല. പക്ഷേ, അവർ തളർന്നില്ല. ബ്രാഹ്മണി നദിക്കരയിലെ കൂർത്ത കല്ലുകളുള്ള നാട്ടുപാതയിൽ അവർ ഓട്ടം തുടർന്നു.അതിനിടയ്ക്ക് സരസ്വതിക്ക് പൊലീസിൽ ജോലി ലഭിച്ചു. മറ്റുള്ളവരുടെ സ്ഥിതി അപ്പോഴും ദയനീയം തന്നെ. എട്ടാം വയസ്സിൽ കട്ടക്കിലുള്ള ചേച്ചിയെ കാണാൻ ഒറ്റയ്ക്ക് പോയ ചരിത്രമുണ്ട് ദ്യുതിക്ക്. ഒളിച്ചോടുകയാണെന്ന് പറഞ്ഞ് ബസുകാർ ഇറക്കിവിട്ടു. അന്ന് അവളൊരു തീരുമാനമെടുത്തു. ഇനി എങ്ങോട്ടും ഒറ്റയ്ക്കേ യാത്രയുള്ളൂ. അത് ഇന്നും തുടരുകയാണ് ദ്യുതി. 2006-ൽ സർക്കാരിന്റെ കായിക വികസന പദ്ധതിയുടെ കീഴിൽ പരിശീലനം ആരംഭിച്ചതോടെ കഥ മാറി. അവളുടെ കഴിവ് ലോകമറിഞ്ഞു. കിട്ടിയ അവരങ്ങളൊന്നും അവൾ പാഴാക്കിയില്ല. കുഞ്ഞുവീട്ടിലേയ്ക്ക് മെഡലുകൾ വന്നുകൊണ്ടിരുന്നു. സ്‌കൂളും ഗ്രാമവും സംസ്ഥാനവും വിട്ട് അവൾ രാജ്യത്തോളം വളർന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പെണ്ണായി മാറി. ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP